ജാവ അത്ര സിമ്പിളൊന്നുമല്ല; പവര്‍ഫുള്ളാണ്, സൂപ്പറാണ്. പറയുന്നത് ജാവ ആരാധകരാകുമ്പോള്‍ കാര്യം ശരിയാണെന്ന് ഉറപ്പിക്കാം. പ്രായം തകര്‍ക്കാത്ത തന്റേടമെന്നാണ് ജാവ ആരാധകര്‍, തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. പറയുന്നതിലും അല്‍പ്പം കാര്യമുണ്ട്. ഞായറാഴ്ച തൃശ്ശൂരില്‍ നടന്ന റൈഡില്‍ പങ്കെടുക്കാന്‍ വന്നവരില്‍ അറുപത് വയസ്സ് കഴിഞ്ഞവരും ഉണ്ടായിരുന്നു.
വര്‍ഷങ്ങളായി ജാവയുടെ വിവിധ മോഡലുകള്‍ ഉപയോഗിക്കുന്നവരും, ജാവ അഭിമാനമായി കൊണ്ടുനടക്കുന്നവരുമടങ്ങുന്ന 'ജാവ ഫാന്‍സു'കാരാണ് പതിനേഴാമത് അന്തര്‍ദേശീയ ജാവ ദിനത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍നിന്നായി എത്തിയത്. ഇരുനൂറോളം റൈഡര്‍മാര്‍ പങ്കെടുത്ത റൈഡില്‍, കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളില്‍നിന്നും ജാവാ പ്രേമികളെത്തി.
യാത്രകളോടും വണ്ടികളോടുമൊക്കെയുള്ള പ്രണയം പുതിയ കാര്യമല്ലെങ്കിലും, 'ജാവ'യോടുള്ള പ്രണയം മൂത്ത് മുഴുവന്‍ ജില്ലകളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള റൈഡ് സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യം. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും 'അന്തര്‍ദേശീയ ജാവ ദിനം' ആഘോഷിക്കാറുണ്ട്. ജില്ലകളിലെ ജാവ ഫാന്‍സ് ക്ലബ്ബുകള്‍ സംഘടിപ്പിക്കാറുള്ള റൈഡൊഴിച്ചാല് ഇതാദ്യമായാണ് ജാവ മോഡലുകള്‍ വിപണിയിലെത്തിക്കുന്ന ക്ലാസിക് ലെജന്‍ഡ്സ് കമ്പനി തന്നെ നേരിട്ട് കേരളത്തില്‍ ജാവ ദിനാഘോഷം സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ജാവയുടെ വിവിധ മോഡലുകളിലുള്ള 175 വണ്ടികള്‍ ജില്ലയില്‍ റൈഡിനായി എത്തി. പഴമയുടെ വീറുകാട്ടി 1961-ലെ ജാവ-250 മോഡല്‍ തുടങ്ങി അപൂര്വങ്ങളായുള്ള ജാവ മോഡലുകള്‍ കാഴ്ചക്കാര്‍ക്കും വാഹനപ്രേമികള്‍ക്കും കാഴ്ചയുടെ നിറവായി.
ചെക്ക് റിപ്പബ്ലിക്കില്‍ ജനിച്ച ജാനക് ബൗട്ടാണ് ജാവ രൂപകല്‍പ്പന ചെയ്തത്. 1929-ല്‍ ആദ്യ ജാവ പുറത്തിറങ്ങിയപ്പോള്‍, ജാനക് ബൗട്ട് തന്റെ പേരിന്റെ ആദ്യക്ഷരവും, അന്ന് ഒന്നിച്ച് പ്രവര്‍ത്തിച്ച വാന്ഡറിന്റെ പേരിന്റെ ആദ്യക്ഷരവും ചേര്‍ത്ത് ജാവ എന്ന പേര് നല്കി. പിന്നീട്, ചെക്ക് ഭാഷയില്‍ 'ഓട്ടം', 'പോകുക' എന്നൊക്കെ അര്‍ത്ഥംവരുന്ന 'യെസ്ഡി' എന്ന പേര് നല്കി ജാവയെ പരിഷ്കരിച്ചു.
പതിനേഴ് മോഡലുകള്‍ ഇതുവരെ നിരത്തിലിറങ്ങി
മുംബൈയില്‍ ഇറാനി കമ്പനിയാണ് ജാവ ബൈക്കുകളെ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായ റസ്റ്റോം ഇറാനി മൈസൂരുവില്‍ സ്വന്തമായി ഐഡിയല്‍ ജാവ നിര്‍മാണക്കമ്പനി തുടങ്ങിയതോടെ ഇന്ത്യന്‍ നിരത്തുകളെ ജാവ കീഴടക്കി. മൈസൂരുവിലും ബെംഗളൂരുവിലുമാണ് ഇപ്പോഴും വണ്ടികള്‍ കൂടുതലുള്ളത്.
1996-ലാണ് ഐഡിയല്‍ ജാവ കമ്പനി പൂട്ടുന്നത്. പിന്നീട് 22 വര്‍ഷങ്ങള്‍ക്ക് ശേഷം മഹീന്ദ്രയുടെ ഉപവിഭാഗമായ ക്ലാസിക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ജാവയെ സ്വന്തമാക്കി. ജാവ ക്ലാസിക്, ജാവ-42 എന്നീ മോഡലുകളാണ് ഏറ്റവും പുതുതായി വിപണിയിലെത്തിയിരിക്കുന്നത്.
എന്തിനാ ജാവയ്ക്ക് ഒരു ഫാന്‍സ് ക്ലബ്ബ് ?
മുക്കിനും മൂലയിലും ഫാന്‍സ് ക്ലബ്ബുകളുള്ള നാട്ടില്‍ ഇനി ജാവയ്ക്കു വേണ്ടി എന്തിനാ ഫാന്‍സ് ക്ലബ്ബ് എന്നു ചോദിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഫാന്‍സ് ക്ലബ്ബുകള്കൊണ്ട് ഉപകാരമൊക്കെയുണ്ട്. മൈസൂരുവിലാണ് വണ്ടിയുടെ സ്പെയര്‍ പാര്‍ട്സുകള്‍ കൂടുതലും ലഭിക്കുക. ഓരോരുത്തരായി ഇടയ്ക്കിടെ പോകുന്നതിലും നല്ലതല്ലേ, ഒരാള്‍ പോയി സാധനങ്ങള്‍ വാങ്ങുന്നത്. ചെലവ് കുറയ്ക്കാന്‍ ഇതിലും വലിയ മാര്‍ഗമുണ്ടോ!
ജാവയ്ക്ക് പല നാടുകളില്‍, പല പേരുകളില്‍ ഫാന്‍സ് ക്ലബ്ബുകളുണ്ട്. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതും ഇതില്‍പെടും. ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത ഫാന്‍സ് ക്ലബ്ബാണ് വിന്റേജ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ്. സാധാരണയായി ക്ലബ്ബുകാരാണ് ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുക. ദക്ഷിണേന്ത്യയിലെ മുഴുവന്‍ ജാവ ഫാന്‍സുകാരെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള 'സതേണ്‍ റൈഡി'ലും, സംസ്ഥാനത്തെ വിവിധ ജാവ ഫാന്‍സുകാര്‍ ഒന്നിക്കുന്ന 'സ്പൈസ് ട്രയലി'ലും വിന്റേജ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് സ്ഥിരം സാന്നിധ്യമാണ്. ഈ വര്‍ഷത്തെ സതേണ്‍ റൈഡ് വാഗമണ്ണില്‍ നടക്കും.
18 വയസ്സുള്ള മുകില്‍ മുകുന്ദ് തുടങ്ങി 60 വയസ്സ് കഴിഞ്ഞ ഹോമി തോമസ് വരെയുള്ളവര്‍ക്ക് ജാവയോടുള്ള ആത്മബന്ധം ചെറുതൊന്നുമല്ല. കിക്കര്‍ തന്നെ ഗിയറാക്കി മാറ്റി കാതടപ്പിക്കുന്ന ശബ്ദത്തോടെ റോഡിലിറങ്ങുമ്പോള്‍ ഇവരും രാജാക്കന്മാരാകുന്നു; വാഹനപ്രേമികളുടെ തമ്പുരാന്മാര്.
ജാവ ദിനാഘോഷത്തിന്റെ ഭാഗമായി പൂങ്കുന്നത്തെ ജാവ വില്‍പ്പനശാലയില്‍നിന്ന് ആരംഭിച്ച റൈഡ്, ക്ലാസിക് ലെജന്‍ഡ് സ്റ്റേറ്റ് ഹെഡ് ബിനോജ് ജോബ്, ക്ലാസിക് മോട്ടോര്‍ ഡയറക്ടറായ നിഹാദ് എന്‍. വാജിദ് എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ജാവ ദിനാഘോഷത്തിന്റെ ഭാഗമായി റൈഡില്‍ പങ്കെടുത്തവര്‍ രക്തദാനവും നടത്തി.
Content Highlights; 17th international jawa day celebration, Jawa ride
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..