സ്വാതന്ത്ര്യസമരസേനാനി ആര്‍. മുത്തുകൃഷ്ണ നായിഡുവിന്റെ സൈക്കിള്‍ ചില്ലലമാരയില്‍ പൊന്നുപോലെ സൂക്ഷിക്കുമ്പോള്‍ മകന്‍ എം. ഹരിറാവു നായിഡുവിന്റെ മനസ്സില്‍ നിറയെ അച്ഛനോടുള്ള സ്‌നേഹമായിരുന്നു. ഇപ്പോള്‍ എന്നും രാവിലെ സൈക്കിള്‍ സൂക്ഷിച്ച ചില്ലലമാരയ്ക്കു മുന്നിലെത്തുമ്പോള്‍ ഈ എണ്‍പത്തിരണ്ടുകാരനില്‍ അച്ഛന്റെ സുഖമുള്ള ഓര്‍മകള്‍ മിന്നിമറയും.

കുന്നത്തൂര്‍മേട്ടിലെ വീട്ടില്‍നിന്ന് ആറ് കിലോമീറ്ററോളം അകലെയുള്ള കരിങ്കരപ്പുള്ളിയിലെ കൃഷിയിടത്തിലേക്ക് എന്നും രാവിലെയും വൈകീട്ടും സൈക്കിളില്‍ പോകുന്ന അച്ഛന്‍, തടവിലായപ്പോള്‍ തഞ്ചാവൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ അച്ഛനെ കാണാന്‍ പോയത്, അങ്ങനെ വ്യത്യസ്ത ചിത്രങ്ങള്‍ മനസ്സിലെത്തുമെന്ന് ഹരിറാവു നായിഡു പറയുന്നു.

യാദൃച്ഛികമാവാം, ജന്മനാടിന്റെ സ്വാതന്ത്യത്തിനായി പൊരുതി ജയില്‍വാസമനുഭവിച്ച ആര്‍. മുത്തുകൃഷ്ണനായിഡു ഈ ലോകത്തോട് യാത്രപറഞ്ഞതും ഒരു സ്വാതന്ത്ര്യദിനത്തിലാണ് 1985 ഓഗസ്റ്റ് 15.

''അച്ഛന് യാത്രചെയ്യാന്‍ കഴിയാത്തനാളില്‍ സൈക്കിള്‍ വില്‍ക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞാനുള്ളകാലത്തോളവും അതിനുശേഷവും ഇത് സംരക്ഷിക്കുമെന്ന ഉറപ്പുകൊടുത്താണ് സൈക്കിള്‍ ചില്ലലമാരയില്‍ സൂക്ഷിച്ചത്. പഴയ ബി.എസ്. സൈക്കിളാണിത്. ഇങ്ങനെ സൂക്ഷിച്ചത് കണ്ടപ്പോള്‍ സന്തോഷത്തോടെ എന്നെ ചേര്‍ത്തുപിടിച്ചു'' ഹരിറാവു നായിഡു ഓര്‍ത്തു.

നിസ്സഹകരണപ്രസ്ഥാന കാലത്ത് പറളിയിലെ റെയില്‍വേ ട്രാക്കിലെ ഫിഷ് പ്ലെയിറ്റ് എടുത്തുമാറ്റിയതിനും പാലക്കാട്ടെ തപാല്‍പ്പെട്ടി അഴിച്ചുമാറ്റിയതിനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായിരുന്നു ആര്‍. മുത്തുകൃഷ്ണ നായിഡുവിനെ ജയിലിലടച്ചത്. 1943ലായിരുന്നു അത്.

1944 ഫെബ്രുവരി 14ന് ഈ കേസുമായി ബന്ധപ്പെട്ട് കുന്നത്തൂര്‍മേട്ടിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, തഞ്ചാവൂര്‍ സ്‌പെഷ്യല്‍ ജയിലിലേക്ക് അയച്ചു. നാലുവര്‍ഷത്തോളം ജയിലിലായിരുന്നു. സ്വാതന്ത്ര്യാനന്തരം പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച ആര്‍. മുത്തുകൃഷ്ണനായിഡു നല്ലൊരു കൃഷിക്കാരനുമായിരുന്നു. ആന്ധ്രയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പാലക്കാട് കുടിയേറിയെത്തിയതാണ് ഇദ്ദേഹത്തിന്റെ പൂര്‍വികര്‍.

Content Highlights: Indian Freedom Fighter R Muthukrishna Naidu's Vehicle, BSA Cycle