ത്സരങ്ങള്‍ എന്നും ഹരമായിരുന്നു ജീമോന്‍ ആന്റണിക്ക്. അത് പതിനെട്ടാം വയസില്‍ തുടങ്ങിയതാണ്. മോഡിഫൈ ചെയ്ത യമഹ ആര്‍. എക്‌സ്. 135 ലായിരുന്നു തുടക്കം. അതുമായി ഇന്ത്യയിലെ മുക്കുംമൂലയിലുമുള്ള റേസിങ്ങ് മത്സരങ്ങളിലെല്ലാം പങ്കെടുത്തു. ഭൂരിഭാഗത്തിലും കപ്പുമായാണ് മടങ്ങിയത്. 2007 വരെ ഈ തേരോട്ടം തുടര്‍ന്നു. 

എന്നാല്‍, 2007 ല്‍ വിവാഹിതനായി കുടുംബനാഥനായി മാറിയതോടെ തത്കാലം മത്സരങ്ങളോടുള്ള കമ്പം ഉള്ളിലൊതുക്കി. പിന്നീട് കേരളപോലീസിലെ സിവില്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. എങ്കിലും റേസിങ്ങിനോടുള്ള പ്രണയം കെടാതെ മനസില്‍ സൂക്ഷിച്ചു. 2008 ലാണ് വീണ്ടുമൊരു റോഡ് ട്രിപ്പിന് ജീമോന്‍ തയ്യാറാകുന്നത്. 

അതും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്‌ളാസിക് 350 യുമായി. അതിനു ശേഷം എന്‍ഫീല്‍ഡിന്റെ ആരാധകനായി മാറുകയായിരുന്നു. ഹിമാലയത്തിലൂടെയുള്ളയുള്ള 2500 കിലോമീറ്റര്‍ യാത്ര ശരിക്കും ത്രസിപ്പിക്കുന്ന അനുഭവമായി. അന്ന് ഒപ്പം കൂടിയ ക്‌ളാസിക് 350 കട്ടയ്ക്ക് ഒപ്പം നിന്നു. ഒരിടത്തും ബ്രേക്ക്ഡൗണാകാതെ ഒപ്പം തന്നെയുണ്ടായിരുന്നു. പിന്നീട് 2018 ല്‍ ക്‌ളാസിക്കില്‍ നിന്ന് ഹിമാലയനിലേക്ക് മാറി. 

കൂടിയ കരുത്തും ഏത് പരിതസ്ഥിതിയിലും അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവും ഹിമാലയന്റെ പ്രത്യേകതയാണ്. അത് ഡെര്‍ട്ട് ട്രാക്കാകട്ടെ, കുന്നും മലയുമാകട്ടെ അനായാസം എവിടേയും എത്തിപ്പിടിക്കാന്‍ കഴിയുന്നതായിരുന്നു.  ഈ ഹിമാലയനുമായി വീണ്ടും ഇന്ത്യയിലെ വിവിധ  മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഒരുക്കമായി.  

റോയല്‍ എന്‍ഫീല്‍ഡിന്റെ റൈഡര്‍മാനിയയിലടക്കം ഒന്നാമനാവാന്‍ കഴിഞ്ഞു. ഇന്ത്യന്‍ പോലീസിലെ  ഏക ഡെര്‍ട്ട് റൈഡര്‍ എന്നുള്ള ഖ്യാതി കൂടി എത്തിയതോടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോലീസ് വകുപ്പ് തന്നെ സഹായം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു ജീമോന്‍.

Content Highlights: June 21; World Motorcycle Day, Story Of Royal Enfield Himalayan Rider Jeemon