'ഇതാദ്യമായാണ് ഈ ബസ്സിലൊരു യാത്ര. പ്രവാസിജീവിതം തുടങ്ങിയിട്ട് വര്‍ഷം 12 കഴിഞ്ഞു. ഇപ്പോഴാണ് ഇങ്ങനെയൊരു ബസ്സുണ്ടെന്നറിഞ്ഞത്. സത്യത്തില്‍ എന്തൊരു സുഖവും സുരക്ഷിതത്വവുമാണ്' -അബുദാബിയിലെ എല്‍ ആന്‍ഡ് ടി കമ്പനിയിലെ എച്ച്.ആര്‍. ഉദ്യോഗസ്ഥന്‍ പ്രിയേഷ് നമ്പ്യാരുടെ വാക്കുകള്‍ പൂര്‍ണമാകുംമുമ്പേ, ദുബായില്‍ രണ്ടു പതിറ്റാണ്ടുകാലം ജോലിചെയ്യുന്ന അഷറഫ് പറഞ്ഞുതുടങ്ങി: 'കഴിഞ്ഞതവണവരെ വീട്ടില്‍നിന്നു വണ്ടിയെടുത്താണ് വിമാനത്താവളത്തിലേക്കു പോയത്. പോകുമ്പോള്‍ വീട്ടിലെ ഡ്രൈവിങ് അറിയുന്ന ആരെയെങ്കിലും കൂട്ടും. ഇത്രയും കിലോമീറ്റര്‍ വണ്ടിയോടിച്ചതിന്റെ ക്ഷീണം. 2000 രൂപയുടെ ഡീസലടിക്കണം. ഇതിപ്പോള്‍ ഇത്തിരിക്കാശിനായില്ലേ. മറ്റാരെയും ബുദ്ധിമുട്ടിക്കുകയും വേണ്ട...' 

തൊട്ടടുത്ത സീറ്റിലിരുന്ന മുംബൈ ധാരാവിയിലെ വ്യാപാരി ഷമീര്‍ഖാന് പ?േക്ഷ, ഇത് പുതിയ അനുഭവമൊന്നുമല്ല, ഒന്നിലേറെത്തവണ യാത്രചെയ്ത സുഖം പറയാനുണ്ട്. കാസര്‍കോട്ടുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രയിലാണ് എല്ലാവരും. കാസര്‍കോട് ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പി.ഗിരീശനിലായിരുന്നു തുടക്കം. സര്‍വീസ് ഒമ്പതു വര്‍ഷം പിന്നിട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം ഡിപ്പോയിലിരുന്ന്  പറഞ്ഞു.

രാത്രി 9.00
എയര്‍പോര്‍ട്ട് ബസ്സിന്റെ ഹെഡ്ലൈറ്റുകള്‍ തെളിഞ്ഞു. ഇത്തിരി പിറകോട്ടെടുത്ത് മുന്നോട്ടേക്ക്. സൂര്യപ്രകാശം പോലുള്ള ലൈറ്റുകള്‍ ഇരുട്ടിനെ വകഞ്ഞുമാറ്റി കുതിപ്പുതുടങ്ങിയപ്പോള്‍ ഡ്രൈവര്‍ പയ്യന്നൂരുകാരന്‍ കൃഷ്ണന്റെ മേമ്പൊടി: 'സമയം തെറ്റരുതല്ലോ...' സീറ്റുകളൊന്നും കാലിയില്ല. ടിക്കറ്റെല്ലാം കൊടുത്തുകഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ സന്തോഷിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഇന്നലെയും മിനിഞ്ഞാന്നും എയര്‍പോര്‍ട്ടിലേക്ക് ആളുണ്ടായിരുന്നു. ഇന്നിപ്പോള്‍ കാസര്‍കോട്ടുനിന്ന് ആരും കയറിയിട്ടില്ല.' 

KSRTC

സന്തോഷ് പറഞ്ഞുനിര്‍ത്തിയത് ചെര്‍ക്കള ടൗണിലാണ്. കുറേപ്പേര്‍ ഇറങ്ങുന്നു, കുറച്ചുപേര്‍ കയറുന്നു. ടിക്കറ്റ് കൊടുത്ത് പിറകോട്ടു പോകുന്നതിനിടെ കണ്ടക്ടറൊന്ന് തിരിഞ്ഞുനോക്കി. 'രണ്ടുമൂന്നുപേര്‍ കോഴിക്കോട്ടേക്കുണ്ടിട്ടാ...' മൂന്നുപേരെയും പരിചയപ്പെട്ടു. അവര്‍ എയര്‍പോര്‍ട്ട് യാത്രക്കാരായിരുന്നില്ല. ചട്ടഞ്ചാലും പെരിയയും മാവുങ്കാലും കഴിഞ്ഞ് ബസ് പത്തിന് കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ സീറ്റുകള്‍ നിറഞ്ഞു. 10.50-ഓടെ പയ്യന്നൂര്‍ ഡിപ്പോയിലെത്തിയപ്പോള്‍ ദീര്‍ഘദൂരയാത്രക്കാരായി പലരും കയറി.
 
രാത്രി 11.20
തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെത്തും മുമ്പേ  ബസ്സിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ നോക്കി കൃഷ്ണന്‍ പറഞ്ഞു: 'കണ്ടില്ലേ ബാഗും പെട്ടിയുമായി നില്‍ക്കുന്നു. ഇവിടെനിന്ന് ഒത്തിരിപ്പേര്‍ കയറും.' തളിപ്പറമ്പ് ടൗണില്‍നിന്നു കയറിയവരില്‍ നാലോ അഞ്ചോ പേര്‍ ഗള്‍ഫ് യാത്രക്കാരായിരുന്നു. പട്ടുവം കുന്നരുവിലെ പ്രിയേഷ് നമ്പ്യാരും ചുഴലിയിലെ കെ.പി.അഷറഫും ഷമീര്‍ഖാനുമെല്ലാം അവിടെനിന്നു കയറിയവരാണ്. എയര്‍പോര്‍ട്ട് ബസ്സിന്റെ യാത്രാനുഭവങ്ങള്‍ ചോദിച്ചപ്പോഴാണ് പ്രിയേഷും അഷറഫും വാചാലരായത്. 

പ്രിയേഷ് നമ്പ്യാര്‍ ഇക്കുറി നാട്ടിലേക്കുള്ള വരവിനിടെയാണ് ഈ ബസ്സിനെക്കുറിച്ച് കേട്ടത്. 'വിമാനത്താവളത്തില്‍ കണ്ട അപരിചിതനോട് എങ്ങനെയാണ് നാട്ടിലേക്കു പോകുന്നതെന്ന ഒറ്റച്ചോദ്യമാണ് എന്നെ ഈ ബസ്സിന്റെ യാത്രക്കാരനാക്കിയത്. പതിവു തെറ്റിച്ച് ടാക്സി പിടിക്കാതെ ലഗേജുമായി ബസ്സില്‍ കയറി. തളിപ്പറമ്പിലിറങ്ങി. ഓട്ടോയില്‍ വീട്ടിലുമെത്തി. ആകെ 250 രൂപ തികച്ചു വേണ്ടിവന്നില്ല. അന്നെടുത്ത തീരുമാനമാണ് ഈ ബസ് യാത്ര മതി ഇനിയെന്ന്. 

ksrtc

തിരികെ പോകുമ്പോള്‍ സാധാരണയായി, തളിപ്പറമ്പില്‍ നിന്ന് ബസ്സില്‍ കണ്ണൂരിലേക്ക് പോകും. പിന്നെ ഓട്ടോ പിടിച്ച് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക്. അവിടെനിന്ന് കോഴിക്കോട്ടേക്ക്. വീണ്ടും ഓട്ടോയാത്ര കോഴിക്കോട് ബസ് സ്റ്റാന്‍ഡിലേക്ക്. അവിടെ നിന്ന് ബസ്സില്‍ എയര്‍പോര്‍ട്ട് റോഡിലിറങ്ങും. ഒരിക്കല്‍ക്കൂടി ഓട്ടോ പിടിച്ചാല്‍ മാത്രമേ വിമാനത്താവളത്തിനകത്തേക്ക് പോകാന്‍ കഴിയൂ. ഇതിപ്പോള്‍ ഈ ബസ്സില്‍ കയറിയിരുന്നാല്‍ മതി എയര്‍പോര്‍ട്ടിന്റെ മുന്‍വരാന്തയില്‍ കാലെടുത്തുവച്ചിറങ്ങാം.'

പ്രിയേഷും അഷറഫും എയര്‍പോര്‍ട്ട് ബസ്സിന്റെ സൗകര്യത്തെ മനസ്സു നിറച്ചു പറഞ്ഞുതീരുമ്പോഴേക്കും ധര്‍മശാലയിലും പുതിയതെരുവിലുമെല്ലാം കാത്തുനിന്ന യാത്രക്കാര്‍ ബസ്സിലെത്തിയിരുന്നു. 

അര്‍ധരാത്രി 
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലും കയറിയിറങ്ങിയതോടെ നിറയെ ആളുകളായി. മിക്കവരും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ളവര്‍. 'ഈ ബസ്സില്‍ നിങ്ങളുടെ കൂട്ടര്‍ കുറെയുണ്ട്...' പറഞ്ഞതെന്തെന്ന് ശരിക്കും മനസ്സിലാകാതെ കൃഷ്‌ണേട്ടന്റെ മുഖത്തേക്കു നോക്കിയപ്പോള്‍, ഇടതുഭാഗത്തിരുന്നയാള്‍ സ്വയം പരിചയപ്പെടുത്തി: 'ഞാന്‍ ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ലിഭാസ് മങ്ങാട്. ഞങ്ങള്‍ പത്രക്കാര്‍ കുറേപ്പേരുണ്ട് ഈ ബസ്സിലെ യാത്രക്കാരായിട്ട്...' തൊട്ടടുത്തിരുന്ന ധര്‍മടത്തുകാരന്‍ ഷെറിന്‍ഷാന്‍ വിട്ടുകൊടുത്തില്ല: 'അപ്പോ ഞങ്ങളോ...' തളിപ്പറമ്പില്‍ കൂള്‍ബാര്‍ നടത്തുകയാണ് ഷെറിന്‍. കണ്ണൂരില്‍നിന്ന് ഹോട്ടല്‍ ജോലിക്കാരന്‍ അബൂബക്കറും ഷെറിനൊപ്പം ചേര്‍ന്നു. താണയും ചൊവ്വയും പിന്നിട്ട് നടാലിലെത്തിയപ്പോള്‍, ഡ്രൈവറുടെ വക ഹോണടി. 'അല്ല, മാതൃഭൂമിക്കാരാരെങ്കിലും ഉണ്ടോന്ന് നോക്കിയതാ...'

KSRTC

കണ്ണൂരില്‍നിന്നു കയറിയ പ്രവാസികളോടു സല്ലപിക്കാന്‍ പിറകോട്ടേക്ക് പോയപ്പോള്‍ ഒന്നുരണ്ടുപേര്‍ നല്ല ഉറക്കത്തിലായി. 'ഞാന്‍ കണ്ണൂര്‍ സിറ്റിയിലാ' -തലയിലെ കെട്ട് അല്പമൊന്നുയര്‍ത്തി അഞ്ചലകത്ത് ഇക്ക പറഞ്ഞു. 'മോനെക്കൂട്ടാനാണ് പോന്നത്. ഓന്‍ ഷാര്‍ജേലാ. കൊറെക്കാലം ഞാനും ആടത്തന്നായിരുന്നു. ഈ ബസ്സിലാ കരിപ്പൂരിലേക്ക് പോക്ക്.' ചെറുകുന്നിലെ ജനാര്‍ദനനുമുണ്ട് തൊട്ടടുത്ത്. 16 കൊല്ലമായി ഗള്‍ഫിലാണ്. ഇപ്പോ കുറച്ചുകാലമായി വിമാനത്താവളത്തിലേക്കുള്ള ജനാര്‍ദനന്റെ പോക്കുവരവ് ഈ ബസ്സില്‍ത്തന്നെ. 

രാത്രി 12.50
തലശ്ശേരി ബസ് സ്റ്റാന്‍ഡിലെത്തി. പാനൂരിലെ കുനിയില്‍ കുഞ്ഞബ്ദുള്ളയുള്‍പ്പെടെ ഒത്തിരിപ്പേരെയും കയറ്റി ബസ് മാഹിപ്പാലത്തിലൂടെ മുന്നോട്ട്. വടകരയും കൊയിലാണ്ടിയും പിന്നിടുമ്പോള്‍, തണുപ്പ് തഴുകിത്തുടങ്ങി. സൊറപറഞ്ഞ പലരും നല്ല മയക്കത്തില്‍. 484 കിലോമീറ്റര്‍ പിന്നിട്ട് ബസ് കോഴിക്കോട്ടെത്തി. കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിലേക്ക് കയറ്റിനിര്‍ത്തിയപ്പോള്‍, കൃഷ്ണന്റെ പരിഭവംപറച്ചില്‍: 'ഇവിടെ ഒന്നുരണ്ടു തട്ടുകടക്കാരുണ്ടായിരുന്നു. ഇപ്പൊ ഒന്നിനെയും കാണുന്നില്ല...' 

ഓട്ടം തുടങ്ങിയത് 2009-ല്‍ നിത്യവരുമാനം കാല്‍ ലക്ഷം

ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന പി.കോരന്‍ മാസ്റ്റര്‍ കെ.എസ്.ആര്‍.ടി.സി.ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായപ്പോഴാണ് വടക്കന്‍ ജില്ലക്കാര്‍ക്ക് ഈ ബസ്സിന്റെ സൗഭാഗ്യം സിദ്ധിച്ചത്. 2009-ലാണ് ബസ് സര്‍വീസ് തുടങ്ങിയത്. ടൗണ്‍ ടു ടൗണ്‍ ആയിരുന്നു. ഇപ്പോള്‍ ഫാസ്റ്റ് പാസഞ്ചറായി. പ്രതിദിനം 15,000 രൂപ മുതല്‍ കാല്‍ലക്ഷം രൂപവരെ ടിക്കറ്റ് കളക്ഷനുണ്ട്. ബസ്സിന്റെ സ്ഥാനക്കയറ്റം നാട്ടുകാരായ യാത്രക്കാര്‍ക്കും ഗുണംചെയ്തു. 23 ഫെയര്‍സ്റ്റേജ് ഉണ്ടായിരുന്നത് 33 ആയി. 

കെ.എസ്.ആര്‍.ടി.സി.യുടെ കാസര്‍കോട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി.മനോജ്കുമാറാണ് ഫാസ്റ്റ് പാസഞ്ചര്‍ എന്ന ആശയം മുന്നോട്ടു വെച്ചത്. ഇത് പരിഗണിക്കാനും നടപ്പാക്കാനും അധികം ആലോചിക്കേണ്ടി വന്നില്ലെന്നും ഇപ്പോള്‍ യാത്ര കൂടുതല്‍ ലാഭകരമായി മാറിയെന്നും കെ.എസ്.ആര്‍.ടി.സി. വടക്കന്‍മേഖലാ ചീഫ് ട്രാഫിക് ഓഫീസര്‍ ജോഷി ജോണ്‍ പറഞ്ഞു. മുന്‍പത്തെക്കാള്‍ ലക്ഷം രൂപ പ്രതിമാസവര്‍ധനയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളം വന്നാലും ഈ ബസ് സര്‍വീസ് നിര്‍ത്തലാക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ.രാജന്‍ പറഞ്ഞു. 'രാത്രികാലയാത്രക്കാര്‍ക്ക് വലിയ ആശ്വാസമെന്ന് മാത്രമല്ല, തുടങ്ങിയതു മുതല്‍ ലാഭത്തിലോടുന്നതുമാണ് ഈ ബസ്' -അദ്ദേഹം പറഞ്ഞു.

എയര്‍പോര്‍ട്ടിന് ഏതാനും കിലോമീറ്റര്‍ മുമ്പേ ഇറങ്ങേണ്ട മൊയ്തീന്‍കുട്ടിയായിരുന്നു കോഴിക്കോട്ടെ യാത്രക്കാരിലൊരാള്‍. 'ഇവിടെനിന്ന് എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരൊന്നും അങ്ങനെയുണ്ടാകാറില്ല. പകരം ഞങ്ങളെപ്പോലുള്ള ഹോട്ടലുപണിക്കാരൊക്കെയുണ്ടല്ലോ...' സ്ഥിരമായി ഈ ബസ്സില്‍ യാത്രചെയ്യുന്ന മൊയ്തീന്‍കുട്ടിയുള്‍പ്പെടെയുള്ളവരെ എയര്‍പോര്‍ട്ടിന് മുമ്പുള്ള സ്ഥലങ്ങളിലിറക്കി ചുവന്ന ഫാസ്റ്റ് പാസഞ്ചര്‍ കരിപ്പൂര്‍ വിമാനത്താവളത്തിനകത്തേക്ക് വളവുതിരിവുകളൊടിച്ചുകയറി. 

കിലോമീറ്റര്‍ 516 പിന്നിട്ട് വിമാനത്താവളത്തിന്റെ മുന്‍വരാന്തയോടു ചേര്‍ന്നുനിന്ന ബസ്സില്‍ നിന്നിറങ്ങുമ്പോള്‍, അപരിചിതത്വമകന്ന് കുടുംബക്കാരെപ്പോലെ പരസ്പരം സ്നേഹം പങ്കുവയ്ക്കുന്ന യാത്രക്കാരെയാണു കണ്ടത്. ചിലര്‍ ഫോണ്‍ നമ്പര്‍ വാങ്ങുന്നു. മറ്റുചിലര്‍ ഹസ്തദാനം ചെയ്യുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ റ്റാറ്റാ പറഞ്ഞ് അവരെല്ലാം നടന്നകലുമ്പോള്‍, കൃഷ്ണനും സന്തോഷും വിശ്രമത്തിലേക്ക്: 'ഇത്തിരിസമയം കിടേക്കണ്ടേ...' 

പുലര്‍ച്ചെ 3.30
വെളുത്തപ്പോള്‍, കണ്ട കാഴ്ച മറ്റൊരുകൂട്ടം പ്രവാസികള്‍ ബസ്സിനു മുന്നില്‍ ലഗേജുമായി നില്‍ക്കുന്നതാണ്. ഷാര്‍ജയില്‍നിന്നുള്ള എയര്‍ ഇന്ത്യ പറന്നിറങ്ങിയതേയുള്ളൂ. കാസര്‍കോടിനു കിഴക്കുള്ള തോമസും കാഞ്ഞങ്ങാട് കടപ്പുറത്തെ അഷറഫും കൂത്തുപറമ്പിലെ സുബൈറും അബുദാബിയില്‍നിന്നെത്തിയ വീട്ടമ്മ ജോയ്സ് ജോര്‍ജും വടകരയിലെ ഇബ്രാഹിമുമെല്ലാം കൂട്ടത്തിലുണ്ട്. ലഗേജെടുക്കാനും അട്ടിവയ്ക്കാനും കണ്ടക്ടറും ഡ്രൈവറും ഒപ്പം കൂടുന്നു. 

രാവിലെ 7.20
ബസ് മടക്കയാത്ര തുടങ്ങി. കോഴിക്കോട്ടെത്തിയപ്പോള്‍ നാട്ടുകാരായ യാത്രക്കാരും ചേര്‍ന്നു. ആര്‍.പി.എം. 311 കെ.എല്‍.15 എ1027 ബസ് തിരിച്ച് കാസര്‍കോട് ഡിപ്പോയിലേക്കെത്തുമ്പോള്‍ സമയം ഉച്ചയ്ക്കുശേഷം 2.40.

യാത്രക്കൂട്ടായ്മയില്‍ വാട്സാപ്പ് ഗ്രൂപ്പ്

രാത്രിയാത്രയും പ്രവാസികളുടെ ജീവിതാനുഭവങ്ങളും നിറഞ്ഞുതുളുമ്പുന്നതാണ് കാസര്‍കോട്-കരിപ്പൂര്‍ എയര്‍പോര്‍ട്ട് ബസ്. ദീര്‍ഘകാലം ബസ്സില്‍ കണ്ടക്ടറായിരുന്ന കാസര്‍കോട് കരിച്ചേരിയിലെ സുകുമാരന് എയര്‍പോര്‍ട്ട് സുകുമാരന്‍ എന്നായിരുന്നു സഹപ്രവര്‍ത്തകര്‍ നല്‍കിയ വിശേഷണം. കാഞ്ഞങ്ങാട് രാവണേശ്വരത്തെ അരവിന്ദാക്ഷനും നീലേശ്വരം ചായ്യോത്തെ രാജേഷുമെല്ലാം മാറിമാറിവരുന്ന കണ്ടക്ടര്‍മാരാണ്. കാസര്‍കോട് പെരുമ്പളയിലെ സുരേഷ്മോഹനും കുറ്റിക്കോലിലെ സി.കരുണാകരനും തുടങ്ങി വളയംപിടിക്കുന്നവരും ഒന്നിലേറെപ്പേര്‍ എയര്‍പോര്‍ട്ട് യാത്രയിലുണ്ട്. 

ഇക്കഴിഞ്ഞ ഇടതുപക്ഷ തൊഴിലാളി ഹര്‍ത്താലില്‍ മുന്‍പിലും പിറകിലും പോലീസ് എസ്‌കോര്‍ട്ടോടെ സഞ്ചരിച്ചതും മറ്റൊരു യാത്രയില്‍ നെഞ്ചുവേദനയനുഭവപ്പെട്ട പ്രവാസിയെയും കൊണ്ട് ആസ്പത്രിയിലേക്ക് ചീറിപ്പാഞ്ഞതും പത്രവാര്‍ത്തകളില്‍ നിറഞ്ഞത് എയര്‍പോര്‍ട്ട് ബസ്സിന്റെ യാത്രാവേളയില്‍ കേള്‍ക്കാം. സ്നേഹക്കൂട്ടായ്മയില്‍ യാത്രക്കാര്‍ ഒരു വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കി. ഈ ബസ്സിന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയുള്ള ഗ്രൂപ്പില്‍ ബസ് പുറപ്പെടുന്നതിനുമുമ്പേ ചാറ്റിങ് സജീവമാകും. 

വീട്ടില്‍ എട്ടിലധികം കാറുകളുള്ള കണ്ണൂരിലെ ഒരു സമ്പന്നനായ പ്രവാസി ഒരിക്കല്‍ ഈ ബസ്സില്‍ യാത്രചെയ്തു. പിന്നീടൊരിക്കലും അദ്ദേഹം കാറില്‍ കരിപ്പൂരിലേക്കു പോയിട്ടില്ലെന്ന് ഇവരുടെ വാട്സാപ്പ് ഗ്രൂപ്പിലെ പഴയ സന്ദേശങ്ങളിലുണ്ട്. ഇടയ്ക്കിടെ നാട്ടിലേക്കു വരുന്ന അദ്ദേഹം ഗള്‍ഫിലേക്കു പോകുന്ന രാത്രിയില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഭക്ഷണം പൊതിഞ്ഞുകൊണ്ടുവരുമത്രെ. പ്രളയക്കെടുതിയലകപ്പെട്ടവര്‍ക്ക് ദുരിതാശ്വാസധനം സ്വരുക്കൂട്ടാനും വാട്സാപ്പ് ഗ്രൂപ്പിന് കഴിഞ്ഞുവെന്ന് യാത്രക്കാര്‍ പറയുന്നു.