പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ കാണിച്ച ധീരതയെ അഭിനന്ദിച്ച് ഇന്ത്യയിലെ ഐതിഹാസിക മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ജാവ. കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ഷെല്‍ക്കെയ്ക്ക് വാഗ്ദാനം ചെയ്തിരുന്ന ജാവ മോട്ടോര്‍സൈക്കിള്‍ കൈമാറി. ജാവ മോട്ടോര്‍ സൈക്കിള്‍ മേധാവി അനുപം തരേജ സമ്മാനം പ്രഖ്യാപിച്ച് അടുത്ത ദിവസം തന്നെ ജാവയുടെ ജീവനക്കാര്‍ പുതിയ ബൈക്ക് മയൂറിന് കൈമാറുകയായിരുന്നു.

ജാവ മോട്ടോര്‍ സൈക്കിളിന്റെ ഫോര്‍ട്ടി ടു നെബുല ബ്ലൂ മോഡലാണ് അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിട്ടുള്ളത്. കമ്പനിയുടെ ജാവ ഹീറോസ് ഉദ്യമത്തിന്റെ ഭാഗമായാണ് മയൂറിനെ തേടി ഈ സമ്മാനം എത്തിയിട്ടുള്ളത്. ധീരനായ താങ്കള്‍ ഞങ്ങളുടെ വാഹനം ഉപയോഗിക്കുന്നതില്‍ അഭിമാനിക്കുകയാണ്. നിങ്ങള്‍ ഒരു പ്രചോദനമായി തുടരും, തുടര്‍ന്നും നിസ്വാര്‍ഥനായിരിക്കുക എന്നാണ് വാഹനം സമ്മാനിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം അനുപം തരേജ ട്വിറ്ററില്‍ കുറിച്ചത്.

കാഴ്ച ശക്തിയില്ലാത്ത സംഗീത എന്ന സ്ത്രീയുടെ മകനാണ് റെയില്‍വേ ട്രാക്കിലേക്ക് വീണത്. ഈ കുട്ടിയെ രക്ഷിച്ചതിനെ തുടര്‍ന്ന് റെയില്‍വേ അദ്ദേഹത്തിന് പാരിതോഷികമായി നല്‍കിയ തുകയും പകുതി ഈ കുട്ടിക്കും അമ്മയ്ക്കുമായി മയൂര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേയുടെ പാരിതോഷികത്തിന് പുറമെ, റെയില്‍വേ മന്ത്രി, ആനന്ദ് മഹീന്ദ്ര തുടങ്ങി നിരവധി പ്രമുഖരാണ് മയൂറിന്റെ നിസ്വാര്‍ഥ സേവനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. 

ഏപ്രില്‍ 17-ാം തീയതിയാണ് മയൂറിനെ ഹീറോയാക്കിയ സംഭവം നടക്കുന്നത്. ട്രാക്കിലൂടെ വേഗത്തില്‍ വരികയായിരുന്ന ബെംഗളൂരു-മുംബൈ ഉദ്യാന്‍ എക്സ്പ്രസിന് മുന്നിലേക്ക് കുട്ടി വീഴുകയായിരുന്നു. ട്രെയിനിന് കൊടി വീശാനായി നിന്നിരുന്ന മയൂര്‍ ഷെല്‍ക്കെ ഇത് കാണുകയും ട്രാക്കിലൂടെ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. അദ്ദേഹം കുട്ടിയുമായി പ്ലാറ്റ്ഫോമിലേക്ക് കയറി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ട്രെയിന്‍ കടന്നു പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

വേഗത്തില്‍ വരുന്നൊരു എക്സ്പ്രസ് ട്രെയിനായിരുന്നതിനാല്‍ കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ, ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ലായിരുന്നു. പാളത്തിലേക്കുവീണ കുട്ടിയെ രക്ഷിക്കണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ ദൗത്യം ഏറ്റെടുത്തതെന്നാണ് റെയില്‍വേ പോയന്റ്സ്മാനായ മയൂര്‍ ഷെല്‍ക്കെ എന്ന മുപ്പതുകാരന്‍ പറയുന്നു. മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേസ്റ്റേഷനിലാണ് സംഭവം നടന്നത്.

Content Highlights: Jawa Motorcycle Hand Over Jawa Forty Two Bike To Mayur Shelke