പ്രാര്‍ത്ഥനയും നിരാശയും പിരിമുറുക്കവും സന്തോഷവും നിറയുന്നതാണ് ഡ്രൈവിങ് പരീക്ഷ. എട്ടും എച്ചും കടന്ന് റോഡ് പരീക്ഷയും പാസാകുന്നവര്‍ സന്തോഷത്തോടെ മടങ്ങും. അതിനിടയില്‍ ഭയത്തില്‍ നിന്നുണ്ടാകുന്ന പരാക്രമത്തില്‍ എവിടെയെങ്കിലും തോറ്റു പോകുന്നവര്‍ നിരാശയോടെ പിന്മാറും. അടുത്ത ടെസ്റ്റില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാമെന്ന പ്രതീക്ഷയോടെ. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിനു സമീപത്തെ ടെസ്റ്റ് ഗ്രൗണ്ടാണ് ലൈസന്‍സിനെത്തുന്നവരുടെ കളരി.
ഓരോ പകലും വികാരങ്ങളുടെ വേലിയേറ്റമാണ് ഈ ഗ്രൗണ്ടില്‍ അരങ്ങേറുന്നത്. 30 ദിവസം നീളുന്ന മുന്നൊരുക്കം നടത്തിയാണ് ഓരോരുത്തരും അവസാന കടമ്പയായ ഇവിടേക്ക് എത്തുന്നത്. ലേണേഴ്‌സ് പരീക്ഷ, പ്രീ ഡ്രൈവിങ് ക്ലാസ്, റോഡിലും ഗ്രൗണ്ടിലുമായി ഡ്രൈവിങ് പരിശീലനം എന്നിവ നടത്തി പയറ്റിത്തെളിഞ്ഞവരാണ് ഡ്രൈവിങ് ടെസ്റ്റ് എന്ന കടമ്പ കടത്തിത്തരണേ എന്ന പ്രാര്‍ഥനയോടെ കളത്തിലിറങ്ങുന്നത്. എന്നാല്‍ സമ്മര്‍ദവും പിരിമുറുക്കവും താങ്ങാനാവാതെ ചിലര്‍ ഇടയില്‍ വീണു പോകുന്നു.
എട്ട് ആകൃതിയില്‍ കുത്തി നിറുത്തിയ കമ്പികളില്‍ റിബണ്‍ കെട്ടിയിരിക്കും. ഇതിനുള്ളിലൂടെയാണ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ഓടിക്കേണ്ടത്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എച്ച്' എന്ന അക്ഷരത്തിന്റെ ആകൃതിയിലാണ് കമ്പികള്‍ കുത്തി നിറുത്തുക. ഹെവി വാഹനങ്ങള്‍ക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ 'ടി' എന്ന അക്ഷരമാണ് ഉപയോഗിക്കുക.
പുലര്‍ച്ചെ ഏഴരയോടെ ടെസ്റ്റിനായുള്ള അപേക്ഷകരുടെ നീണ്ടനിര രൂപപ്പെടും. എട്ട് മണിയോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഗ്രൗണ്ടിലെത്തി രേഖകള്‍ പരിശോധിക്കാന്‍ ആരംഭിക്കും. തുടര്‍ന്നാണ് ഓരോരുത്തരേയും കമ്പികള്‍ക്കിടയിലൂടെ ഓടിച്ച് ടെസ്റ്റ് നടത്തുക. ഇരുചക്രവാഹനമോടിക്കുന്നവര്‍ കാല് മണ്ണില്‍ കുത്താത്തെ കമ്പിയില്‍ തട്ടാതെ എട്ട് ആകൃതിയില്‍ ഓടിച്ചു കാണിക്കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കമ്പിയില്‍ തട്ടാതെ മുന്നോട്ടും പിന്നോട്ടും 'എച്ച്' ആകൃതിയില്‍ വാഹനം ഓടിച്ചു കാട്ടണം.
ഇരുചക്രവാഹനങ്ങളുടെ റോഡ് ടെസ്റ്റില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ റോഡില്‍ നിന്നാണ് നിരീക്ഷിക്കുക. പ്രത്യേക പോയിന്റ് നല്‍കിയ ശേഷം അവിടെവരെ ഓടിച്ച് തിരിച്ച് വരാനാണ് ആവശ്യപ്പെടുക. ഹാന്‍ഡ്, ഇലക്ട്രോണിക്‌സ് സിഗ്‌നലുകള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിക്കും.
ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ (കാര്‍) റോഡ് പരീക്ഷയാണ് അപേക്ഷകരെ സംബന്ധിച്ച് ഏറ്റവും വലിയ കടമ്പ. ഹാന്‍ഡ് ബ്രേക്ക്, സീറ്റ് ബെല്‍റ്റ്, കണ്ണാടി നേരെയാക്കല്‍ തുടങ്ങി വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പായി ഓര്‍ത്തു വെയ്‌ക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കാറിലെ റോഡ് ടെസ്റ്റില്‍ ഉദ്യോഗസ്ഥര്‍ ഒപ്പം കയറും. ഉദ്യോഗസ്ഥരുടെ മനോധര്‍മമനുസരിച്ച് ഡ്രൈവറോട് ഓരോ നിര്‍ദേശം നല്‍കും. ഗിയറുകള്‍ മാറി മാറി ഉപയോഗിക്കുക, സിഗ്‌നലുകളെല്ലാം കൃത്യമായി ഉപയോഗിക്കുക എന്നിവ പ്രത്യേകം പരിശോധിക്കും. വാഹനം നിറുത്തുമ്പോഴും പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായാല്‍ പിന്നെ എല്ലാം ശുഭം. ലൈസന്‍സ് കൈയില്‍ കിട്ടുന്നതോടെ നിയമപരമായി റോഡിലൂടെ വാഹനം ഓടിക്കാം.
ആദ്യ കടമ്പ ലേണേഴ്സ് പരീക്ഷ
ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടതുണ്ട്. അപേക്ഷ നല്‍കിയശേഷം ലേണേഴ്‌സിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. കംപ്യൂട്ടറിന് മുന്‍പിലിരുന്ന് മിനിറ്റുകള്‍കൊണ്ട് പരീക്ഷയെഴുതി ഫലം വരും. ട്രാഫിക് നിയമങ്ങള്‍, സിഗ്‌നലുകള്‍, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയ 20 ചോദ്യങ്ങള്‍ കംപ്യൂട്ടര്‍ തരും. 12 ചോദ്യങ്ങള്‍ക്കു ശരിയുത്തരം നല്‍കിയാല്‍ ലേണേഴ്സ് പരീക്ഷ പാസായി. ഇതു കഴിഞ്ഞു 30 ദിവസമെങ്കിലും പരിശീലനം നടത്തിയ ശേഷമേ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയൂ. ലേണേഴ്‌സ് ലൈസന്‍സിനു ആറുമാസമാണ് കാലാവധി. ഈ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ 50 രൂപ ഫീസ് അടച്ച് വീണ്ടും എഴുതാം. ലൈസന്‍സ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്‌സ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കാനാവില്ല. കളക്ടറേറ്റിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ആര്‍.ടി. ഓഫീസില്‍ മലയാളത്തിലും ഇംഗ്ലീഷിലും പരീക്ഷ എഴുതാം.
പ്രീ ഡ്രൈവിങ് ക്ലാസ്
ലേണേഴ്‌സ് ടെസ്റ്റ് പാസായവര്‍ നിര്‍ബന്ധമായും പ്രീ ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കണം. റോഡ് നിയമങ്ങളും ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ക്ലാസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറയുക. ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് അപേക്ഷ ഫോമില്‍ ഒപ്പും സീലും ചെയ്ത് തരും. ഇതുമായി എത്തിയാല്‍ മാത്രമേ പ്രധാന ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയൂ.
ഡ്രൈവിങ് ടെസ്റ്റ്
ലേണേഴ്‌സ് ലൈസന്‍സ് എടുത്തയാള്‍ക്ക് 30 ദിവസങ്ങള്‍ക്കുശേഷം ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാം. ഇതിന് അപേക്ഷ നല്‍കേണ്ടതുണ്ട്. ഗ്രൗണ്ട് ടെസ്റ്റാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗം റോഡ് ടെസ്റ്റ്.
ഒന്നാം ഭാഗം വാഹനം നിയന്ത്രിക്കാനുള്ള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ '8' ആകൃതിയിലുള്ള ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഓടിക്കേണ്ടിവരും. ഫോര്‍വീലര്‍ വാഹനങ്ങള്‍ 'എച്ച്' ട്രാക്കിലൂടെയാണ് ഓടിച്ചു കാട്ടേണ്ടത്. ടെസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ റോഡിലൂടെ വാഹനം ഓടിക്കാനുള്ള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ടെസ്റ്റിനെത്തുന്നത് ഇരുചക്ര വാഹന ലൈസന്‍സിനാണ്. കാറുള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സിനാണ് രണ്ടാം സ്ഥാനം. ഹെവി വാഹനങ്ങള്‍ക്ക് ലൈസന്‍സെടുക്കാന്‍ കുറച്ചു മാസങ്ങളായി എറണാകുളം ആര്‍.ടി. ഓഫീസില്‍ ആരും വരാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍
ലൈസന്‍സിനായുള്ള അവസാന ഘട്ടമായ ഗ്രൗണ്ട് ടെസ്റ്റിലും റോഡ് പരീക്ഷയിലും തോറ്റാല്‍ പതിനാലാം ദിവസം വീണ്ടും ടെസ്റ്റിനായെത്താം. മൂന്ന് തവണ ഇത്തരത്തില്‍ അവസരമുണ്ട്. മൂന്നാം വട്ടവും പരാജയപ്പെട്ടാല്‍ അറുപത് ദിവസം കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിനെത്താന്‍ സാധിക്കൂ. ഓരോവട്ടവും 300 രൂപ ഫീസും അടയ്ക്കണം. ടൂവും ഫോറും തോറ്റാല്‍ 600 രൂപയാണ് ഫീസ്.
പരീക്ഷയ്ക്ക് ഡ്രൈവിങ് സ്‌കൂളിലെ വാഹനം
ടെസ്റ്റിനെത്തുന്നവര്‍ ഓടിച്ചു പഠിച്ചതും ടെസ്റ്റ് ഗ്രൗണ്ടിലും ഉപയോഗിക്കുന്നത് ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങളാണ്. ഇത്തരം വാഹനങ്ങള്‍ ഈസി ടു റൈഡ് എന്ന ഗണത്തിലായിരിക്കും ഉണ്ടാവുക. ഈ വാഹനങ്ങളില്‍ ഓടിച്ച് പഠിച്ച് പരീക്ഷ വിജയിക്കുന്നവര്‍ സ്വന്തം വാഹനം ഓടിക്കുന്ന ആദ്യ സമയങ്ങളില്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങള്‍ ആദ്യ ഗിയറില്‍ തന്നെ എത്ര ദൂരം വേണമെങ്കിലും ഓടിക്കാന്‍ കഴിയും. അമിതമായ പ്രവൃത്തികള്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വാഹനം പെട്ടന്ന് ഓഫാകുമെന്ന ഭയവും വേണ്ട. എന്നാല്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റിനെത്തുന്നവരുമുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇതില്‍ അധികവും. ഇന്‍ഷുറന്‍സും ടാക്‌സും കൃത്യമായി അടച്ച രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ സ്വന്തം വാഹനത്തില്‍ പരീക്ഷ നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അനുമതി നല്‍കൂ.
ടെസ്റ്റില്‍ പെണ്‍പട
പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷ നല്‍കുന്നവരാണ് ഭൂരിഭാഗം പേരും. അതില്‍ പെണ്‍കുട്ടികളാണ് അധികവുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എന്‍.കെ. ദീപു, സി.ഡി. അരുണ്‍ എന്നിവര്‍ പറഞ്ഞു. കോളേജ് അവധിക്കാലമാണ് ഏറ്റവും കൂടുതല്‍ യുവതി-യുവാക്കള്‍ ലൈസന്‍സെടുക്കാനായി എത്തുന്ന സമയം. അവധിക്കാലം മുതലാക്കാന്‍ നിരവധി ഡ്രൈവിങ് സ്‌കൂളുകളും പ്രത്യേക പാക്കേജും നല്‍കാറുണ്ട്.
ലൈസന്‍സ് എടുക്കാന്‍ വരുമ്പോള്‍ ഇരുചക്ര വാഹനങ്ങളുടേയും നാലു ചക്ര വാഹനങ്ങളുടേയും ഒരുമിച്ചെടുക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ രണ്ട് പരീക്ഷയും പാസായി ലൈസന്‍സ് നേടുമെങ്കിലും നാലു ചക്ര വാഹനങ്ങള്‍ ഭൂരിഭാഗം പേരും പിന്നീട് ഓടിക്കാറില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഡംബരത്തിന് വേണ്ടിയാണ് പല സ്ത്രീകളും നാലുചക്ര വാഹനങ്ങളുടെ ലൈസന്‍സ് നേടുന്നത്. ഓട്ടോറിക്ഷയുടെ ലൈസന്‍സ് നേടുന്നതിനായി സ്ത്രീകള്‍ വളരെ കുറച്ചേ എത്താറുള്ളൂ.
ലൈസന്‍സ് ചൂടോടെ...
ലൈസന്‍സ് കൈയില്‍ ലഭിക്കാന്‍ ടെസ്റ്റ് പാസായ ശേഷം ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പോസ്റ്റല്‍ വഴിയായിരുന്നു നേരത്തെ ലൈസന്‍സ് നല്‍കിയിരുന്നത്. ഇപ്പോള്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് അന്നു വൈകീട്ട് കളക്ടറേറ്റിലെ രണ്ടാം നിലയിലെ ആര്‍.ടി. ഓഫീസില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ചൂടോടെ കൈപ്പറ്റാം. പരീക്ഷാര്‍ഥി ഹാജരായി വിരലടയാളം പതിച്ചാലേ ലൈസന്‍സ് നേരിട്ടു കൈവശം കിട്ടൂ. തിരക്കുള്ളവര്‍ വിലാസമെഴുതി രജിസ്റ്റേര്‍ഡ് നിരക്കിനുള്ള സ്റ്റാമ്പ് പതിച്ച കവര്‍ നല്‍കിയാല്‍ ലൈസന്‍സ് വീട്ടിലേക്ക് അയച്ചുതരും. എറണാകുളം ആര്‍.ടി. ഓഫീസിലും ചുരുക്കം ചില സബ്ബ് ആര്‍.ടി. ഓഫീസുകളിലുമാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. എല്ലായിടത്തും പൂര്‍ണമായും ഇത് നിലവില്‍ വന്നിട്ടില്ല.
എങ്ങനെ ലൈസന്‍സ് നേടാം
1988-ലെ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഇന്ത്യയിലെ പൊതു നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ ഒരു ആധികാരിക ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ (ആര്‍.ടി. ഓഫീസ്) വഴിയും സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് (സബ് ആര്‍.ടി. ഓഫീസ്) ഓഫീസുകള്‍ വഴിയും ഡ്രൈവിങ് ലൈസന്‍സ് എടുക്കാം.
യോഗ്യതകള്‍
18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യ വാഹനം (നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്) ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 20 വയസ്സിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് (ബാഡ്ജ്) അപേക്ഷിക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന നിയമവും ഉണ്ട്. ഹെവി ലൈസന്‍സിനും ഈ നിയമം ബാധകമാണ്.
ആവശ്യമായ ഫോമുകളും രേഖകളും
ഫോം 1 - 50 വയസ്സില്‍ താഴെയാണ് നിങ്ങളെങ്കില്‍ സ്വകാര്യവാഹനമോടിക്കുന്നതിന് ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണിത്.
ഫോം 1 എ - 50 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം ഈ ഫോമിനൊപ്പം നല്‍കണം.
ഫോം 2 - ലേണേഴ്‌സ് ലൈസന്‍സിനുള്ള അപേക്ഷ
ഫോം 3 - ലേണേഴ്‌സ് ലൈസന്‍സ് ഫോം
ഫോം 4 - ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ
ഈ ഫോം എല്ലാം മോട്ടോര്‍ വാഹനവകുപ്പ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും. കാഴ്ചശക്തി സംബന്ധിച്ച് നേത്രരോഗ വിദഗ്ദ്ധന്റെ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടിവരും. ഇതുകൂടാതെ മേല്‍വിലാസം, വയസ്സ്, പൗരത്വം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും ഹാജരാക്കേണ്ടിവരും. ( റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി. ബുക്ക് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പുകള്‍ )
ലൈസന്‍സ് പുതുക്കേണ്ടവര്‍ അറിയാന്‍
സാധാരണ ഗതിയില്‍ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിന് ഒരു മാസത്തിനു മുമ്പോ ശേഷമോ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നശേഷം ഒരുമാസം കഴിഞ്ഞാല്‍ അപേക്ഷ ലഭിക്കുന്ന ദിവസംമുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും.
കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനാകില്ല. വീണ്ടും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടി വരും. ഹാജരാക്കേണ്ടവ. ഡ്രൈവിങ് ലൈസന്‍സ്, അപേക്ഷാ ഫോം നമ്പര്‍ 9, അംഗീകൃത നേത്രപരിശോധന വിദഗ്ധനില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് (ഫോം നമ്പര്‍ 1), ഫോം നമ്പര്‍ 1 എ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്).
കൊച്ചിക്ക് പ്രിയം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് (ഡ്രൈവിങ് പെര്‍മിറ്റ്) അനുവദിക്കുന്നത് എറണാകുളം ആര്‍.ടി.ഓഫീസില്‍ നിന്നാണ്. വിദേശത്ത് ജോലി തേടി പോകുന്നവരും ചലച്ചിത്ര താരങ്ങളും അടക്കമുള്ള പ്രമുഖരാണ് ഇവിടെ നിന്ന് ഇന്റര്‍നാഷണല്‍ ലൈസന്‍സ് എടുത്തിട്ടുള്ളത്. താരങ്ങളായ പൃഥിരാജ്, നിവിന്‍പോളി, സംവിധായകന്‍ ലാല്‍ജോസ് തുടങ്ങിയവര്‍ എറണാകുളം ആര്‍.ടി. ഓഫീസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലൈസന്‍സ് നേടിയവരാണ്.
ദുരിതങ്ങളുടെ ട്രാക്കില്‍ ടെസ്റ്റ്
ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ രാവിലെ ടെസ്റ്റിന് എത്തുന്നവര്‍ക്ക് ദുരിതമാണ്. അപേക്ഷകര്‍ മണിക്കൂറുകളോളം മഴയും വെയിലും കൊണ്ടുവേണം ഹാജരാകാന്‍. ഇതിനിടയില്‍ ദാഹിച്ചാല്‍ കുടിവെള്ളം ലഭിക്കില്ല. ടോയ്ലറ്റ് സൗകര്യമില്ല. ഇവിടൈയത്തുന്ന സ്ത്രീകളടക്കമുള്ള അപേക്ഷകര്‍ക്കാണ് അധികൃതരുടെ നിസ്സംഗതകൊണ്ട് ദുരിതമനുഭവിക്കേണ്ടിവരുന്നത്.
സ്ത്രീകളും പുരുഷന്‍മാരുമടക്കം 150-ഓളം പേര്‍ ഒരു ദിവസം ടെസ്റ്റിനെത്തുന്ന ഈ സ്ഥലം മൈതാനമായതിനാല്‍ മുഴുവന്‍ സമയം വെയിലാണ്. മഴ വന്നാല്‍ പിന്നെ, പറയേ വേണ്ട. ടെസ്റ്റിന് ഹാജരാകാന്‍ പേരു വിളിച്ചവര്‍ ക്യൂവില്‍ നില്‍ക്കേണ്ടതും വിളിക്കാനുള്ളവര്‍ നില്‍ക്കേണ്ടതും പെരിവെയിലത്താണ്. ടെസ്റ്റ് സെന്ററില്‍ ടോയ്ലറ്റ് സൗകര്യമില്ലാത്തതാണ് അപേക്ഷകരെ ഏറെ വലയ്ക്കുന്നത്. ഇതിനായി അടുത്തുള്ള ഹോട്ടലുകളിലോ വീടുകളിലോ പോകേണ്ട അവസ്ഥയിലാണ് അപേക്ഷകരായെത്തുന്ന സ്ത്രീകള്‍. ഗ്രൗണ്ടിന്റെ രണ്ട് ഭാഗങ്ങളിലായി ചെറിയ രണ്ട് ഷെഡ്ഡുകള്‍ നിര്‍മിച്ചത് മാത്രമാണ് ഇവിടെ ഏര്‍പ്പെടുത്തിയ സൗകര്യം. കളക്ടറേറ്റ് സിഗ്നല്‍ ജങ്ഷന് സമീപമുള്ള സര്‍ക്കാര്‍ ഭൂമിയിലായിരുന്നു ആദ്യം ടെസ്റ്റ് നടന്നിരുന്നത്. എന്നാല്‍ ആര്‍.ബി.ഡി.സിയുടെ മാള്‍ നിര്‍മാണത്തിന്റെ പേരില്‍ ഇവിടെ നിന്നും മോട്ടോര്‍വാഹന വകുപ്പിനെ കുടിയൊഴിപ്പിക്കുകയായിരുന്നു.
നോക്കു കുത്തിയായി ഡ്രൈവിങ് സിമുലേറ്റര്‍
ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ ആധുനികമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ഡ്രൈവിങ് സിമുലേറ്റര്‍ നോക്കുകുത്തിയായി. കളക്ടറേറ്റ് വളപ്പിലെ ടൈമിങ് കോണ്‍ഫറന്‍സ് ഹാളിലാണ് 40 ലക്ഷം രൂപ മുടക്കി നിര്‍മിച്ച സിമുലേറ്റര്‍ ആര്‍ക്കും പ്രയോജനപ്പെടാതെ മൂടിയിട്ടിരിക്കുന്നത്.
ഒരു വാഹനം ഓടിക്കുന്ന പ്രതീതി ഉളവാക്കുന്നതിന് ത്രിമാന സംവിധാനമാണ് സിമുലേറ്ററില്‍ ഏര്‍പ്പെടുത്തിയത്. നിരപ്പു റോഡിലും കൊടുംവളവിലും ഉള്‍പ്പെടെ ഏതു സാഹചര്യമുള്ള നിരത്തില്‍പ്പോലും ഏതു കാലാവസ്ഥയിലും വാഹനം ഓടിക്കുന്നത് സംബന്ധിച്ച ധാരണ ഡ്രൈവര്‍ക്ക് സൃഷ്ടിച്ചുകൊടുക്കാന്‍ സിമുലേറ്ററിനു കഴിയും. മഞ്ഞും മഴയും ഉള്ളപ്പോള്‍ സാധാരണ വാഹനം ഓടിക്കുമ്പോള്‍ ചെയ്യാറുള്ളതുപോലെ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്. ഒരു ടാറ്റ 407 മിനി ലോറി കാബിന്‍ ആണ് ഇതിനായി ഒരുക്കിയിരുന്നത്.