ട്ടമില്ലാതായതോടെ വന്‍സാന്പത്തിക പ്രതിസന്ധിയിലാണ് ടൂറിസ്റ്റ് ബസ്സുടമകള്‍. സംസ്ഥാനത്ത് 10,000 ടൂറിസ്റ്റ് ബസുകളുണ്ടെന്നാണ് ഏകദേശ കണക്ക്. ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് ഈ വ്യവസായവുമായി മുന്നോട്ട് പോയിരുന്നത്. ഓഗസ്റ്റ് വരെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചു. സെപ്റ്റംബറില്‍ വായ്പയെടുത്ത സ്ഥാപനങ്ങള്‍ തിരിച്ചടവിന് നിര്‍ബന്ധം തുടങ്ങി.

തിരിച്ചടവ് രണ്ടരലക്ഷം

സ്‌കാനിയ മള്‍ട്ടി ആക്സില്‍ ബസിന് 1.30 കോടിയും വോള്‍വോയ്ക്ക് 1.18 കോടിയുമാണ് വില. വായ്പതിരിച്ചടവ് മാസത്തില്‍ രണ്ടര ലക്ഷം രൂപ വേണം. മാസത്തില്‍ ഒരു ലക്ഷം രൂപയെങ്കിലും തിരിച്ചടവില്ലാത്ത ഉടമകളുണ്ടാവില്ല. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ അടവുകള്‍ തെറ്റി. 

നവംബറിലേത് കൂടി തെറ്റുന്നതോടെ വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉടമകളെ അറിയിക്കാന്‍ തുടങ്ങി. വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് കോടതി വഴി വായ്പ നല്‍കിയവര്‍ നേടിയെടുക്കുന്നത്. വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് കോടതി നടപടികളുടെ പണവും ഉടമകള്‍ നല്‍കേണ്ടി വരും.

നഷ്ടപ്പെടുന്ന സീസണുകള്‍

പൂജാ അവധിക്ക് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ഒട്ടേറെ യാത്രകള്‍ ലഭിക്കാറുള്ളതാണ്. കര്‍ണാടകയില്‍ ഈ സമയത്ത് നികുതി ഈടാക്കാറില്ലെന്നത് കണക്കിലെടുത്താകും യാത്രകള്‍. വിനോദസഞ്ചാരങ്ങള്‍ ഇല്ലാതായി. കോവിഡ് പ്രതിസന്ധിയില്‍ അടച്ചിട്ട കേന്ദ്രങ്ങള്‍ തുറന്നെങ്കിലും യാത്രയ്ക്കുള്ള തയ്യാറെടുപ്പ് ആര്‍ക്കുമില്ല.

ഇതുവരെ ബുക്കിങ്ങുകള്‍ ലഭിച്ചിട്ടില്ലെന്ന് ബസ്സുടമകള്‍ പറയുന്നു. ശബരിമല മണ്ഡലകാല സീസണില്‍ നല്ല ബുക്കിങ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അതുമില്ല. ആയിരം പേര്‍ക്കുള്ള ദര്‍ശനവും കര്‍ശന നിബന്ധനകളും കാരണം ഈ സീസണില്‍ ഓട്ടം പ്രതീക്ഷിക്കുന്നുമില്ല.

വിവാഹഓട്ടങ്ങളുമില്ല. കര്‍ക്കടകത്തില്‍ നാലമ്പല ദര്‍ശനത്തിനുള്ള യാത്രകളും നഷ്ടപ്പെട്ടു. സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്താണ് സ്‌കൂള്‍, കോളേജ്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ അധികവും ലഭിക്കുന്നത്. ആ പ്രതീക്ഷയും ഇത്തവണയുണ്ടാകില്ല.

ജി-ഫോമെന്ന കവചം

ജി-ഫോം നല്‍കി ബസുകള്‍ കയറ്റിയിടുന്നതാണ് ചെറിയൊരു ആശ്വാസം. പത്ത് ശതമാനം ബസുകള്‍ മാത്രമാണ് ജി-ഫോം നല്‍കാതിരിക്കുന്നുള്ളൂ. ഈ കാലയളവില്‍ നികുതി അടയ്ക്കേണ്ടതില്ലെന്നാണ് ആശ്വാസം. പുഷ്ബാക്ക് സീറ്റിന് ആയിരം രൂപയും അല്ലാത്തവയ്ക്ക് 750 രൂപയുമാണ് മൂന്നുമാസം കൂടുമ്പോഴുള്ള നികുതി.

കോവിഡ് കാലത്ത് മൂന്നു മാസത്തെ നികുതി സര്‍ക്കാര്‍ ഒഴിവാക്കി. അവശേഷിക്കുന്നതിന് 45 ദിവസത്തെ അധികസമയം അനുവദിച്ചിട്ടുണ്ട്. ബസുകള്‍ ഓടാത്ത സമയത്തെ നികുതി ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചിട്ടില്ലെന്ന് കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഐ.സി. ഐവര്‍ പറഞ്ഞു.

നിര്‍ത്തിയിട്ടാലും നഷ്ടം മാത്രം

ബസുകള്‍ ഓടാതെ നിര്‍ത്തിയിട്ടാലും നഷ്ടം വലുതാണ്. ടൂറിസ്റ്റ് ബസുകളില്‍ ഭൂരിഭാഗവും എയര്‍കണ്ടീഷന്‍ സംവിധാനമുള്ളതാണ്. എ.സി.യില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ മാറ്റുന്നതിന് 20,000 രൂപയിലേറെയാകും. ബാറ്ററി, ടയര്‍, ഇലക്ട്രിക്കല്‍ പണികള്‍ വേറെയും. 

നിര്‍ത്തിയിട്ട ബസുകള്‍ തിരിച്ച് നിരത്തിലേക്കിറക്കാനും വലിയൊരു സംഖ്യ ചെലവഴിക്കണം. മഴകൊണ്ട് തുരുമ്പെടുക്കുന്നതിന്റെ നഷ്ടങ്ങളും സഹിക്കണം. ഒരു ബസില്‍ രണ്ടു ജീവനക്കാര്‍ നിര്‍ബന്ധമാണ്. 15,000 ത്തിലേറെ പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം തേടിയിരുന്നു. ജീവനക്കാരില്‍ ഭൂരിഭാഗം പേരും മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറി.

Content Highlights: Kerala Tourist Buses Facing Huge Crisis During Corona Pandemic