ബെംഗളൂരു നഗരത്തില്‍ പത്തു ലക്ഷത്തോളം മലയാളികളുണ്ട്. നാട്ടിലേക്ക് വരാന്‍ നല്ലൊരു ശതമാനവും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഉത്സവകാലങ്ങളില്‍ കടുത്ത ചൂഷണമാണ് നടക്കുക. ആയിരക്കണക്കിന് മലയാളികള്‍ ഒന്നിച്ച് നാട്ടില്‍ പോകുന്ന ഈ സമയത്ത് സ്വകാര്യ ബസുകളില്‍ എറണാകുളത്തേക്ക് 4000 രൂപയ്ക്കടുത്താണ് നിരക്ക്.

സാധാരണ 1000-1500 രൂപയാണ് നിരക്ക്. തീവണ്ടികളില്‍ ഇതേദൂരത്തിന് തേഡ് എ.സി. നിരക്ക് 950 രൂപയില്‍ താഴെയേ വരൂ. സെക്കന്‍ഡ് എ.സി.ക്ക് 1400 രൂപ, ഫസ്റ്റ്ക്ലാസ് എ.സി.ക്ക് 2300 രൂപ എന്നിങ്ങനെയാണ് ഏകദേശ നിരക്ക്. സ്ലീപ്പര്‍ നിരക്ക് 345 രൂപമാത്രം. 

തീവണ്ടികളില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ടിക്കറ്റ് തീരും. കേരള-കര്‍ണാടക ആര്‍.ടി.സി. ബസുകളിലും ബുക്കിങ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റുതീരും. പിന്നെയുള്ളത് സ്വകാര്യ ബസുകള്‍ മാത്രമാണ്.

യാത്രക്കാരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് തോന്നുംവിധമാണ് നിരക്ക്. കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുന്നതിന് തടസ്സംനില്‍ക്കുന്നതും സ്വകാര്യ ബസ് ലോബിയാണ്. 

അടുത്തിടെ യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്പ്രസ് സൗകര്യങ്ങള്‍ കുറഞ്ഞ ബാനസവാടിയിലേക്ക് മാറ്റിയതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ സ്വകാര്യ ബസ് കമ്പനിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു റെയില്‍ പദ്ധതികള്‍ക്കെതിരേയും സ്വകാര്യ ലോബികള്‍ കരുക്കള്‍ നീക്കിയിരുന്നു.

ജീവനക്കാരുടെ മദ്യപാനം

കണ്ണൂര്‍ സ്വദേശിയും ബെംഗളൂരുവില്‍ റിട്ട. അധ്യാപികയുമായ ശകുന്തള പറയുന്നത് കേള്‍ക്കുക: രണ്ടുവര്‍ഷംമുമ്പ് കണ്ണൂരിലെ പുന്നപ്പാലത്തുനിന്ന് സ്വകാര്യ ബസില്‍ ബെംഗളൂരുവിലേക്ക് വരുകയായിരുന്നു. ഡ്രൈവറുടെ സഹായി മദ്യപിച്ചിരുന്നതിനാല്‍ യാത്രയിലുടനീളം ശല്യമായിരുന്നു. 

ബെംഗളൂരുവില്‍ കെ.ജി. ഹള്ളിയിലാണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, പുലര്‍ച്ചെ അഞ്ചിന് ഷെട്ടിഹള്ളിയില്‍ വിജനസ്ഥലത്താണ് ഇറക്കിവിട്ടത്. വീട്ടിലെത്തിയ ശേഷം ബസ് കമ്പനിയുടെ ഓഫീസില്‍ പരാതിപറയാന്‍ വിളിച്ചപ്പോള്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു മറുപടി.

bus fare hike

ബുക്കുചെയ്ത സീറ്റില്‍ ജീവനക്കാരന്‍

കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് പോകാനാണ് മൂന്ന് സുഹൃത്തുക്കള്‍ സ്വകാര്യ ബസ് ബുക്ക് ചെയ്തത്. ബസില്‍ കയറിയപ്പോള്‍ കണ്ടത് ബുക്കുചെയ്ത ഒരു സീറ്റില്‍ ഡ്രൈവര്‍മാരില്‍ ഒരാള്‍ ഇരുന്നുറങ്ങുന്നതാണ്. 

മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേഷ്യപ്പെട്ട് 'ഉറക്കത്തില്‍നിന്ന് എന്തിനാണ് എഴുന്നേല്‍പ്പിച്ചത്' എന്നായിരുന്നു ചോദ്യം. ബസിലെ മറ്റുജീവനക്കാരും ദേഷ്യപ്പെട്ട് സംസാരിച്ചു. കുറെനേരം കഴിഞ്ഞാണ് ഇയാള്‍ സീറ്റില്‍നിന്ന് മാറാന്‍ തയ്യാറായതെന്ന് എറണാകുളം സ്വദേശി ടോണി പറഞ്ഞു.

വ്യാജ ബ്രേക്ക്ഡൗണ്‍

ബസില്‍ യാത്രക്കാര്‍ കുറവാണെങ്കില്‍ യാത്ര പുറപ്പെട്ട് കുറച്ചുസമയം കഴിയുമ്പോള്‍ വണ്ടി ബ്രേക്ക് ഡൗണായെന്നു പറഞ്ഞ് വേറെ ബസില്‍ കയറ്റിവിടും. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതെ യാത്രക്കാര്‍ക്ക് അനുസരിക്കേണ്ടിവരുന്നു. 

ഒരേ ഭാഗത്തേക്ക് ഒന്നിലധികം ബസുകളുണ്ടെങ്കില്‍ യാത്രക്കാര്‍ കുറവായ ബസ് സര്‍വീസ് റദ്ദാക്കുകയാണിവര്‍. പിന്നാലെ വരുന്ന ബസില്‍ സീറ്റ് ബാക്കിയുണ്ടെങ്കില്‍ യാത്രക്കാരെയെല്ലാവരെയും അതില്‍ കയറ്റിവിടും. അങ്ങനെ ഒരു സര്‍വീസ് ലാഭിക്കും.

ആലപ്പുഴയില്‍നിന്ന് തഞ്ചാവൂരിലേക്ക് വണ്ടി ബുക്കുചെയ്ത ആളെ വൈറ്റിലയില്‍ ഇറക്കി. മുന്നിലെ വണ്ടി കാണിച്ചിട്ട് അതില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. ലഗേജുകളുമായി അതില്‍ കയറിയപ്പോള്‍ അവര്‍ക്ക് പ്രത്യേക ടിക്കറ്റെടുക്കണം. ഇറക്കിവിടുമെന്നായപ്പോള്‍ ചോദിച്ച പണംകൊടുത്ത് യാത്രചെയ്തു.

എ.സി. നിര്‍ത്തിയത് ചോദിച്ചാല്‍ ഇടിയും ഭീഷണിയും

കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്ത യുവസംഗീതജ്ഞന് എ.സി. നിര്‍ത്തിയതിനെപ്പറ്റി അന്വേഷിച്ചതിന് കിട്ടിയത് ഇടി.എ.സി. ഇട്ടില്ലെങ്കില്‍ ടിക്കറ്റില്‍ കുറവുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാക്കുതര്‍ക്കത്തിനിടയില്‍ ഡ്രൈവറുടെ വക ഇടിയാണ് അദ്ദേഹത്തിന് കിട്ടിയത്. 

യാത്രക്കാര്‍ ഇടപെട്ടതോടെ എറണാകുളത്ത് പോലീസ് സ്റ്റേഷനുമുന്നില്‍ വണ്ടിനിര്‍ത്തി. പരാതി എഴുതിക്കൊണ്ടിരിക്കേ ആറുയാത്രക്കാരെയും പെരുവഴിയിലാക്കി ബസ് പോയി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും ഇതിന്മേല്‍ കാര്യമായ നടപടിയുണ്ടായില്ല. പക്ഷേ, ഉപഭോക്തൃ കോടതിയില്‍ പോയപ്പോള്‍ ടിക്കറ്റ് ചാര്‍ജിന്റെ ഇരട്ടി പരാതിക്കാര്‍ക്ക് നല്‍കാനായിരുന്നു വിധി.

ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്

പുലര്‍ച്ചെ ഒരേസമയത്ത് അമ്പതോളം വണ്ടികളാണ് ഓരോ കേന്ദ്രത്തിലും എത്തുക. എല്ലാംകൂടി പരിശോധിക്കാന്‍ കഴിയില്ല. മാത്രമല്ല, പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കയറിയാല്‍ യാത്രക്കാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകും. കൃത്യമായ വിവരം ലഭിച്ചാല്‍മാത്രമേ ഇത്തരം പരിശോധനകള്‍ക്കിറങ്ങാന്‍ സാധിക്കൂവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

(തുടരും)

തയ്യാറാക്കിയത്: വി.ബി. ഉണ്ണിത്താന്‍, ബി. അജിത്ത് രാജ്, കെ.കെ. ശ്രീരാജ്, കെ.ആര്‍. അമല്‍, എബിന്‍ മാത്യു- ഏകോപനം: ജോസഫ് മാത്യു


Content Highlights: Investigation Series About Interstate Private Bus Service