പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന ഇന്‍ഷുറന്‍സ് രംഗം അടിമുടി മാറ്റുകയാണ് ബുധനാഴ്ചത്തെ തീരുമാനത്തിലൂടെ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഉപയോഗം, ഡ്രൈവിങ് രീതി എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിച്ച് ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതാണ് തീരുമാനം.
രണ്ടോ അതിലധികമോ വാഹനങ്ങളുണ്ടെങ്കില്‍ ഒന്നിച്ച് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യും. ഉടമയ്ക്കുണ്ടാകുന്ന നഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് ഇത് ബാധകമാക്കുമോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നിരിക്കേ അതിനും ഈ സൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍
സാങ്കേതികവിദ്യ വരുന്നതോടെ ഉപയോഗം നോക്കി പ്രീമിയം നിശ്ചയിക്കുന്ന രീതി നിലവില്‍വരും. വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ നിരീക്ഷണ സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുക. മികച്ച ട്രാഫിക് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഇതു സഹായിക്കും. വാഹനം സൂക്ഷിക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങള്‍ പാലിക്കാനും ശ്രമമുണ്ടാകും. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വാഹന ഇന്‍ഷുറന്‍സ് എന്ന ഇപ്പോഴത്തെ രീതിക്കു പകരം കുറച്ചുപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ പ്രീമിയം എന്ന രീതി വരും.
പ്രവര്‍ത്തനം
ഡ്രൈവിങ് സംബന്ധിച്ച വിവരശേഖരണമാണ് ഇതില്‍ നിര്‍ണായകം. വാഹന ഉപയോഗം മനസ്സിലാക്കുന്നതിന് ജി.പി.എസ്. ട്രാക്കിങ്ങുള്ള ആപ്പും ഡ്രൈവിങ് രീതി കണ്ടെത്താന്‍ പ്രത്യേക ഉപകരണവും വേണ്ടിവരും. പോളിസിക്കൊപ്പം ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് കേന്ദ്രീകൃത സംവിധാനത്തില്‍ സൂക്ഷിക്കും. ഇതു വിലയിരുത്തിക്കൊണ്ടാകും പോളിസി പ്രീമിയവും ക്ലെയിമുകളും മറ്റും തീരുമാനിക്കുക.
അടുത്തവര്‍ഷം വാഹനം എത്രത്തോളം ഉപയോഗിക്കുന്നു എന്ന് ഉടമ നല്‍കുന്ന സത്യവാങ്മൂലത്തിനനുസരിച്ചാണ് പ്രീമിയം ഈടാക്കുക. ഇതില്‍ കൂടുതല്‍ ഉപയോഗം വന്നാല്‍ ആഡ് ഓണ്‍ സൗകര്യമുണ്ടാകും. ഉപയോഗപരിധിക്കപ്പുറം ക്ലെയിം വരുന്ന സാഹചര്യത്തില്‍ പരിഹാരമെന്തെന്ന് വ്യക്തത വരേണ്ടതുണ്ട്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
നേട്ടവും കോട്ടവും
വാഹന ഉടമയ്ക്ക് ഡ്രൈവിങ് രീതി മെച്ചപ്പെടുത്തി ഇന്‍ഷുറന്‍സ് ചെലവ് കുറയ്ക്കാനാകും. മുംബൈ പോലെ പൊതുഗതാഗതത്തിന് കൂടുതല്‍ സാധ്യതകളുള്ള സ്ഥലങ്ങളില്‍ ഒട്ടേറെപ്പേര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് ചെലവിനത്തില്‍ വലിയ തുക സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയും. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഇന്‍ഷുറന്‍സ് എന്ന സംവിധാനം പ്രീമിയം കുറയ്ക്കുന്നതിനൊപ്പം ഇവ കൈകാര്യം ചെയ്യുന്നതിനുള്ള സമയനഷ്ടം ഒഴിവാക്കുന്നതാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിടയില്‍ കൂടുതല്‍ മത്സരക്ഷമത കൊണ്ടുവരും. ഇതോടെ ആകര്‍ഷകമായ കൂടുതല്‍ പോളിസികള്‍ ലഭ്യമാകും. കൂടുതല്‍ ഉപയോഗമുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രീമിയം വേണ്ടിവന്നേക്കുമെന്നതാണ് ഇതിന് തിരിച്ചടിയായി പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..