വില്ലീസിന്റെ രൂപത്തില്‍ 10 ഗിയറുള്ള ജീപ്പ് സ്വയം നിര്‍മിക്കുക. അതും ബജാജ് ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച്. കൊട്ടിയൂര്‍ വെങ്ങലോടിയിലെ ഇല്ലത്തില്‍ അരുള്‍ രവി എന്ന 22-കാരന്‍ സ്വന്തമായി നിര്‍മിച്ച ജീപ്പിന് കൗതുകങ്ങള്‍ ഏറെയാണ്. കുട്ടികള്‍ക്കടക്കം ഓടിക്കാവുന്നവിധത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ വാഹനം ശ്രദ്ധനേടിക്കഴിഞ്ഞു.

വാഹനത്തോട് ഏറെ കമ്പമുള്ള അരുള്‍ രണ്ടുമാസംകൊണ്ടാണ് വില്ലീസ് മാതൃകയിലുള്ള മിനി ജീപ്പ് നിര്‍മിച്ചത്. പള്‍സര്‍ ബൈക്കിന്റെ 180 സി.സി. എന്‍ജിനും ഒമ്നിയുടെ ഗിയര്‍ ബോക്‌സും മാരുതി 800-ന്റെ ടയറുമാണുപയോഗിച്ചത്. നാനോയുടെ റിം പരിഷ്‌കരിച്ചതുംകൂടി ചേര്‍ന്നപ്പോള്‍ ജീപ്പിന്റെ രൂപമായി. വാഹനത്തിന്റെ മൃദുമേലാപ്പ് മടക്കിവെക്കാവുന്ന രീതിയിലാണ്. റിവേഴ്‌സ് സെന്‍സറുമുണ്ട്. 10 ഗിയറുമുള്ളതിനാല്‍ ഏത് കയറ്റവും അനായാസം കയറുമെന്ന് അരുള്‍ പറയുന്നു.

20 കിലോമീറ്ററിലേറെയാണ് വണ്ടിയുടെ ഇന്ധക്ഷമത. 70,000 രൂപയോളമാണ് നിര്‍മാണച്ചെലവ്. അരുള്‍ സ്വന്തമായി നിര്‍മിച്ച അഞ്ചാമത്തെ വാഹനമാണിത്. പബ്ജി ഗെയിം മോഡല്‍ വാഹനം, ഡ്രൈവറില്ലാതെ റിമോട്ട് കണ്‍ട്രോളറില്‍ പ്രവര്‍ത്തിക്കുന്ന വാഹനം, ജീപ്പ് തുടങ്ങിയവയാണവ. ഇലക്ട്രോണിക്‌സ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ തനിക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനോടാണ് ഏറെ താത്പര്യമെന്ന് അരുള്‍ പറയുന്നു.

വാഹനത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകള്‍ ഇത് നിര്‍മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സമീപിക്കുന്നുണ്ടെന്ന് അരുള്‍ പറഞ്ഞു. റിയാദില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരം മലപ്പുറത്തെ റിസോര്‍ട്ടിലേക്ക് ഇതേ വാഹനം നിര്‍മിക്കുകയാണിപ്പോള്‍ അരുള്‍. 

ഇരിട്ടിയില്‍നിന്ന് മറ്റൊരാള്‍ ഇതേ വാഹനം അഞ്ചെണ്ണം നിര്‍മിച്ചുനല്‍കാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മിനി ബുള്ളറ്റ് നിര്‍മിക്കുന്നതിന് തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം അച്ഛന്‍ രവി, അമ്മ സില്‍വി എന്നിവരും അരുളിന് പിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: Kannur Native Arul Make Mini Jeep Using Pulsar Bike Engine And Omni Gearbox