ടി.പി. ചന്ദ്രശേഖരന്റെ ഫോണ്‍നമ്പര്‍ ഔദ്യോഗിക നമ്പറാക്കിയതിനുപിന്നാലെ ടി.പി. ഉപയോഗിച്ച ബൈക്കിന്റെ നമ്പറും സ്വന്തമാക്കി കെ.കെ. രമ എം.എല്‍.എ. ടി.പി. കൊല്ലപ്പെടുമ്പോള്‍ സഞ്ചരിച്ചത് കെ.എല്‍. 18 എ. 6395 നമ്പര്‍ ബൈക്കിലായിരുന്നു. പുതുതായി രമ വാങ്ങിയ കാറിന്റെ നമ്പറാകട്ടെ കെ.എല്‍.18 എ.എ. 6395. 'എ' എന്ന അക്ഷരം കൂടിയതുമാത്രമാണ് മാറ്റം.

എം.എല്‍.എ.യുടെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ ടി.പി.യുടെ ബൈക്കിന്റെ നമ്പര്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി കെ.കെ. രമ എം.എല്‍.എ. പറഞ്ഞു. ആരുവിളിച്ചാലും അവരുടെ അടുത്തേക്ക് സാന്ത്വനമായി ടി.പി. ചന്ദ്രശേഖരന്‍ ഓടിയെത്തിയത് ബൈക്കിലായിരുന്നു. 

അതേ ബൈക്കിന്റെ നമ്പര്‍തന്നെ വേണമെന്നതിനാല്‍ മോട്ടോര്‍വാഹനവകുപ്പില്‍ ഇതിനായി അപേക്ഷനല്‍കി. കഴിഞ്ഞദിവസമാണ് ഈ നമ്പര്‍ കിട്ടിയത്. ടി.പി.യുടെ ബൈക്കിന്റെ നമ്പര്‍ ഒഞ്ചിയം മേഖലയില്‍ പലര്‍ക്കും സുപരിചിതമാണ്. വള്ളിക്കാടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ടി.പി.യെ ഇന്നോവകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. 

ഒഞ്ചിയത്തെ വീടിന്റെ മുകള്‍നിലയില്‍ ബൈക്കും ടി.പി.യുടെ ഹെല്‍മെറ്റുമെല്ലാം ഇപ്പോഴുമുണ്ട്. നേരത്തെ ടി.പി. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പറും രമ ബി.എസ്.എന്‍.എലാല്‍നിന്ന് സ്വന്തമാക്കിയിരുന്നു. ഇതാണ് രമയുടെ ഔദ്യോഗിക നമ്പര്‍.

Content Highlights: K.K.Rama MLA, Car Number, T.P. Chandrasekharan, Bike Number