ലയാള സിനിമ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹലാല്‍ ചിത്രമായ നരസിംഹം. സിനിമയ്‌ക്കൊപ്പം ഹിറ്റായ മറ്റൊന്ന് കൂടിയുണ്ട്, ബോണറ്റില്‍ ഫയര്‍ എന്ന് എഴുതി, മുന്നില്‍ സ്റ്റെപ്പിനി ടയറും നല്‍കിയെത്തിയ ആ ചുവന്ന ജീപ്പ്. സിനിമ ഇറങ്ങി 21 വര്‍ഷം പിന്നിടുമ്പോഴും ഈ ജീപ്പിനെ പൊന്നുപോലെ കരുതുകയാണ് പെരുമ്പാവൂര്‍ സ്വദേശിയായ മധു എന്നയാള്‍.

സിനിമയില്‍ എത്തുന്നതിന് മുമ്പുതന്നെ ഈ ജീപ്പ്‌ മധുവിന് പരിചയമുണ്ട്. സിനിമയുടെ ആവശ്യത്തിനായി ഈ ജീപ്പ് വാങ്ങി പണിത് എടുക്കുമ്പോള്‍ മുതല്‍ തനിക്ക് ഈ വാഹനത്തെ അറിയാമെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് നരസിംഹത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വച്ചാണ്‌ ഈ വാഹനം കാണുന്നത്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങ് കാണാന്‍ സിനിമ സെറ്റില്‍ ഉണ്ടായിരുന്നതായും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ഷൂട്ടിങ്ങ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ വിളിക്കുകയും വാഹനം വില്‍ക്കാന്‍ ഒരുങ്ങുന്നതായി അറിയിക്കുകയും ചെയ്തതോടെയാണ് ഇത് വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീട് ഈ വാഹനം വാങ്ങുകയും മുന്നിലുണ്ടായിരുന്ന സ്റ്റെപ്പിനി പിന്നിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഇപ്പോഴും സൂക്ഷിക്കുകയും ചെയ്യുകയാണെന്ന് മധു പറഞ്ഞു.

ഈ വാഹനം ഒരിക്കലും വില്‍ക്കാന്‍ ഒരുക്കമല്ലെന്നാണ് മധു പറയുന്നത്. എന്നാല്‍, എന്തെങ്കിലും ആവശ്യത്തിന് ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ചോദിച്ചാല്‍ സന്തോഷത്തോടെ ഈ വാഹനം വിട്ടുനല്‍കും. മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ എന്തെങ്കിലും ആവശ്യത്തിനും ഇത് വിട്ടുനല്‍കാന്‍ ഒരുക്കമാണ്. അല്ലാത്ത പക്ഷം ഇത് ഒരിക്കലും വില്‍ക്കില്ലെന്നും മധു ഉറപ്പിച്ച് പറയുന്നു.

സിനിമയില്‍ മാത്രമല്ല, അങ്ങ് രാഷ്ട്രീയത്തിലും ഈ വാഹനത്തിന് നല്ല പിടിപാടാണെന്നാണ് വാഹനത്തിന്റെ ഉടമ അഭിപ്രായപ്പെടുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പാവൂരില്‍ പ്രചരണത്തിന് എത്തിയപ്പോള്‍ സഞ്ചരിച്ച തുറന്ന ജീപ്പ് ഇതായിരുന്നു. ഈ വാഹനത്തില്‍ പോകുമ്പോള്‍ ആരാധനയോടെ ആളുകള്‍ നോക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

Content Highlights: Jeep Used In Mohanlal Movie Narasimham