കോഴിക്കോട്-പാലക്കാട് ഹൈവേയില്‍ കഴിഞ്ഞ ദിവസം ജെസിബിയും-മഹീന്ദ്ര ബൊലേറൊയും ഇടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്. ഈ സാഹചര്യത്തില്‍ അപകടത്തില്‍ പെട്ട് ബൊലേറൊയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്രയുടെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര.

ആ ബൊലേറോ ഒരു ജീവന്‍ രക്ഷിച്ചെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ആ ബൊലേറൊ അപ്പോള്‍ ആ വഴി വന്നത് ബൈക്കില്‍ ഇരുന്നിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടായാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. അപകടത്തിന്റെ വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റിട്ടിരിക്കുന്നത്. 

കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ബ്രേക്ക് തൊടുകാപ്പ് ഇറക്കത്തില്‍ നഷ്ടപ്പെടുകയായിരുന്നു. 

അതേസമയം, എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബൊലേറൊ ജെസിബിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുമാറിയ ബൊലേറൊ സമീപത്തുണ്ടായിരുന്ന ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍, ആ ബൊലേറൊ ജെസിബിയില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ ബൈക്കില്‍ വിശ്രമിച്ചിരുന്ന യുവാവിന്റെ ജീവന്‍ പോലും അപകടത്തിലാകുമായിരുന്നു. 

ബൊലേറൊയും ജെസിബിയും കൂട്ടിയിടിക്കുന്ന ശബ്ദം കേട്ട് ബൈക്കിലുണ്ടായിരുന്ന സാലി എന്ന യുവാവ് ഇറങ്ങിയപ്പോഴേക്കും ബൊലേറൊയും ബൈക്കിലേക്കും ഇടിച്ചിരുന്നു. എന്നാല്‍, വാഹനത്തിന്റെ അടിയില്‍പെടാതെ സാലി അദ്ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിലും ബൈക്കിലും ഇടിച്ചശേഷം സമീപത്തെ വീട്ടുമുറ്റത്തേക്ക് കയറിയാണ് മണ്ണുമാന്തി നിന്നത്.

Content Highlights: JCB-Mahindra Bolero Accident; Anand Mahindra Praise The Bolero For Saving A Life