നിരത്തുകളില്‍ പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളില്‍ മിന്നിതെളിയുന്ന സിഗ്നല്‍ ലൈറ്റുകള്‍ക്കും ഒരു ദിനമുണ്ട്. അന്തര്‍ദേശിയ ട്രാഫിക് ലൈറ്റ് ദിനം. ആദ്യമായി ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ച ഓഗസ്റ്റ് അഞ്ചാണ് ട്രാഫിക് ലൈറ്റ് ദിനമായി അറിയപ്പെടുന്നത്. സിഗ്നല്‍ ലൈറ്റുകള്‍ക്കായി പ്രത്യേകം ദിനമുണ്ടായതിന് പിന്നില്‍ വലിയ ഒരു ചരിത്രമുണ്ട്. ഇത് വിശദീകരിക്കുകയാണ് കേരളാ പോലീസ്.

അമേരിക്കന്‍ നഗരമായ ഒഹയോയിലെ ക്ലീവ്‌ലാന്റിലെ യൂക്ലിഡ് അവന്യുവിലാണ് ആദ്യമായി ഇലക്ട്രിക് ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നത്. 1914 ഓഗസ്റ്റ് അഞ്ചിനാണ് ഈ ലൈറ്റ് സ്ഥാപിക്കപ്പെട്ടത്. ജെയിംസ് ഹോഗ് രൂപകല്‍പ്പന ചെയ്തതും 1918-ല്‍ പേറ്റന്റ് സ്വന്തമാക്കിയതുമായ ലോകത്തിലെ ആദ്യ ട്രാഫിക് ലൈറ്റിന്റെ വാര്‍ഷികത്തോട് അനുബദ്ധിച്ചാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് അഞ്ച് ട്രാഫിക് ലൈറ്റ് ദിനമായി ആചരിക്കുന്നത്. 

ക്ലീവ്‌ലാന്റിലെ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചിട്ട് ഓഗസ്റ്റ് അഞ്ചോടെ 105 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍, ജെയിംസ് ഹോഗിന്റെ ലൈറ്റിന് മുമ്പും ശേഷവും ട്രാഫിക് സിഗ്നലുകളും ലൈറ്റുകളും ഉണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ സിഗ്നല്‍ ലൈറ്റുകള്‍ സംബന്ധിച്ച് നിരവധി അവകാശവാദങ്ങളും നടക്കാറുണ്ട്. ഇതില്‍ 1800-കള്‍ മുതലുള്ള ചരിത്രങ്ങളും ചൂണ്ടിക്കാട്ടാറുണ്ട്.

1868-ല്‍ ലണ്ടനില്‍ ഒരു ഗ്യാസ് ലൈറ്റും സ്വമേധയാ പ്രവര്‍ത്തിക്കുന്ന ട്രാഫിക് ചിഹ്നവും സ്ഥാപിച്ചിരുന്നതായാണ് ഇതിലൊരു ചരിത്രം. സ്റ്റോപ്പ്, ജാഗ്രത എന്നീ മുന്നറിയിപ്പ് നല്‍കിയിരുന്ന രണ്ട് കൈകളാണ് ഈ സിഗ്നല്‍ സംവിധാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, സ്ഥാപിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഈ സിഗ്നല്‍ സംവിധാനം പൊട്ടിത്തെറിയിച്ച് പോയതായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

1910-ലാണ് ആദ്യ ഓട്ടോമേറ്റഡ് ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം ഒരുക്കുന്നത്. എന്നാല്‍, ഇത് പ്രകാശിച്ചിരുന്നില്ല. ഇതില്‍ നിര്‍ത്തുക, തുടരുക എന്നിവ മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. 1912-ല്‍ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ ഒരു തൂണില്‍ സ്ഥാപിച്ച മരപ്പെട്ടിയില്‍ ചുവപ്പും പച്ചയും നിറത്തില്‍ പ്രകാശിക്കുന്ന വിളക്കുകളുള്ള ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നതായും ചരിത്രത്തിലുണ്ട്.

1920-ല്‍ മിഷിഗണിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന വില്യം പോട്ട്‌സാണ് നാല്‍കവലകളില്‍ ഉപയോഗിക്കേണ്ട മൂന്ന് നിറത്തിലുള്ള ട്രാഫിക് ലൈറ്റുകള്‍ കണ്ടുപിടിച്ചത്. 1923-ല്‍ ഗാരറ്റ് മോര്‍ഗന്‍ ടി-ആകൃതിയിലുള്ള ട്രാഫിക് സിഗ്നല്‍ കണ്ടുപിടിക്കുകയും പേറ്റന്റ് സ്വന്തമാക്കിയ ശേഷം അത് ജനറല്‍ ഇലക്ട്രിക്കിന് കൈമാറുകയും ചെയ്തു. ഈ കാലയളവിലും ഓഗസ്റ്റ് അഞ്ച് ലോക ട്രാഫിക് ദിനമായി തുടര്‍ന്നു.

കാലം മാറുന്നതിന് അനുസരിച്ച് മെച്ചപ്പെട്ട ട്രാഫിക് സംവിധാനങ്ങളും ഒരുങ്ങി. 1950-ലാണ് കംപ്യൂട്ടര്‍ അധിഷ്ഠിതമായ സിഗ്‌നല്‍ സംവിധാനം ലോകത്ത് സ്ഥാപിക്കുന്നത്. വാഹനങ്ങള്‍ ഉള്ളപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്ന കംപ്യൂട്ടര്‍ ഡിറ്റക്ഷന്‍ പ്ലേറ്റുകളും സിഗ്നല്‍ സംവിധാനത്തില്‍ നല്‍കി. കാലക്രമത്തില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ വികാസം പ്രാപിക്കുകയായിരുന്നു.

Content Highlights: International Traffic Light Day, The History Behind Traffic Lights