ണ്ടനിലെ പ്രശസ്തമായ റോയല്‍ വിക്ടോറിയ ഡോക്ലാന്‍ഡിന് സമീപത്തുള്ള ഒരു പ്രദേശം. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരം ചൂടേറിയ ജൂലായ് മാസത്തിലെ 13-ാം തീയതി രാത്രി. പൊടുന്നനെ തളംകെട്ടി കിടക്കുന്ന ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു കാറിന്റെ ഹെഡ്ലൈറ്റുകള്‍ തിളങ്ങി. എന്‍ജിന്റെ ഇരമ്പത്തോടൊപ്പം കുറച്ചുദൂരെ സജ്ജീകരിച്ച ചെരിഞ്ഞ പ്ലാറ്റ്ഫോമിനെ ലക്ഷ്യമാക്കി ശരവേഗത്തില്‍ അത് മുന്നിലേക്ക് കുതിക്കാന്‍ ആരംഭിച്ചു. അതിവേഗത്തില്‍ പ്ലാറ്റ്ഫോമിലേക്കു ഓടിക്കയറിയ ആ കാര്‍ അടുത്ത നിമിഷം തലകീഴായി വായുവില്‍ ഒഴുകി നീങ്ങുന്ന നിലയിലായിരുന്നു...!

പറഞ്ഞുവന്നത് പുതിയ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് മൂവിയിലെയോ ജെയിംസ് ബോണ്ട് സിനിമയിലെയോ ആക്ഷന്‍ രംഗങ്ങള്‍ അല്ല. മറിച്ച് 2017 ജൂലായ് 13 ന് ലണ്ടനിലെ എക്സല്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചുനടന്ന പുതിയ ജാഗ്വര്‍ ഇ-പേസിന്റെ ഗ്ലോബല്‍ പ്രീമിയറിനെപ്പറ്റിയാണ്. അന്ന് ടെറി ഗ്രാന്റ് എന്ന അനുഗ്രഹീത സ്റ്റണ്ട് ഡ്രൈവറുടെ നിയന്ത്രണത്തില്‍ 270 ഡിഗ്രി വായുവിലൂടെ കറങ്ങി കാണികള്‍ ശ്വാസം വിടാന്‍ പോലും മറന്ന് നോക്കിനിന്ന ഒരു നിമിഷത്തിനു ശേഷം 15.3 മീറ്റര്‍ അപ്പുറത്ത്, പ്രത്യേകം സജ്ജമാക്കിയ മണ്‍കൂനയില്‍ സുരക്ഷിതമായി ലാന്റ് ചെയ്തപ്പോള്‍ ഇ-പേസ്  സ്വന്തമാക്കിയത് 'Furthest Barrel Roll in a production Vechicle' എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡാണ്. 

ജാഗ്വറിന്റെ ഫസ്റ്റ് കോംപാക്ട് എസ്.യു.വി. കാര്‍ ആയ ഇ-പേസ് 25 മാസത്തില്‍ കൂടുതല്‍ നീണ്ട ടെസ്റ്റ് പ്രോഗ്രാമിനുശേഷമാണ് വികസിപ്പിച്ചെടുത്തത്. ഏകദേശം 150 പ്രോട്ടോടൈപ്പ്സാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. ആര്‍ട്ടിക് പ്രദേശത്തെ -40 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും, മിഡില്‍ ഈസ്റ്റിലെ +48 ഡിഗ്രി സെല്‍ഷ്യസ് കത്തുന്ന ചൂടിലും ചൈനയിലെ വിദൂര നദീതീരങ്ങളിലും 5000 ഫീറ്റില്‍ കൂടുതല്‍ ഉയരമുള്ള പര്‍വ്വത പ്രദേശങ്ങളിലും ഒക്കെ നടന്ന പരീക്ഷണങ്ങളെ അതിജീവിച്ച ഇ-പേസിലൂടെ ജാഗ്വര്‍ പൂര്‍ത്തീകരിച്ചത് ഏറ്റവും ആക്ടീവ് ആന്റ് ഡിമാന്‍ഡിങ് ആയിട്ടുള്ള കസ്റ്റമേഴ്സിന്റെ കയ്യില്‍പ്പോലും ഒരു ആയുഷ്‌ക്കാലം മുഴുവന്‍ കൂടെ നില്‍ക്കുന്ന ഒരു കാര്‍ നിര്‍മിക്കുക എന്ന ലക്ഷ്യമാണ്.

E pace

പതിവിനു വിരുദ്ധമായി ട്രാന്‍സ് വേഴ്‌സ് ഡിസൈന്‍ എന്‍ജിനാണ് ജഗ്വാര്‍ ഇ-പേസില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതുകാരണം ഫ്രണ്ട് ഓവര്‍ഹാങ് കൂടുതലാണെങ്കില്‍ പോലും ഇതൊട്ടും വെളിപ്പെടുത്താത്ത രീതിയില്‍ BCv ഡിസൈന്‍ ഡയറക്ടറായ ജാന്‍ കാളും അദ്ദേഹത്തിന്റെ ടീമും ഇ-പേസിനെ അണിയിച്ചൊരുക്കിയിട്ടുള്ളത്. ജാഗ്വര്‍ കുടുംബത്തിന്റെ തനതു ശൈലിയിലുള്ള വലിയ ഗ്രില്‍, ഫ്രണ്ട് ബമ്പറില്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ക്ലാഡിങ്ങ് ഇന്‍സെര്‍ട്ട്, എഫ് ടൈപ്പ് മോഡലില്‍ നിന്നും കടമെടുത്ത സ്ലീക്ക് ഡിസൈന്‍ മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവയുടെ സമര്‍ഥമായ വിന്യാസത്തിലൂടെയാണ് ഇത് സാധ്യമാക്കിയിട്ടുള്ളത്. ജാഗ്വറിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ 'J-Blade'- ഡേ ടൈം റണ്ണിങ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ മികവേറ്റുന്ന ഇ-പേസിന്റെ ഹെഡ് ലൈറ്റ്സ്, ഡ്രൈവിംഗ് കണ്ടീഷന്‍സ് അനുസരിച്ച് അഡാപ്റ്റ് ചെയ്യാന്‍ കഴിവുള്ളവയാണ്.

E pace

സൈഡ് പ്രൊഫൈലില്‍ ശ്രദ്ധിക്കപ്പെടുക മുന്നില്‍ നിന്നും തുടങ്ങി ഡോറുകളിലൂടെ ഒഴുകിപ്പരന്ന് അപ്രത്യക്ഷമാകുന്ന ലൈന്‍സാണ്. പിറകിലെ ആര്‍ക് ഭാഗത്തായി വീണ്ടും പ്രത്യക്ഷപ്പെടുന്ന ഈ ഡിസൈന്‍ എഫ് ടൈപ്പില്‍ കണ്ടുപരിചയിച്ചതാണ്. 3 ഫ്ലാഷ് ലൈന്‍ ചെയ്ഞ്ച് ഇന്‍ഡിക്കേറ്റര്‍ സഹിതമുള്ള ഇലക്ട്രോണിക് അഡ്ജസ്റ്റബിള്‍ മിററുള്ള വിന്‍ഡോസ്, അലോയ് വീല്‍ എന്നിവ സൈഡ് പ്രൊഫൈലിന് മാറ്റ് കൂട്ടുന്നു.    ഒരു ക്ലാസിക് എസ്.യു.വി. ഫീല്‍ തരുന്ന തടിച്ച റിയര്‍ വീല്‍ ആര്‍ക്കിന്റെ കൂടെ ജാഗ്വറിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ എല്‍ഇഡി ലൈറ്റ് (റിയര്‍), ഫോഗ് ലാംമ്പ് ഫിനിഷേഴ്‌സ് സഹിതമുള്ള ട്വിന്‍ ടെയില്‍ പൈപ്പ്‌സ് എന്നിവയും ചേരുമ്പോള്‍ ഒരു കരുത്തുറ്റ രൂപമാണ് ഇ-പേസിന് കൈവരുന്നത്. 'CUB' എന്ന വിളിപ്പേര് ജാഗ്വറിന്റെ ഈ 'കുട്ടി' വാഹനത്തിന് കൈവരാന്‍ കാരണവും ഈ ഡിസൈന്‍ ഭാഷ്യം തന്നെയാണ്.

E pace

കോംപാക്ട് എസ്.യു.വി. എന്ന ഗണത്തില്‍ വരുന്ന വാഹനമാണെങ്കിലും മികച്ച ഇന്റിരീയര്‍ സ്പെയ്സാണ് വാഹനത്തിനുള്ളത്. എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ്, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റ് എന്നിവ സുഖസവാരി പ്രദാനം ചെയ്യുന്നു. ആവശ്യത്തിന് ലെഗ് റൂം   നല്‍കിയിട്ടുള്ള സീറ്റിംഗ് അറേഞ്ച്മെന്റ് പ്രശംസിക്കാതെ വയ്യ. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ 18 തരത്തില്‍ മെമ്മറി ഫീച്ചറുള്ള വിന്‍ഡ്സര്‍ ലെതര്‍ സീറ്റാണുള്ളത്. ഒപ്പം പിറകിലെ സസ്പെന്‍ഷന്‍ ഡിസൈന്‍ പ്രത്യേകത കാരണം ഈ ക്ലാസിലെ ഏറ്റവും വലിയ ബൂട്ട് സ്പെയ്സ് (480 ലിറ്റര്‍) ഇ-പേസിന്റെ പ്രത്യേകതയാണ്.

പിറകില്‍ പ്രത്യേകം എയര്‍ വെന്റ്സ് ഉള്ള ശക്തിയേറിയ ടൂ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനമാണ് വാഹനത്തിലുള്ളത്. 'കൂള്‍' ആയിട്ട് ഇരിക്കുമ്പോള്‍ ആകാശക്കാഴ്ചകള്‍ കൂടി കാണാന്‍ പറ്റിയാല്‍ നന്നായേനെ എന്നുള്ളവര്‍ക്കായി ഫിക്സഡ് പനോരമിക്ക് സണ്‍റൂഫ് ഓപ്ഷണല്‍ ആയി ലഭ്യമാണ്.

E pace

അകത്തൊരുക്കിയിട്ടുള്ള സ്റ്റോറേജ് സ്പെയിസിന്റെ കാര്യത്തില്‍ എതിരാളികളേക്കാള്‍ ഒരു പടി മുന്നിലാണ് ഇ-പേസ്.. മുന്‍ഡോറുകളിലെ വലിപ്പമേറിയ ഡോര്‍ ബിന്‍സ്, വലിയ ഗ്ലോവ് ബോക്സ് എന്നിവയോടൊപ്പം സെന്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡേഴ്സില്‍, ഫോണ്‍ ഗ്രിപ്പ് എന്നിവ സഹിതമുള്ള മെഗാ ബിന്‍ കൂടെ ചേരുമ്പോള്‍ ഒട്ടനവധി സ്റ്റോറേജ് ഓപ്ഷന്‍സ് ആണ് യാത്രക്കാര്‍ക്ക് ലഭ്യമാവുക.

8 ഡിവൈസ് വരെ കണക്ട് ചെയ്യാവുന്ന 4 ജി ഹോട്ട് സ്‌പോട്ട്, നാല് 12 വോള്‍ട്ട് ചാര്‍ജിങ് പോയന്റ്, അഞ്ച് യൂഎസ്ബി കണക്ഷന്‍സ് എന്നിവ അകത്തുണ്ട്. ഇനി ദൂരയാത്ര പോവുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജിനെപ്പറ്റിയും ഇന്റര്‍നെറ്റ് കവറേജിനെപ്പറ്റിയും വേവലാതിപ്പെടേണ്ടെന്ന് സാരം. 

കണക്റ്റഡ് ആന്‍ഡ് ഇന്റലിജെന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന 10 ഇഞ്ച് ട്രാക്ക് പ്രോ ഇന്ററാക്ടീവ് ഡിസ്പ്ലേ യൂണിറ്റ് ആണ് ഇ-പേസിലെ സ്റ്റാന്റേര്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ഇന്‍ കണ്‍ട്രോള്‍ സിസ്റ്റമിന്റെ സഹായത്താല്‍ സ്മാര്‍ട്ട് ഫോണ്‍/സ്മാര്‍ട്ട് വാച്ച് എന്നിവ ഉപയോഗിച്ച് കാറിനെ ട്രാക്ക് ചെയ്യാനും യാത്ര പുറപ്പെടുന്നവിന് മുമ്പ് കാര്‍ ആവശ്യാനുസരണം തണുപ്പിക്കാനും ചൂടാക്കാനും വേണമെങ്കില്‍ സ്റ്റാര്‍ട്ട് ചെയ്യാനും ഫ്യുവല്‍ ലെവല്‍സ് ചെക്ക് ചെയ്യാനും ഒക്കെ സാധിക്കും. ഇതു കൂടാതെ ആക്സിഡന്റ് ഉണ്ടാവുകയാണെങ്കില്‍ എമര്‍ജന്‍സി സര്‍വീസസിനെ ഓട്ടോമാറ്റിക്കലി അലര്‍ട്ട് ചെയ്യാനും ഇന്‍ കണ്‍ട്രോള്‍ സിസ്റ്റം പര്യാപ്തമാണ്.

E pace

എടുത്തുപറയേണ്ട മറ്റൊരു ഫീച്ചര്‍ ആണ് ജാഗ്വറിന്റെ വെയ്‌റബില്‍ ആക്ടീവ് കീ. ഷോക്ക് ആന്‍ഡ് വാട്ടര്‍ പ്രൂഫ് ആയിട്ടുള്ള ഈ വ്രിസ്റ്റ് ബാന്‍ജ്  ഒരു ഇന്റെഗ്രേറ്റഡ് ട്രാന്‍സ്പെന്‍ഡര്‍ സഹിതമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. മെയിന്‍ കീ കാറിനുള്ളില്‍ വെച്ചുകൊണ്ട് തന്നെ കാര്‍ ലോക്ക്, അണ്‍ലോക്ക് ചെയ്യാനും ബൂട്ട് ലിഡ് തുറക്കാനും ഒക്കെ ഇതുകൊണ്ട് സാധിക്കും. ഔട്ട് ഡോര്‍ ആക്ടിവിറ്റീസിന് വേണ്ടി പോകുമ്പോഴും ഷോപ്പിംഗ് കഴിഞ്ഞ് കൈനിറയെ സാധനങ്ങള്‍ ഒക്കെ ആയി വരുമ്പോഴും ഈ ആക്ടീവ് കീ ഒരനുഗ്രഹം തന്നെയാണ്. 'ആക്ടീവ് കീ' ആക്ടീവ് ചെയ്യപ്പെടുന്നതോടെ മെയിന്‍ കീ ഓട്ടോമെറ്റിക്കലി ഡിസേബിള്‍ ആവുന്നതില്‍ അതെടുത്ത് ആരെങ്കിലും വണ്ടി മോഷ്ടിച്ചുകൊണ്ടുപോകുമെന്ന പേടിയും വേണ്ട.

യൂറോ എന്‍സിഎപി കാര്‍ ടെസ്റ്റിങ്ങില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയാണ് E-Pace തന്റെ ശക്തി തെളിയിച്ചത്. 2017 ലെ യൂറോ എന്‍സിഎപി ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ആയിരുന്നു എന്നത് ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടതാണ്. ഈ മികവിന്റെ കാരണമായി ജാഗ്വര്‍ പറയുന്നത് അള്‍ട്രാ ഹൈ സ്ട്രെങ്ങ്ത്ത് സ്റ്റീലിന്റെ ഉപയോഗമാണ്. ഇത് ഇ-പേസിനെ ഈ സെഗ്മെന്റിലെ ഏറ്റവും ഭാരമേറിയ (1.9 ടണ്‍)  വാഹനമാക്കുന്നുണ്ടെങ്കില്‍ പോലും എന്‍സിഎപി ടെസ്റ്റില്‍ വെളിവായ സുരക്ഷ മികവ് ഇതിനെ ന്യായീകരിക്കുന്നു. ഭാരം 'ഇത്തരി' കുറയ്ക്കുന്നതിന് വേണ്ടി ബോണറ്റ്, സൈഡ് ഫെന്‍ഡേഴ്സ്, ബൂട്ട് ലിഡ്, റൂഫ് സസ്പെന്‍ഷനിലെ പ്രധാനഭാഗങ്ങള്‍ എന്നിവ അലൂമിനിയത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

പുതുപുത്തന്‍ സേഫ്റ്റി ആന്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ടെക്നോളജി എന്നിവ ധാരാളമുണ്ട് ഇ-പേസില്‍. ഒരു സ്റ്റീരിയോ ക്യാമറയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റമാണ് ഇതില്‍ പ്രധാനപ്പെട്ടത്. പെഡസ്ട്രിയന്‍ ഡിറ്റെക്ഷന്‍ സംവിധാനം, , ലൈന്‍ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍ സംവിധാനം എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 

മള്‍ട്ടി ലൈന്‍ റോഡുകളില്‍ സൈഡ് ലൈനിലെ വാഹനങ്ങളെത്തട്ടി അപകടമുണ്ടാവാതിരിക്കാനുള്ള ബ്ലൈഡ് സ്പോട്ട് അസിസ്റ്റ് ഫംഗ്ഷന്‍, ഫോര്‍വാഡ് ട്രാഫിക് ഡിറ്റക്ഷന്‍ (വിസിബിലിറ്റി ഇല്ലാത്ത ജംഗ്ഷനിലും മറ്റും വരുന്ന വാഹനങ്ങളെപ്പറ്റി ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം) എന്നീ 'ജോലികളും' നിര്‍വഹിക്കുന്നുണ്ട്. ഇതോടൊപ്പം ബോണറ്റിന്റെ ട്രെയിലിംഗ് എഡ്ജില്‍ സ്ഥാപിച്ചിട്ടുള്ള പെഡസ്ട്രിയന്‍ എയര്‍ബാഗ് അപകട സമയത്ത് കാല്‍നടയാത്രക്കാരന് ഉണ്ടായേക്കാവുന്ന ആഘാതത്തില്‍ നിന്നും രക്ഷിക്കാന്‍ ഉതകുന്നതാണ്.

ജാഗ്വാറിന്റെ നെക്സ്റ്റ് ജനറേഷന്‍ ഹെഡ്-അപ്പ് ഡിസ്പ്ലേ ആണ്‌ ഇ-പേസിന് നല്‍കിയിട്ടുള്ളത്. ഈ ഫുള്‍ കളര്‍ ഗ്രാഫിംഗ് ഡിസ്പ്ലേ പഴയ സിസ്റ്റത്തേക്കാള്‍ 66 ശതമാനം കൂടുതല്‍ വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ്. വെഹിക്കിള്‍ സ്പീഡ്, നാവിഗേഷന്‍ ഡയറക്ഷന്‍സ്, അലര്‍ട്ട്സ്, സേഫ്റ്റി ആന്റ് കണ്‍വീനിയന്‍സ് ഫീച്ചേഴ്സ് എന്നിവ എല്ലായ്പ്പോഴും ഡ്രൈവറുടെ ഐ ലൈനിന് സമാന്തരമായി കാണിക്കുന്നതിനാല്‍ റോഡില്‍ നിന്നും കണ്ണെടുക്കേണ്ട ആവശ്യം വരുന്നതേയില്ല.

E pace

നിലവില്‍ വില്‍പ്പനയുള്ള മാര്‍ക്കറ്റില്‍ ജാഗ്വാറിന്റെ പുതിയ തലമുറ ഫോര്‍ സിലിണ്ടര്‍ 2.0 ലിറ്റര്‍ ഇഞ്ചീനിയം എന്‍ജിനാണ് ലഭ്യമാക്കുന്നത്. ഡീസലില്‍ 150 ബിഎച്ച്പി, 180 ബിഎച്ച്പി, 240 ബിഎച്ച്പി എന്നീ ഓപ്ഷന്‍സ് ഉള്ളപ്പോള്‍ പെട്രോള്‍ മോഡലുകള്‍ 249 ബിഎച്ച്പി, 300 ബിഎച്ച്പി എന്നീ ശേഷികൂടിയ എന്‍ജിന്‍ ഓപ്ഷന്‍സ് നല്‍കുന്നു. ഇതില്‍ 150 ബിഎച്ച്പി മോഡല്‍ ഒഴിച്ച് ബാക്കിയെല്ലാം ആള്‍ വീല്‍ ഡ്രൈവാണ്. ഫ്രണ്ട് വീല്‍ ഡ്രൈവ് ആയിട്ടുള്ള 150 ബിഎച്ച്പി മോഡലില്‍ മാത്രമാണ് മാന്വല്‍ ഗിയര്‍ (6 സ്പീഡ്) ഓപ്ഷന്‍ ഉള്ളതും. മറ്റ് മോഡല്‍സില്‍ പവര്‍ ഡെലിവറി നടത്തുന്നത് ZF-9-HP ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. ഏതൊക്കെ എഞ്ചിന്‍ ഓപ്ഷന്‍സ് ഇന്ത്യയിലെത്തും എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 50 ലക്ഷം വില പ്രതീക്ഷിക്കുന്ന ഇ-പേസിന് മെഴ്‌സിഡീസ് ബെന്‍സ് GLA, ഔഡി Q3, വോള്‍വോ XC 60 എന്നിവയാകും പ്രധാന എതിരാളികള്‍. വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇ-പേസ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.