ന്ത്യന്‍ ഭരണ സര്‍വീസില്‍ (ഐ.എ. എസ്.) നിന്ന് കോര്‍പ്പറേറ്റ് രംഗത്തേക്ക് എത്തിയയാളാണ് തിങ്കളാഴ്ച അന്തരിച്ച മാരുതി മുന്‍ മാനേജിങ് ഡയറക്ടര്‍ ജഗദീഷ് ഖട്ടര്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ 'മാരുതി ഉദ്യോഗ് ലിമിറ്റഡി'ല്‍ (ഇന്നത്തെ മാരുതി സുസുകി) പങ്കാളിയായ ജപ്പാനിലെ 'സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍' പടിപടിയായി പങ്കാളിത്തം ഉയര്‍ത്തുന്നതിനിടയിലായിരുന്നു ജഗദീഷിന്റെ വരവ്.

1993-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി (ഡയറക്ടര്‍ മാര്‍ക്കറ്റിങ്) എത്തി. ഏതാനും വര്‍ഷത്തിനുള്ളില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പിന്നീട് മാനേജിങ് ഡയറക്ടറുമായി. ഇതിനിടെ, സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ മാരുതിയുടെ നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ, മാനേജിങ് ഡയറക്ടറെ നിയമിക്കാനുള്ള അധികാരം സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ കൈകളിലെത്തി. 

എന്നാല്‍, അവരുടെ പ്രതിനിധിയായി ജഗദീഷ് ഖട്ടര്‍ എം.ഡി. സ്ഥാനത്തേക്ക് പുനര്‍ നിയമിതനാകുകയായിരുന്നു. കൊറിയയില്‍നിന്നുള്ള ഹ്യുണ്ടായ് ഉള്‍പ്പെടെ ഒട്ടേറെ സ്വദേശ-വിദേശ കമ്പനികള്‍ എത്തി മത്സരം രൂക്ഷമാക്കിയ സമയത്താണ് അദ്ദേഹം മാരുതിയെ നയിച്ചത്. ഈ വെല്ലുവിളികള്‍ക്കിടയിലും വിപണി മേധാവിത്വം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കീഴില്‍ മാരുതി മോട്ടോഴ്സിന് കഴിഞ്ഞു. 2007 ഡിസംബര്‍ വരെ അദ്ദേഹം മാരുതി സുസുകിയെ നയിച്ചു.

കമ്പനി മേധാവിയെന്ന നിലയില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് സംരംഭക വഴിയിലേക്കായിരുന്നു നീങ്ങിയത്. മള്‍ട്ടി ബ്രാന്‍ഡ് കാര്‍ സര്‍വീസ് ശൃംഖലയായ 'കാര്‍നേഷന്‍' തുടങ്ങിക്കൊണ്ടായിരുന്നു ഇത്. സാധാരണ വര്‍ക്ഷോപ്പുകളെക്കാള്‍ കുറഞ്ഞ നിരക്കിന് മെച്ചപ്പെട്ട സര്‍വീസ് നല്‍കിയാണ് ഇവര്‍ ശ്രദ്ധപിടിച്ചത്. പ്രമുഖ നിക്ഷേപക സ്ഥാപനങ്ങള്‍ പലതും ഈ സംരംഭത്തില്‍ മുതല്‍മുടക്കാന്‍ മത്സരിച്ചു.

പക്ഷേ, സംരംഭക വഴിയില്‍ കാലിടറിവീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സി.ബി.ഐ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാല്‍, ബിസിനസ് പരാജയമാണ് അതെന്നും ക്രമക്കേടല്ലെന്നും പിന്നീട് കോടതി നിരീക്ഷിച്ചു. പക്ഷേ, അദ്ദേഹത്തിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.

കസ്റ്റമര്‍ കെയര്‍ ആയിരുന്നു ആപ്തവാക്യം

ഉപഭോക്തൃ സേവനത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നു മാരുതി സുസുകി മാനേജിങ് ഡയറക്ടറായിരുന്ന ജഗദീഷ് ഖട്ടര്‍. ഷോറൂമുകളുടെ വൃത്തിയാണെങ്കിലും കസ്റ്റമര്‍ കെയറാണെങ്കിലും അതിസൂക്ഷ്മമായ കാര്യങ്ങളില്‍ പോലും അദ്ദേഹം ശ്രദ്ധ ചെലുത്തി. ഒരു തവണ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ അവലംബിച്ച നല്ല പ്രവൃത്തികള്‍ കണ്ട് അത് എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്ന് ഹെഡ് ഓഫീസിനോട് ആവശ്യപ്പെട്ടു.

- ജോണ്‍ കെ. പോള്‍, മാനേജിങ് ഡയറക്ടര്‍, പോപ്പുലര്‍ വെഹിക്കിള്‍സ്

Content Highlights: Jagdish Khattar, Maruti Suzuki Former Managing Director