രു ആംബുലന്‍സിന് 30 ഡ്രൈവര്‍മാര്‍! അതിശയപ്പെടേണ്ട. കതിരൂര്‍ ഉക്കാസ്മെട്ടയിലെ ആംബുലന്‍സിന് 30 ഡ്രൈവര്‍മാരാണ്. ജീവനുവേണ്ടി കുതിച്ചുപായുന്ന വാഹനത്തിന്റെ സാരഥികള്‍ മാത്രമല്ല അവര്‍. നാടിന്റെ പല കോണുകളില്‍ വേദനയുമായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് അവരുടെ ഓട്ടം. 

കതിരൂരിലും പരിസരത്തുമുള്ളവരാണ്‌ ൈഡ്രവര്‍മാര്‍ എല്ലാവരും. മാസത്തില്‍ ഒരുദിവസം ഒരാളെന്ന രീതിയിലാണ് സേവനം. എല്ലാവരും ഡ്രൈവിങ്ങില്‍ പ്രാഗല്ഭ്യം തെളിയിച്ചവരും. 15 പേര്‍ മാത്രമാണ് ഡ്രൈവിങ് സ്ഥിരംതൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍. ബാക്കിയുള്ളവര്‍ മറ്റു മേഖലയില്‍ തൊഴില്‍ചെയ്യുന്നവരാണ്.

2018 ജനുവരി 14-ന് ഒറ്റദിവസം കൊണ്ട് 4,73,500 രൂപ പിരിച്ചെടുത്താണ് ആംബുലന്‍സിനുള്ള ആദ്യഫണ്ട് കണ്ടെത്തിയത്. 6,64000 രൂപയാണ് ആംബുലന്‍സിന്റെ വില. ബാക്കിതുക പ്രവാസികള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നായി സംഘടിപ്പിച്ചു. 

വര്‍ഷങ്ങള്‍ക്കുമുമ്പ് കതിരൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസൂരി, കോളറ എന്നിവ പടര്‍ന്നുപിടിച്ച് ഒട്ടേറെപ്പേര്‍ മരിച്ചിരുന്നു. അന്ന് ശവമടക്കാന്‍പോലും പലരും പോവാതിരുന്നപ്പോള്‍ സി.പി.ഐ. നേതാവും കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ചാത്തുക്കുട്ടി നായര്‍ മുന്‍കൈയെടുത്താണ് രോഗികളെ പരിചരിച്ചതും ശവമടക്കിയതും. അതിന്റെ ഓര്‍മയ്ക്കാണ് 'കെ.ചാത്തുക്കുട്ടി നായര്‍സ്മാരക കൈത്താങ്ങ് ആംബുലന്‍സ്' എന്നുപേരിട്ടിരിക്കുന്നത്. 2018 ഫെബ്രുവരി 11-നാണ് ആംബുലന്‍സ് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തത്.

ആംബുലന്‍സ് എന്ന ആശയം 

ഒരുദിവസം രാത്രി സുഖമില്ലാത്ത ഒരാളെ ഉക്കാസ് മെട്ടയില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരിയിലെ ആസ്പത്രിയിലെത്തിക്കണം. പലയിടങ്ങളില്‍ വിളിച്ചിട്ടും ആംബുലന്‍സ് കിട്ടിയില്ല. വളരെ കഷ്ടപ്പെട്ട് ഒരുമണിക്കൂറിലധികം കഴിഞ്ഞ് കാറിലാണ് കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിലെ ഭാരവാഹികള്‍ ഒടുവില്‍ രോഗിയെ ആസ്പത്രിയിലെത്തിച്ചത്. 

തിരി?െച്ചത്തിയപ്പോഴാണ് നാട്ടില്‍ സ്വന്തമായൊരു ആംബുലന്‍സ് വേണമെന്ന ആശയം ഉദിച്ചത്. പിന്നീട് അതിനുള്ള ശ്രമമായി. അപ്പോൾ സ്വയം സന്നദ്ധരായികുറേപ്പേര്‍ ഡ്രൈവറാകാന്‍ മുന്നോട്ട് വന്നു.അങ്ങനെയാണ് ഒരു ദിവസം ഒരു ഡ്രൈവര്‍ എന്ന നിലയില്‍ 30 ഡ്രൈവര്‍മാരുണ്ടായത്. അതില്‍ ചിലര്‍ക്ക് വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്താനുമറിയാം. അതുകൊണ്ട് ഒരു ദിവസം പോലും മുടങ്ങാതെ ആംബുലന്‍സ് വിളിപ്പുറത്തുണ്ടാവും. 

പാവപ്പെട്ടവര്‍, അപകടത്തില്‍പ്പെട്ടവര്‍, മാരകരോഗം പിടിപെട്ടവര്‍ എന്നിവരെ ആസ്പത്രിയില്‍ എത്തിക്കാന്‍ പ്രതിഫലം വാങ്ങാറില്ല. സാധാരണ ആംബുലന്‍സിനേക്കാളും തുക കുറച്ചേ ഇവര്‍ വാങ്ങിക്കാറുള്ളു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ആലോചിച്ചാണ് ഡ്രൈവര്‍ തുക തീരുമാനിക്കുന്നത്. സേവനം, പിന്നെ പ്രതിഫലം എന്നതാണ് മുദ്രാവാക്യം. 
ഒരുവര്‍ഷത്തിനുള്ളില്‍ 1,03,000 രൂപയുടെ സൗജന്യ സേവനം നടത്തിയിട്ടുണ്ട് ഈ കൂട്ടായ്മ. ചിലരില്‍നിന്ന് പ്രതിഫലം വാങ്ങാറില്ല. എന്നാല്‍ അവര്‍ സന്തോഷപൂര്‍വം ഡീസല്‍, ചക്രം, അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് എന്നിവ നല്കിയിട്ടുണ്ട്. 

വിജയന്‍ മാഷുടെ വാക്കുകള്‍

1994 ഓഗസ്റ്റ് 19-ന് കതിരൂര്‍ ഉക്കാസ്മെട്ടയില്‍ പ്രൊഫ. എം.എന്‍.വിജയന്‍ പി.കൃഷ്ണപ്പിള്ള സാംസ്‌കാരികേന്ദ്രം ഉദ്ഘാടനം ചെയ്തു. 'ഒരു സാംസ്‌കാരികസ്ഥാപനം വെറുതെ കെട്ടിപ്പൊക്കിയതുകൊണ്ട് നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല. ഈ സ്ഥാപനത്തിന് നാടിന്റെ വിളക്കായി പരിണമിച്ച് നാടിന് വെളിച്ചമേകാന്‍ കഴിയണം'- വിജയന്‍ മാഷ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ആ വാക്കുകളാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമായതും വഴികാട്ടിയായതും. അത് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് 25 വയസ്സ് പൂര്‍ത്തിയാവുന്ന ഉക്കാസ്മെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്‌കാരികകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. നിലവില്‍ 81 അംഗങ്ങളാണുള്ളത്. 

വെളിച്ചം പരത്തുന്ന പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞദിവസം ആംബുലന്‍സുമായി ബന്ധപ്പെട്ട വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. വരവുചെലവ് കണക്ക് അവതരിപ്പിച്ചപ്പോള്‍ 31,000 രൂപയാണ് മിച്ചമുണ്ടായിരുന്നത്. അതില്‍ നിന്ന് 20,000 രൂപ ഇരുവൃക്കകളും നിലച്ച ഡയമണ്‍മുക്കിലെ സാംമ്‌നയുടെ ചികിത്സച്ചെലവിലേക്ക് കൊടുത്തു. 
2005 മുതല്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്ന നിര്‍ധനരായ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സ്വര്‍ണം ഉൾപ്പെടെയുള്ള സഹായം കേന്ദ്രം നല്കുന്നുണ്ട്. 46 കുടുംബങ്ങള്‍ക്കായി 3,16,000 രൂപ ഇതിനകം നല്കി. 

രോഗികള്‍ക്ക് ജലക്കിടക്ക, ചക്രക്കസേര, നടസഹായി എന്നിവ നല്കുന്നുണ്ട്. വിവിധ ഏജന്‍സികളുമായി സഹകരിച്ച് വീടുകളില്‍ സാന്ത്വന ചികിത്സയും നല്കുന്നു. 
പ്ലാസ്റ്റിക് പായകൊണ്ട് മറച്ച് ഒറ്റമുറിയില്‍ താമസിച്ചിരുന്ന മണിയത്ത് പ്രദീപനും സഹോദരി ഷീലയ്ക്കും 3,30,847 രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചുനല്കി. 2014 മേയ്‌  17-ന് നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ത്ത് 46 ദിവസം കൊണ്ടാണ് ജനകീയ പങ്കാളിത്തത്തോടെ വീട് നിര്‍മിച്ചത്. 2014 ജൂണ്‍ 29-ന് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് താക്കോല്‍ദാനം നിര്‍വഹിച്ചത്. 

നിപ വൈറസ് ബാധയുടെ കാലത്ത് പനി മൂര്‍ച്ഛിച്ച് തലശ്ശേരിയിലെ വിവിധ ആസ്പത്രികളില്‍നിന്ന് രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകാന്‍ പലരും ആംബുലന്‍സ് കിട്ടാതെ ബുദ്ധിമുട്ടി. അപ്പോള്‍ 'കൈത്താങ്ങുമായി' മുസ്തഫ സഹായത്തിനെത്തി. സാംസ്‌കാരികകേന്ദ്രം ഇന്നത് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. 
മഹാപ്രളയത്തില്‍പ്പെട്ടുപോയവര്‍ക്ക് വേണ്ടി അരിയടക്കമുള്ള സാധനങ്ങള്‍ കരിക്കോട്ടക്കരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനും സാംസ്‌കാരിക കേന്ദ്രം മുന്നിലുണ്ടായിരുന്നു.