സ്വകാര്യവാഹനങ്ങളുടെ ഉപയോഗംകൂടിയ കാലഘട്ടമായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷം. കോവിഡ് തന്നെ ഇതിനുകാരണം. പൊതുവാഹനങ്ങള്‍ ഓട്ടം നിര്‍ത്തുകയും പൊതുവാഹനങ്ങളില്‍ കയറാന്‍ ജനം മടിക്കുകയും ചെയ്തതോടെ പലരും മുന്‍പെടുത്തുവെച്ച ഡ്രൈവിങ് ലൈസന്‍സുകള്‍ പൊടിതട്ടിയെടുത്തു. മറ്റുള്ളവരാവട്ടെ, ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് സ്വന്തമാക്കി വാഹനം നിരത്തിലിറക്കിത്തുടങ്ങി.

വാഹനങ്ങള്‍ റോഡില്‍ കുറഞ്ഞകാലത്ത് ആത്മവിശ്വാസത്തോടെ ബ്രേക്കിലും ക്ലച്ചിലും ആക്‌സിലറേറ്ററിലും കാലുകള്‍ മാറിയമര്‍ത്തി ലക്ഷ്യസ്ഥാനത്തെത്തി. സ്വകാര്യ വാഹനനിര്‍മാതാക്കള്‍ക്ക് ഇത് വിപണിയുടെ കുതിപ്പിന്റെ കാലഘട്ടമായിരുന്നു. രണ്ടാംഘട്ട ലോക്ഡൗണ്‍ എന്നാല്‍, സ്ഥിതിയൊക്കെ മാറ്റി. കോവിഡുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധി വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്നും ജനങ്ങളെ പിന്നോട്ടടിപ്പിച്ചു. അത് യൂസ്ഡ് കാര്‍ വാഹനവില്പനയെയും ബാധിച്ചു. വിപണി ഇപ്പോള്‍ സഡണ്‍ ബ്രേക്കിട്ട് നില്പാണ്. ലോക്ഡൗണ്‍ നീങ്ങുന്ന നാളുകളിലാണ് വ്യാപാരികളുടെ പ്രതീക്ഷ.

കോവിഡ് യൂസ്ഡ് കാര്‍ വിപണിക്ക് കുതിപ്പുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തലെങ്കിലും അപ്രതീക്ഷിതമമായുണ്ടാക്കിയ ലോക്ഡൗണ്‍ ഈ മേഖലയെ വല്ലാതെ തളര്‍ത്തി. മേയ് നാലിനായിരുന്നു ഈ വര്‍ഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരാഴ്ച ലോക്ഡൗണുണ്ടാവുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നെയും നീണ്ടു. എത്തിയ വാഹനങ്ങള്‍ വില്പന നടത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചില്ല. ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തിയ വാഹനങ്ങളുടെ ബ്രേക്ക് ജാം, ഏറെക്കാലമായി വാഹനങ്ങള്‍ ഉപയോഗിക്കാത്തതുമൂലം ബാറ്ററിക്കുണ്ടാവുന്ന തകരാര്‍ എന്നിവയൊക്കെ യൂസ്ഡ് കാര്‍ വ്യാപാരത്തിന് വലിയ തിരിച്ചടിയാവും. ഇങ്ങനെയുണ്ടാവുന്ന തകരാറുകള്‍ പരിഹരിച്ചുമാത്രമേ വാഹനങ്ങള്‍ വില്ക്കാനും സാധിക്കൂ.

നേരത്തേ വിറ്റഴിഞ്ഞത് 400 കാറുകള്‍ വരെ

കണ്ണൂര്‍ ജില്ലയില്‍ വിവിധ ഡീലര്‍മാരുടേതായി ഒരുമാസം 300 മുതല്‍ 400 വരെ യൂസ്ഡ് കാറുകള്‍ വില്പന നടത്തുന്നുണ്ടെന്നാണ് കണക്ക്. കണ്ണൂര്‍ ടൗണില്‍ മാത്രം 15-ഓളം യൂസ്ഡ് കാര്‍ ഡീലര്‍മാരുണ്ട്. പ്രമുഖ നിര്‍മാതാക്കളുടെ യൂസ്ഡ് കാര്‍ഷോറൂമുകളില്‍ 20 മുതല്‍ 25വരെ ജീവനക്കാരുണ്ട്. കമ്പനി നല്‍കുന്ന വരുമാനത്തിനുപുറമേ വാഹനങ്ങള്‍ വിറ്റ് ലഭിക്കുന്ന ഇന്‍സെന്റീവായിരുന്നു ഇവരുടെ ജീവിതം പച്ചപിടിപ്പിച്ചത്.

എന്നാല്‍, ഇപ്പോള്‍ അതൊക്കെ ഇല്ലാതായി. ഒരു മാസം 40 മുതല്‍ 50 വരെ വാഹനങ്ങളുടെ വില്പന നടക്കാറുണ്ടായിരുന്നു. സ്ഥാപനം അടച്ചിട്ടതോടെ തെഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. കമ്പനി ഒരു നിശ്ചിത തുക ശമ്പളമായി നല്‍കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും ജീവിക്കാനാവില്ല. വാഹനങ്ങളുടെ വില്പനയില്ലാത്തതിനാല്‍ കമ്പനിക്ക് വലിയ സംഖ്യ വരുമാനമായി നല്‍കാനും സാധിക്കില്ല. കണ്ണൂരിലെ പ്രമുഖ കമ്പനിയുടെ യൂസ്ഡ് കാര്‍ ഷോറൂമിന്റെ മാനേജര്‍ പറയുന്നു.

കോവിഡ് ആദ്യഘട്ടവ്യാപനത്തിന്റെ സമയത്ത് മിക്കവരും വാഹനങ്ങള്‍ സ്വന്തമാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മറ്റൊരു യൂസ്ഡ് കാര്‍ ഷോറൂം ഉടമ പറയുന്നു. ഓണ്‍ലൈനിലും ഫോണിലുമായി വാഹനങ്ങള്‍ക്ക് അന്വേഷണം വരുന്നുണ്ട്. എന്നാല്‍, യൂസ്ഡ് കാറായതിനാല്‍ വാഹനങ്ങള്‍ നേരില്‍ കണ്ടേ എല്ലാവരും കച്ചവടത്തിന് തയ്യാറാവൂ. ഷോറൂം അടച്ചിട്ടതിനാല്‍ വാഹനങ്ങള്‍ കാണിച്ചുകൊടുക്കാന്‍ പറ്റുന്നില്ല. എല്ലാ കമ്പനിയുടെയും വാഹനങ്ങളുണ്ട്. 2010-ന് ശേഷമുള്ള വാഹനങ്ങളാണ് വില്ക്കാറുള്ളത്. അഞ്ചു ലക്ഷംവരെയുള്ള വാഹനങ്ങളാണ് വിറ്റുപോകുന്നത്. രണ്ടുമുതല്‍ മൂന്നുലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്കാണ് ഡിമാന്‍ഡെന്നും ഇദ്ദേഹം പറഞ്ഞു.

ഒന്നാംഘട്ട കോവിഡ് വ്യാപനത്തിനുശേഷം 2020 മേയ് 18 മുതലാണ് ജില്ലയില്‍ യൂസ്ഡ് കാര്‍ വ്യാപാരത്തിന് കുതിപ്പുണ്ടായത്. ആദ്യ മൂന്നുമാസക്കാലം നല്ല വില്പന നടന്നു. മിക്കവര്‍ക്കും വാഹനങ്ങള്‍ ഉള്ളതിനാല്‍ വാഹനം മാറ്റിവാങ്ങാന്‍ വരുന്നവവരിലാണ് ഇപ്പോള്‍ പ്രതീക്ഷയെന്ന് യൂസ്ഡ് കാര്‍ ഷോറൂം അധികൃതര്‍ പറയുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയും മറ്റുമൊക്കെയായാണ് വാഹനം വാങ്ങാനെത്തുന്നവരിലേറെയും. ലോക്ഡൗണൊക്കെ നീങ്ങിയാലും സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറിയാലേ വ്യാപാരം തകൃതിയായി നടക്കൂ. കോവിഡും ലോക്ഡൗണുമൊക്കെ മാറി നല്ലകാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യൂസ്ഡ് കാര്‍ ഷോറൂം അധികൃതരും ജീവനക്കാരും.

Content Highlights: Kerala Used Car Market Facing Heavy Crisis Due To Covid Second Wave