ജാസ്മിൻ ബസിൽ അരനൂറ്റാണ്ടുതികച്ച കണ്ടക്ടർ ജെ.നൂറുദീനും ഡ്രൈവർ സി.ആർ.വിശ്വനാഥനും.
ഒരുദിവസം ജാസ്മിനെ കാണാതിരുന്നാല്‍ നൂറുദീന്‍ വല്ലാത്ത അസ്വസ്ഥതയാണ്. ഇതേ മനോനിലയിയാണ് വിശ്വനാഥനും. ഇത് നന്നായറിയാവുന്നതിനാലാണ് 15 ബസുകളുണ്ടായിരുന്ന പത്തനംതിട്ടയിലെ ഹാജി എം.മീരാസാഹിബ് എന്ന ജാസ്മിന് ബസ്കമ്പനി ഉടമ ഇവര്‍ക്കായി ഒരു ബസ് മാത്രം നിലനിര്‍ത്തിയത്.
ബസ് വ്യവസായത്തില്‍നിന്ന് പിന്മാറണമെന്ന് മീരാസാഹിബ് തീരുമാനിച്ചെങ്കിലും അരനൂറ്റാണ്ടായി തനിക്കൊപ്പമുള്ള കണ്ടക്ടര്‍ ജെ.നൂറുദീനെയും (73) ഡ്രൈവര്‍ സി.ആര്.വിശ്വനാഥനെയും(68) കൈവിടാന്‍ മനസ്സുവന്നില്ല. അതുകൊണ്ടുതന്നെ ഇരുവരും ഇങ്ങനെ പറയുന്നു-'കണ്ടക്ടര്‍ക്കും ഡ്രൈവര്ക്കുംവേണ്ടി ഒരു ബസ് നിലനിര്‍ത്തുന്ന ആദ്യ മുതലാളിയായിരിക്കും ഞങ്ങടെ മുതലാളി'.
1972-ല്‍ തുടങ്ങിയതാണ് ഇരുവരും ചേര്‍ന്നുള്ള ഈ ഓപ്പണിങ് കൂട്ടുകെട്ട്. തൊഴിലിനെ ഈശ്വരതുല്യം സ്നേഹിക്കുന്ന രണ്ടുപേര്‍. 'എന്റെ യാത്രക്കാര്‍' എന്ന വാക്ക് സംസാരത്തിനിടെ പലവട്ടം രണ്ടുപേരില്‍നിന്നും കേള്‍ക്കാം. റാന്നി-അടൂര്‍ റൂട്ടില്‍ തുടങ്ങിയ സര്‍വീസ് പിന്നീട് കറ്റാനത്തേക്ക് നീട്ടി. റാന്നിയില്‍നിന്ന് പത്തനംതിട്ടയെത്തി ചന്ദനപ്പള്ളി, ഏഴംകുളം വഴിയുള്ള റൂട്ടിലെ ജാസ്മിനിലായിരുന്നു ഇരുവരും.

ആറുകൊല്ലം മുമ്പ് ഈ സര്‍വീസ് നിര്‍ത്തി. പിന്നീടാണ് ഇപ്പോള്‍ പത്തനംതിട്ട-അടൂര്‍ റൂട്ടിലോടുന്ന ജാസ്മിനിലേക്ക് ഇരുവരും മാറിയത്. വര്‍ഷം 30 ദിവസത്തിനപ്പുറം ഇരുവരും ജാസ്മിനില്നിന്ന് മാറിനിന്നിട്ടില്ല. അല്പം കര്‍ക്കശക്കാരനാണ് നൂറുദീന്‍. വിദ്യാര്‍ഥികളുമായി കശപിശ ഉണ്ടായിട്ടുണ്ടെങ്കിലും അത് അവരുടെ നന്മയ്ക്കുവേണ്ടിയായിരുന്നെന്ന് നൂറുദീന്‍ പറയുന്നു.
അച്ചടക്കം അദ്ദേഹത്തിന് പ്രധാനം. സ്ത്രീകള്‍ നില്ക്കുമ്പോള് അവരുടെ സീറ്റില്‍ പുരുഷന്മാര് ഇരിക്കുന്നത് നൂറുദീന്‍ സഹിക്കില്ല. ഗര്‍ഭിണികളെയും കുഞ്ഞുങ്ങളുമായി വരുന്നവരെയും സീറ്റിലിരുത്തിയാല് മാത്രമേ തൃപ്തിയുള്ളൂ. വിദ്യാര്‍ഥികള്‍ കള്ളത്തരം കാണിച്ചാല്‍ പിടിക്കുകയും ചെയ്യും. നല്ല റോഡാണെങ്കില്‍ ജാസ്മിന് ബസിന്റെ സീറ്റില്‍ വയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളം തൂകിപ്പോകില്ലെന്ന ഒരു യാത്രക്കാരന്റെ കമന്റാണ് വിശ്വനാഥന് അഭിമാനത്തോടെ ഓര്‍ക്കുന്നത്.
ആള്‍ക്കാരെ വിഷമിപ്പിക്കുന്ന ബ്രേക്ക് ചവിട്ടില്ല, മത്സരയോട്ടമില്ല തുടങ്ങി ഡ്രൈവിങ് മര്യാദകളുടെ ആചാര്യനാണ് ഇദ്ദേഹം. രാവിലെ ഏഴിന് പത്തനംതിട്ട സ്റ്റാന്‍ഡില്‍ വണ്ടിയുമായെത്തുമ്പോള്‍ പുതുതലമുറ ഡ്രൈവര്‍മാര്‍ നല്കുന്ന സല്യൂട്ടാണ് വിശ്വനാഥന്റെ മറ്റൊരു ആത്മവിശ്വാസം. അരനൂറ്റാണ്ടിന്റെ ഓട്ടത്തിനിടയില്‍ ഒരിക്കല്‍പോലും അപകടം ഉണ്ടാക്കിയിട്ടില്ല. നൂറുദീന്‍ പത്തനംതിട്ട കുമ്പഴ ഷഫാന മന്‍സിലില്‍ താമസം. രണ്ടു പെണ്മക്കള്. കുമ്പഴ നെടുവാന ചരിവുകാലയില്‍ വീട്ടിലാണ് കുടുംബസമേതം വിശ്വനാഥന്റെ താമസം.
Content Highlights: Jasmine bus service, 50 year service with jasmine bus, driver and conductor, private bus service
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..