പ്രവര്‍ത്തനമികവുകൊണ്ട് ഒരുപാടുതവണ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതാണ് കര്‍ണാടക ആര്‍.ടി.സി. രാജ്യത്തെതന്നെ ഏറ്റവുംമികച്ച സര്‍ക്കാര്‍ ബസ് സര്‍വീസുകളിലൊന്നാണ് കര്‍ണാടക ആര്‍.ടി.സി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായിട്ടാണ് കര്‍ണാടക ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം. യാത്രക്കാര്‍ക്കാവശ്യമായ സൗകര്യം ഒട്ടും കുറയ്ക്കാന്‍ ഇവര്‍ തയ്യാറല്ല. ഇപ്പോഴിതാ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി പ്രീമിയം ബസുകളില്‍ യാത്രക്കാര്‍ക്ക് നല്‍കിവന്ന പ്ലാസ്റ്റിക് കുപ്പിവെള്ളം നിര്‍ത്തലാക്കിയിരിക്കുകയാണ്. പകരം യാത്രക്കാര്‍ വീട്ടില്‍നിന്ന് സ്റ്റീല്‍ കുപ്പിയില്‍ വെള്ളം കൊണ്ടുവരണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്.

ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കുവേണ്ടി സെല്‍ഫി മത്സരവും കര്‍ണാടക ആര്‍.ടി.സി. സംഘടിപ്പിക്കുന്നുണ്ട്. ബസിനുള്ളില്‍ സ്റ്റീല്‍ കുപ്പിയില്‍ വെള്ളവുമായി നില്‍ക്കുന്ന സെല്‍ഫി എടുത്ത് അയക്കുന്നതാണ്. 'ബ്രിങ് യുവറോണ്‍ ബോട്ടില്‍' കാമ്പയിന്റെ ഭാഗമായാണ് സെല്‍ഫി മത്സരം സംഘടിപ്പിച്ചത്. കുട്ടികള്‍, മധ്യവയസ്‌കര്‍, മുതിര്‍ന്നവര്‍ എന്നീ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. മികച്ച പരിസ്ഥിതി സരംക്ഷണ സന്ദേശമുള്‍പ്പെടെ അയയ്ക്കുന്ന സെല്‍ഫികളാണ് തിരഞ്ഞെടുക്കപ്പെടുക. ഓരോ വിഭാഗത്തില്‍ നിന്നും മൂന്നുപേരെ വീതം തിരഞ്ഞെടുക്കുകയും ഇവര്‍ക്ക് പ്രീമിയം ബസുകളില്‍ സൗജന്യയാത്രയൊരുക്കുകയും ചെയ്യും.

കോര്‍പ്പറേഷനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ബെംഗളൂരുവില്‍ പ്ലാസ്റ്റിക് നിരോധനം നേരത്തേ നടപ്പാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കര്‍ണാടക ആര്‍.ടി.സി.യും പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നിരോധിച്ചത്. ദീര്‍ഘദൂര പ്രീമിയം ബസുകളിലായിരുന്നു യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കിയിരുന്നത്. 300 പ്രീമിയം ബസുകളില്‍ വെള്ളം നല്‍കുന്നുണ്ടായിരുന്നു. അതിനാല്‍ ഒരുവര്‍ഷം 1.2 കോടി പ്ലാസ്റ്റിക് കുപ്പികളായിരുന്നു കര്‍ണാടക ആര്‍.ടി.സി.ക്ക് കളയേണ്ടിയിരുന്നത്.

അതിനിടെ, പ്രീമിയം ബസുകളില്‍ മാലിന്യം നിക്ഷേപിക്കാന്‍ ട്രാഷ് ബാഗുകള്‍ സ്ഥാപിക്കാനും കര്‍ണാടക ആര്‍.ടി.സി. ഒരുങ്ങുന്നുണ്ട്. യാത്രക്കാര്‍ക്ക് ഭക്ഷണാവശിഷ്ടങ്ങളും മറ്റു പേപ്പര്‍ മാലിന്യങ്ങളും ബസില്‍ സ്ഥാപിച്ച ട്രാഷ് ബാഗുകളില്‍ നിക്ഷേപിക്കാം. ആദ്യം കുറച്ച് ബസുകളില്‍ സ്ഥാപിച്ച് യാത്രക്കാരുടെ പ്രതികരണം അറിഞ്ഞശേഷം കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കും. പ്രധാന ബസ് സ്റ്റേഷനുകളില്‍ മൂന്നു മാസം കൂടുമ്പോള്‍ പരിസ്ഥിതി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്യും.

രാജ്യാന്തരതലത്തിലും ദേശീയതലത്തിലുമായി ഇരുന്നൂറിലധികം അവാര്‍ഡുകളാണ് കര്‍ണാടക ആര്‍.ടി.സി.ക്ക് ലഭിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയാണ് പുരസ്‌കാരനേട്ടങ്ങള്‍ ഏറെയും. ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിലും കര്‍ണാടക ആര്‍.ടി.സി. ഇടംനേടിയിരുന്നു.

രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ വോള്‍വോ എ.സി. ബസ് ഓടിച്ചത് കര്‍ണാടക ആര്‍.ടി.സി.യാണ്. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇ.ടി.എം), ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് അവതാര്‍ സോഫ്റ്റ്വെയര്‍, ആദ്യമായി ബസില്‍ കെമിക്കല്‍ ടോയ്ലറ്റും പാന്‍ട്രി കാറും സ്ഥാപിച്ച ഐരാവത് ബ്ലിസ്, ബയോ ഡീസല്‍ ബസ് തുടങ്ങിയ പരിഷ്‌കാരങ്ങളും കര്‍ണാടക ആര്‍.ടി.സി.യുടെ നേട്ടങ്ങളാണ്.

Content Highlights; karnataka SRTC stop free water bottles in premium buses