കാര്യമായ എതിരാളികളില്ലാതെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരത്തില്‍ തങ്ങളുടേതായ സ്ഥാനം വെട്ടിപിടിച്ചവരാണ് റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 350 മോഡലായിരുന്നു കമ്പനിയുടെ മുഖ്യപടയാളി. ഈ നിരയിലേക്ക് മത്സരിക്കാനെത്തിയ പുതിയ അതിഥിയാണ് സാക്ഷാല്‍ ജാവ മോട്ടോര്‍സൈക്കിള്‍സ്. ഇന്ത്യന്‍ കമ്പനി തന്നെയായ മഹീന്ദ്രയുടെ നിയന്ത്രണത്തിലാണ് ജാവയുടെ രണ്ടാംവരവ്. ജാവ, ജാവ 42 എന്നിവയാണ് ജാവയില്‍ നിന്ന് ആദ്യമെത്തുന്നത്. 300 സിസി എന്‍ജിനൊപ്പം ഒറ്റനോട്ടത്തില്‍ ആ പഴയ ജാവ തന്നെ എന്ന് തോന്നിപ്പിക്കുന്ന ക്ലാസിക് രൂപത്തിലാണ് ജാവ തിരിച്ചെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുമായി ശക്തമായ മത്സരത്തിന് കളം ഒരുങ്ങുകയാണ്.
വില - ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ ക്ലാസിക് പതിപ്പായ ജാവയ്ക്ക് 1.64 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എന്‍ട്രി ലെവല്‍ മോഡലായ ജാവ 42-ന് 1.55 ലക്ഷം രൂപയും. അതേ സമയം റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് ഡ്യുവല്‍ ഡിസ്കിന് 1.47 ലക്ഷം രൂപ മുതലുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. ക്ലാസിക് 350 സിഗ്നല്‍സ് പതിപ്പിന് 1.63 ലക്ഷം രൂപയിലുമെത്തും എക്സ്ഷോറൂം വില.
എന്ജിന് - 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ട് ജാവ മോഡലിനും കരുത്ത് പകരുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. അതേസമയം 346 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യിലുള്ളത്. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. 5 സ്പീഡാണ് ഗിയര്‍ബോക്സ്. ക്ലാസിക് 350-യെക്കാള്‍ 7.2 ബിഎച്ച്പി പവര്‍ അധികം നല്‍കുന്നതാണ് ജാവയിലെ 300 സിസി എന്ജിന്, ടോര്‍ക്ക് രണ്ടിലും സമാനമാണ്.
ഡിസൈന്‍ - ക്ലാസിക് ശൈലിയാണ് രണ്ട് കമ്പനികളും പിന്തുടരുന്നത്. പഴയ ജാവ ബൈക്കിന്റെ ക്ലാസിക് ടച്ചില്‍ വലിയ വ്യത്യാസമില്ലാതെയാണ് പുത്തന്‍ ജാവയുടെ രൂപകല്പന. റെട്രോ സ്റ്റൈല്‍ റൗണ്ട് ഹെഡ്ലാമ്പാണ് രണ്ടിലും. മുന്‍ഭാഗത്തെയും ഫ്യുവല്‍ ടാങ്ക് ഡിസൈനും സമാനം. രണ്ടിലും അനലോഗാണ് സ്പീഡോമീറ്റര്‍. വലിയ മാറ്റം സീറ്റിലാണ്, ക്ലാസിക് 350-യില്‍ സ്പ്ലിറ്റ് സീറ്റായിരുന്നെങ്കില്‍ ജാവയില്‍ സിംഗിള്‍ ബെഞ്ച് ടൈപ്പ് സീറ്റാണുള്ളത്. ട്വിന്‍-ബാരല്‍ എക്സ്ഹോസ്റ്റും ജാവയെ വ്യത്യസ്തമാക്കും. ക്ലാസിക്കില്‍ സിംഗിള്‍ എക്സ്ഹോസ്റ്റാണ്. രണ്ടിലും മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഹൈഡ്രോളിക് ഡ്യുവല്‍ ഷോക്കുമാണ് സസ്പെന്ഷന്. അതേസമയം ജാവയില്‍ സെല്‍ഫ് സ്റ്റാര്‍ട്ട് ഓപ്ഷന് മാത്രമേയുള്ളു, കിക്കറില്ല.
അഴകളവുകള്‍ - 192 കിലോഗ്രാം ഭാരമുള്ള ക്ലാസിക് 350-യെക്കാള്‍ ഭാരം കുറവാണ് ജാവയ്ക്ക്, 170 കിലോഗ്രാമാണ് ആകെ ഭാരം. ജാവയില്‍ മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ക്ലാസിക്കില്‍ ഇത് യഥാക്രമം 19 ഇഞ്ചും 18 ഇഞ്ചുമാണ്. 2122 എംഎം നീളവും 789 എംഎം വീതിയും 1165 എംഎം ഉയരവും 1369 എംഎം വീല്‍ബേസും 765 എംഎം സീറ്റ് ഹൈറ്റുമാണ് ജാവയ്ക്കുള്ളത്. ക്ലാസിക് 350-യില്‍ ഇത് യഥാക്രമം 2160 എംഎം, 790 എംഎം, 1090 എംഎം, 1370 എംഎം 800 എംഎം എന്നിങ്ങനെയാണ്. അതേസമയം ജാവയുടെ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജാവയിലും ക്ലാസിക് 350-യിലും മുന്നില്‍ 280 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 153 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷയ്ക്കുള്ളത്. മുന്നില്‍ സിംഗിള്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഇരുകമ്പനികളും നല്‍കിയിട്ടുണ്ട്.
Content Higlights; Jawa Vs Royal Enfield Classic 350 Comparison
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..