തിരുവനന്തപുരം: വൈദ്യുത വാഹനങ്ങള്‍ക്കായി കേരളമൊട്ടാകെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതോടൊപ്പം വൈദ്യുതി ബോര്‍ഡും വൈദ്യുത വാഹനങ്ങളിലേക്കു മാറുന്നു. ആസ്ഥാനത്തും ഫീല്‍ഡ് ഓഫീസുകളിലും പൂര്‍ണമായി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കാനാണു തീരുമാനം.

ഘട്ടംഘട്ടമായി ഇതു നടപ്പാക്കും. വാടകയ്ക്ക് ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങളാവും. സംസ്ഥാനത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സമീപനരേഖയും ബോര്‍ഡ് പുറത്തിറക്കി. ബോര്‍ഡിനെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ബോര്‍ഡിന്റെ സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള വ്യക്തികളില്‍നിന്നും സംരംഭകരില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു.

വ്യക്തികളോ സംരംഭകരോ അവരുടെ സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ അവര്‍ക്ക് യൂണിറ്റിന് അഞ്ചുരൂപ നിരക്കില്‍ വൈദ്യുതി നല്‍കും. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു.

പൈലറ്റ്, കവറേജ്, സ്‌കെയിലിങ് എന്നീ മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ജനങ്ങളെ വൈദ്യുതവാഹന ഉപയോഗത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ ആറു സ്റ്റേഷനുകള്‍ നിര്‍മിക്കും. ഇതിന് 12 കോടി രൂപ ബോര്‍ഡിന് സര്‍ക്കാര്‍ അനുവദിച്ചു. കവറേജ് ഘട്ടത്തില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം സ്റ്റേഷനുകള്‍ ഉറപ്പാക്കും. സ്‌കെയിലിങ് ഘട്ടത്തില്‍ സംസ്ഥാനത്തുടനീളം സ്റ്റേഷനുകള്‍ നിര്‍മിക്കും. ദേശീയപാതയില്‍ 25 കിലോമീറ്റര്‍ ഇടവിട്ടും നഗരങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ വേണമെന്നാണു കേന്ദ്രനയം.

വേണ്ടത് ശരാശരി 15 ലക്ഷം

ഭൂമിയുടെ വിലയൊഴികെ ശരാശരി 15 ലക്ഷം രൂപ ചെലവില്‍ ഒരു ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനാവും. ഇവിടെ മൂന്നോനാലോ വാഹനങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാം. എന്നാല്‍, കൂടുതല്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതും പാര്‍ക്കിങ് പ്രദേശം കൂടുതല്‍ വേണ്ടതുമായ സ്റ്റേഷനുകള്‍ക്ക് ചെലവേറും.

സ്റ്റേഷനോ വാഹനമോ ഏതാണാദ്യം?

ചാര്‍ജിങ് സ്റ്റേഷനോ വൈദ്യുതവാഹനമോ ആദ്യം വേണ്ടത് ഏതാണെന്ന സന്ദേഹം കേരളത്തിലുണ്ട്. രണ്ടു രംഗങ്ങളിലും ഒരുമിച്ചുള്ള മുന്നേറ്റം വേണം.

ഈ സാഹചര്യത്തില്‍ വൈദ്യുത വാഹനങ്ങള്‍ വ്യാപകമാകുന്നതനുസരിച്ച് ചാര്‍ജിങ് സ്റ്റേഷനുകളും ഉറപ്പാക്കി വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

Content Highlights; kerala electricity board switches to electric vehicles