മരച്ചീനി ഇലയിൽനിന്ന് ഉത്പാദിപ്പിച്ച സി.എൻ.ജി.യിൽ ഓടുന്ന മോട്ടോർ ബൈക്കിന് സമീപം ഡോ. സി.എ. ജയപ്രകാശ്
മരച്ചീനി ഇലയില്‍നിന്ന് ജൈവകീടനാശിനി ഉത്പാദിപ്പിച്ചതിനുപിന്നാലെ മറ്റൊരു കണ്ടെത്തലുമായി തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്. കീടനാശിനി ഉത്പാദിപ്പിച്ച ശേഷമുള്ള അവശിഷ്ടത്തില്‍നിന്ന് പ്രകൃതിവാതകം ഉണ്ടാക്കാമെന്നതാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. ലാബില്‍ തയ്യാറാക്കിയ പ്രകൃതി വാതകമുപയോഗിച്ച് ഇരുചക്രവാഹനം ഓടുന്നുമുണ്ട്.
ഒരു ടണ്ണില്‍നിന്ന് 51 കിലോ മീഥേന്‍
മെത്തനോജനസിസ് എന്നൊരു ശാസ്ത്ര പ്രക്രിയയിലൂടെയാണ് വാതകം ഉത്പാദിപ്പിക്കുന്നത്. കീടനാശിനിക്ക് ശേഷമാണ് വാതക ഉത്പാദനമെന്നതിനാല്‍ പ്രീ ട്രീറ്റ്മെന്റ് എന്നൊരു ഘട്ടംകൂടി കടന്ന ശേഷമാണ് അവശിഷ്ടം പ്ലാന്റിലേക്ക് എത്തുന്നത്. ഇത് മീഥേന്‍ ഉത്പാദനം സാധ്യമാക്കുന്നു. മരച്ചീനിയിലയുടെ അവശിഷ്ടത്തില്‍നിന്ന് 60 ശതമാനം മീഥേനും 40 ശതമാനം കാര്‍ബണ്‍ ഡൈ ഓക്സൈഡുമാണ് ഉത്പാദിപ്പിക്കുന്നത്.
ഇതില്‍നിന്ന് മീഥേന്‍ വേര്‍തിരിച്ചെടുക്കുന്നതാണ് രീതി. ഒരു ടണ്‍ മരിച്ചീനി ഇലയുടെ അവശിഷ്ടത്തില്‍നിന്ന് 51 കിലോഗ്രാം മീഥേന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ഡോ. സി.എ. ജയപ്രകാശ് പറഞ്ഞു. ലാബിലെ പരീക്ഷണത്തില്‍ ഇരുചക്ര വാഹനത്തില്‍ ഒരു കിലോഗ്രാം മീഥേന്‍ ഉപയോഗിച്ച് 28 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിലാകുമ്പോള് ഇതില്‍ വര്‍ധനയുണ്ടാകും. ഇതിന് ഒട്ടേറെ കമ്പനികളുമായി ബന്ധപ്പെട്ടിട്ടുമുണ്ട്.
ഉത്പാദനച്ചെലവ് വളരെ കുറവ്
നിലവിലെ സി.എന്‍.ജി. ഉത്പാദന രീതികളില്‍നിന്ന് മരിച്ചീനി ഇലയുപയോഗിച്ചുള്ള ഉത്പാദനത്തിലേക്ക് മാറിയാല്‍ ലക്ഷങ്ങളുടെ ലാഭമുണ്ടാകുമെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. ഇന്ത്യയിലെ ഒരു പ്രമുഖ സി.എന്‍.ജി. പ്ലാന്റില്‍ 400 കിലോഗ്രാം മീഥേന്‍ നിര്‍മിക്കാന്‍ എട്ടു ടണ്‍ ഭക്ഷണ മാലിന്യമാണ് ഉപയോഗിക്കുന്നത്. അതേസമയം, ഇത്രയും മീഥേന്‍ ഉത്പാദിപ്പിക്കാന്‍ 7.8 ടണ്‍ മരച്ചീനിയില മതിയാകും. 1.6 ഹെക്ടര്‍ സ്ഥലത്തെ മരച്ചീനി കൃഷികൊണ്ട് ഇത്രയും ഇല ലഭിക്കും. അവശിഷ്ടമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ചെലവ് വളരെ കുറവായിരിക്കും.
സി.ടി.സി.ആര്.ഐ. ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല, ഡോ. എല്‍.എസ്. രാജേശ്വരി, എന്‍.ഐ.ഐ.എസ്.ടി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കൃഷ്ണകുമാര്‍, വിദ്യാര്‍ഥികളായ ശ്രീജിത്ത്, ദൃശ്യ, ജോസഫ്, സിന്‍സി, ഉപകരണങ്ങള്‍ തയ്യാറാക്കിയ തൃശ്ശൂര്‍ സ്വദേശി ഫ്രാന്‍സിസ് എന്നിവരുടെയും മുംബൈ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, ന്യൂഡല്‍ഹി ഐ.ഐ.ടി. എന്നിവയിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പായതെന്നും ഡോ. സി.എ. ജയപ്രകാശ് പറഞ്ഞു.
Content Highlights: Kerala scientist develops bio fuel, gas from Tapioca leaves, the gas use to run bikes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..