കെ.എല്‍.ആര്‍. 9272 നമ്പറിലുള്ള 1970 മോഡല്‍ കറുത്ത അംബാസഡര്‍ കാര്‍ 27 വര്‍ഷത്തിനുേശഷം ആദ്യ ഉടമയുടെ വീട്ടിലേക്ക് തിരിച്ചെത്തിയ കഥയാണിത്. ആദ്യ ഉടമ നിരൂപകനും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി. രണ്ടാമത്തെ ഉടമ പ്രമുഖ നാടകകൃത്ത് സി.എല്‍. ജോസ്. നഗരത്തിലെ കിഴക്കേക്കോട്ടയില്‍ രണ്ട് വീടുകളും തമ്മില്‍ 50 മീറ്റര്‍ മാത്രം അകലം.

മന്ത്രിപദം ഒഴിഞ്ഞശേഷം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വാങ്ങിയ അംബാസഡര്‍ കാര്‍ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ കത്രീന അയല്‍വാസിയായ സി.എല്‍. ജോസിന് വിറ്റിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം മുണ്ടശ്ശേരിയുടെ ഇളയമകന്‍ ജോസ് മുണ്ടശ്ശേരി തിരികെ വാങ്ങി മുണ്ടശ്ശേരിഭവനത്തില്‍ സൂക്ഷിച്ചു.

വര്‍ഷാവധിക്ക് അമേരിക്കയില്‍നിന്നെത്തിയ ജോസ് മുണ്ടശ്ശേരിയും ഏറെക്കാലം കാറിന്റെ ഉടമയായിരുന്ന സി.എല്‍. ജോസും കാറിനെ തൊട്ടും തലോടിയും അക്കഥ ഓര്‍ത്തെടുത്തു. മകന്‍ തോമസിന്റെ കാറിലായിരുന്നു മിക്കപ്പോഴും മുണ്ടശ്ശേരിയുടെ യാത്ര. തോമസിന് തിരക്കേറിയതോടെയാണ് മുണ്ടശ്ശേരി സ്വന്തമായി കാര്‍ വാങ്ങിയത്. 14 വര്‍ഷം മുണ്ടശ്ശേരിയുടെ യാത്ര ഇതിലായിരുന്നു. മുണ്ടശ്ശേരിയുടെ മരണശേഷം കാറിന് ഉപയോഗമില്ലാതായി.

ഈ മേഖലയില്‍ മോഷണവും നടന്നിരുന്നു. ഇത് ഭയന്ന് കാര്‍ വില്‍ക്കാനാഗ്രഹിക്കുന്ന കാര്യം മുണ്ടശ്ശേരിയുടെ ഭാര്യ അയല്‍വാസിയായ സി.എല്‍. ജോസിനോട് പറഞ്ഞു. ജോസേട്ടനാണ് വാങ്ങുന്നതെങ്കില്‍ വില കുറച്ച് നല്‍കാമെന്ന് മുണ്ടശ്ശേരിയുടെ മകനായ തോമസ് പറഞ്ഞു. അതുപ്രകാരം 34,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. ബാറ്ററി കേടായതിനാല്‍ വീണ്ടും 1000 കുറച്ചു.

അമേരിക്കയില്‍ ജോലിചെയ്തിരുന്ന ജോസ് മുണ്ടശ്ശേരിയാണ് മുണ്ടശ്ശേരിഭവനം നോക്കിനടത്തിയിരുന്നത്. ഒരിക്കല്‍ നാട്ടിലെത്തിയ ജോസ് അച്ഛന്റെ കാര്‍ അയല്‍വാസിയായ സി.എല്‍. ജോസിന്റെ വീട്ടില്‍ കണ്ട് തിരികെ തരുമോയെന്ന് ചോദിച്ചു. 75,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. അങ്ങനെ നാടകത്തറവാട്ടില്‍നിന്ന് കാര്‍ വീണ്ടും മുണ്ടശ്ശേരിഭവനത്തിലെത്തി.

Content Highlights: Joseph Mundassery's Ambassador Car, 1970 Model Ambassador Car, Joseph Mundassery