മയൂർ ഷെൽക്ക, ജാവ മോട്ടോർ സൈക്കിൾ | Photo: PTI|Jawa Motorcycle
കഴിഞ്ഞ ഏതാനും ദിവസമായി ധൈര്യത്തിന്റെ പര്യായമായി വിശേഷിപ്പിക്കുന്നത് പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സാഹസികമായി പിഞ്ചുകുഞ്ഞിനെ രക്ഷിച്ച മയൂര്‍ ഷെല്ക്കെയെയാണ്. രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളും റെയില്‍വേയുടെ പാരിതോഷികവും ലഭിച്ച ഈ വ്യക്തിയെ ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ജാവയും ആദരിച്ചിരിക്കുകയാണ്. മയൂറിന്റെ ധീരതയ്ക്ക് ജാവയുടെ ബൈക്ക് സമ്മാനമായി നല്‍കിയാണ് ഈ വാഹന നിര്‍മാതാക്കള്‍ ആദരിച്ചിരിക്കുന്നത്.
റെയില്‍വേ ജീവനക്കാരനായി മയൂര്‍ ഷെല്‍ക്കെയുടെ പ്രവര്‍ത്തി അദ്ഭുതത്തോടെയാണ് ജാവ മോട്ടോര്‍ സൈക്കിള്‍ കുടുംബം കാണുന്നത്. അദ്ദേഹത്തിന്റെ ധീരമായി പ്രവര്‍ത്തിയെ ആദരിക്കുന്നതിന്റെ ഭാഗമായി മയൂറിന് ജാവ മോട്ടോര്‍ സൈക്കിള്‍ സമ്മാനിക്കുമെന്ന് ജാവ മോട്ടോര്‍സൈക്കിള്‍ ഡയറക്ടര്‍ അനുപം തരേജ ഉറപ്പുനല്‍കി. ജാവ ഹീറോസ് പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിന് ബൈക്ക് സമ്മാനിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മയൂര്‍ ഷെല്ക്കിനെ അഭിനന്ദിച്ച് മഹീന്ദ്രയുടെ ചെയര്മാന് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിട്ടുണ്ട്. മേക്കപ്പും കോസ്റ്റ്യൂമും ഇല്ലെങ്കിലും സിനിമയിലെ സൂപ്പര്‍ ഹീറോകളെക്കാള് വലിയ ധൈര്യമാണ് അദ്ദേഹം കാണിച്ചത്. പ്രതിസന്ധികളില്‍ രക്ഷകരാകുന്ന ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ടെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഞങ്ങള്‍ മയൂറിന്റെ ധീരത വലിയ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും ആനന്ദ് മഹീന്ദ്രയും ട്വിറ്ററില്‍ കുറിച്ചു.
ഏപ്രില്‍ 17-ാം തീയതിയാണ് മയൂറിനെ ഹീറോയാക്കിയ സംഭവം നടക്കുന്നത്. ട്രാക്കിലൂടെ വേഗത്തില്‍ വരികയായിരുന്ന ബെംഗളൂരു-മുംബൈ ഉദ്യാന്‍ എക്സ്പ്രസിന് മുന്നിലേക്ക് കുട്ടി വീഴുകയായിരുന്നു. ട്രെയിനിന് കൊടി വീശാനായി നിന്നിരുന്ന മയൂര്‍ ഷെല്‍ക്കെ ഇത് കാണുകയും ട്രാക്കിലൂടെ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. അദ്ദേഹം കുട്ടിയുമായി പ്ലാറ്റ്ഫോമിലേക്ക് കയറി സെക്കൻഡുകള്‍ക്കുള്ളില്‍ ട്രെയിന്‍ കടന്നു പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.
വേഗത്തില്‍ വരുന്നൊരു എക്സ്പ്രസ് ട്രെയിനായിരുന്നതിനാല്‍ കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ, ചിന്തിച്ചുനില്ക്കാന് സമയമില്ലായിരുന്നു. പാളത്തിലേക്കുവീണ കുട്ടിയെ രക്ഷിക്കണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ ദൗത്യം ഏറ്റെടുത്തതെന്നാണ് റെയില്‍വേ പോയന്റ്സ്മാനായ മയൂര്‍ ഷെല്‍ക്കെ എന്ന മുപ്പതുകാരന് പറയുന്നു. മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേസ്റ്റേഷനിലാണ് സംഭവം നടന്നത്.
കുട്ടി ട്രാക്കിലേക്ക് വീണതോടെ താന്‍ ഭയന്നുപോയെന്ന് കാഴ്ചശക്തിയില്ലാത്ത മാതാവ് സംഗീത പറഞ്ഞു. ''ആ മനുഷ്യന്‍വന്ന് എന്റെ മകനെ രക്ഷിച്ചു. എന്റെ മകനുവേണ്ടി അദ്ദേഹം സ്വന്തം ജീവന് അപകടത്തിലാക്കി. അദ്ദേഹം കാരണം മാത്രമാണ് ഇന്ന് എന്റെ മകന് എനിക്കൊപ്പമുള്ളത്. എന്റെ ആറുവയസ്സുള്ള മകന് എന്റെ ഏക പിന്തുണയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഞാന്‍ അദ്ദേഹത്തിന് നന്ദിപറയുന്നു'' -സംഗീത പറഞ്ഞു.
റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ''മയൂര്‍ ചെയ്തത് പുരസ്കാരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമൊക്കെ അപ്പുറമുള്ള കാര്യമാണ്, എന്നിരുന്നാലും അദ്ദേഹത്തിന് ഉയര്‍ന്ന ബഹുമതി നല്കുകയുംചെയ്യും. സ്വന്തം ജീവന് പോലും അപകടത്തിലാക്കി ഒരു ജീവന് രക്ഷിച്ച അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഹൃദയം കവര്‍ന്നു. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വാക്കുകളില്ല'' - പീയൂഷ് ഗോയല്‍ പറഞ്ഞു.
Content Highlights: Jawa Motorcycle Honour Railway Staff Mayur Shelke
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..