നാല് ടയറെടുക്കട്ടെ സാറേ, ചിലപ്പോ ഉപകാരപ്പെടും... സീസണിങ്ങെത്തി, മഴയുടെ സീസൺ, നിങ്ങളുടെ വണ്ടി ഓടിയെത്തത്തില്ല സാറേ.. നിങ്ങൾക്ക് ഞങ്ങളെ വിളിക്കേണ്ടി വരും... പെരുമഴയത്ത് വെള്ളം കയറിത്തുടങ്ങയപ്പോൾ മുതല്‍ ഒരുപറ്റം മോഡിഫൈഡ് വണ്ടികളുടെ ആരാധകരും ഉടമസ്ഥരും പോലീസുകാരെ പരോക്ഷമായി ട്രോളി തുടങ്ങിയതാണ്. കാര്യം വേറെയൊന്നുമല്ല, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരേയുള്ള പോലീസ് നടപടി തന്നെയാണ്. അതിന് അതേ നാണയത്തിൽ മറുപടികൊടുക്കുകയാണ് കേരളാ പോലീസ്. 

പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പോലീസ് പിടിച്ച് പിഴയീടാക്കുന്ന രൂപമാറ്റം വരുത്തിയ ഈ വാഹനങ്ങള്‍ ആവശ്യം വരുമെന്നും അതിന് ഞങ്ങള്‍ ഒരുക്കമാണെന്നുമുള്ള തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ഏറെയും. ഒരു നല്ല കാര്യം ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ പോസ്റ്റുകളിൽ പോലീസ് നടപടിയെ കാര്യമായി വിമര്‍ശിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം പൊങ്ങിയ സ്ഥലങ്ങളിൽ നിരവധി മോഡിഫൈഡ് ജീപ്പ് ക്ലബ്ബുകളുംരക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു. അതിന്റെ വീഡിയോയും അവർ പോസ്റ്റു ചെയ്തു. അതിനൊപ്പമാണ് പോലീസിനെ ട്രോളിയത്. പരിഹാസങ്ങള്‍ പരിധിവിട്ടതോടെയാണ് കേരളാ പോലീസ് മറുമരുന്നുമായി എത്തിയത്.

വീതി കൂടിയ ടയര്‍ ഇല്ല, സ്‌നോക്കര്‍ ഇല്ല. എന്നാലും വിളിച്ചാല്‍ ഓടിയെത്തും ഏത് ദുരിതക്കടലിലും എന്ന കുറിപ്പോടെ വെള്ളത്തിലൂടെ പോകുന്ന പോലീസ് വാഹനങ്ങളുടെ ടിക്ക്‌ടോക്ക് വീഡിയോ പുറത്തിറക്കിയാണ് കേരളാ പോലീസ് പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ടിക് ടോക്കിൽ പ്രചരിക്കുന്ന വീഡിയോകൾക്ക് അതേ രൂപത്തിൽ മറുപടിയൊരുക്കിയിരിക്കുകയാണ് പോലീസ്. 

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ശിക്ഷാര്‍ഹമാണെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരേ പോലീസ് നടപടി ശക്തമാക്കിയിരുന്നു. ഈ നടപടിയെയാണ് പ്രളയ സമയത്ത് വാഹനപ്രേമികള്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നത്.

Content Highlights: Kerala Police Video On Police Jeep Rescue Operation