ടോള്‍ബോയ് രൂപമായിരുന്നു ആദ്യത്തെ സാന്‍ട്രോയുടെ പുതുമ. ഉയര്‍ന്നിരിക്കുന്ന തലയെടുപ്പുള്ള ഹാച്ച്ബാക്ക് ഏവരേയും ആകര്‍ഷിച്ചതും അതുകൊണ്ടു തന്നെയായിരുന്നു. ഇന്ത്യയിലെ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ വിപ്ലവം കൊണ്ടുവന്ന സാന്‍ട്രോയുടെ പുതുഅവതാരവും പൂര്‍വികന്റെ വഴിയില്‍ തന്നെയായിരിക്കുമെന്നാണ് ഇപ്പോള്‍ തന്നെയുള്ള ബുക്കിങ്ങുകള്‍ കാണിക്കുന്നത്. സാന്‍ട്രോ എന്ന നൊസ്റ്റാള്‍ജിയയില്‍ തൊട്ടായിരുന്നു പുതിയ വണ്ടിക്കും ഇതേ പേരുതന്നെ കൊറിയക്കാര്‍ നല്‍കിയത്. എന്നാല്‍ അകത്തും പുറത്തുമുള്ള മാറ്റങ്ങള്‍ കൊണ്ടുതന്നെ അജഗജാന്തരം ഇരുവരും തമ്മിലുണ്ട്. കരുത്തിന്റെ കാര്യത്തിലും ആ വ്യത്യാസം കാണാം. ടെസ്റ്റ് ഡ്രൈവിന് കിട്ടിയത് പാല്‍ നിറമുള്ള ഓട്ടോമാറ്റിക് സാന്‍ട്രോ ആയിരുന്നു.
കാഴ്ച
ഹ്യുണ്ടായുടെ ഫ്‌ലൂയിഡിക് ഡിസൈന്‍ തന്നെ പിന്തുടരുന്നുവെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുന്നില്ല. ഹ്യുണ്ടായുടെ ഫ്‌ലൂയിഡിക് ശ്രേണിയില്‍ കാണുന്ന ബോഡിലൈനുകള്‍ക്ക് ഇതില്‍ വ്യത്യാസമുണ്ട്. ഹെഡ്ലൈറ്റിന്റെ വശങ്ങളില്‍ നിന്നുതുടങ്ങി വളഞ്ഞ് താഴേക്കിറങ്ങി പിന്നിലെ വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലൂടെ ടെയില്‍ ലാമ്പിലെത്തി നില്‍ക്കുകയാണ് ബോഡിലൈന്‍. ഇതിന് സിഗ്സാഗ് ലൈന്‍ എന്നാണത്രെ കമ്പനി നല്‍കുന്ന പേര്. മുന്നിലെ ഗ്രില്ലുകള്‍ക്കും മാറ്റമുണ്ട്. എയര്‍വെന്റും ഗ്രില്ലും സമ്മേളിച്ച് വശങ്ങളിലേക്ക് കയറി നില്‍ക്കുകയാണ്. ചിരിച്ച മുഖമായി തോന്നും ഒറ്റനോട്ടത്തില്‍. കറുപ്പു ക്ലാഡിങ്ങ് നല്‍കി അതിലാണ് ഫോഗ്ലാമ്പുകളും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗ്രില്ലിനേയും എയര്‍വെന്റിനേയും വേര്‍തിരിക്കുന്നത് ക്രോം ലൈനിങ്ങാണ്. ബോണറ്റിലേക്ക് വലിഞ്ഞിരിക്കുകയാണ് ഹെഡ്ലൈറ്റ് ക്ലസ്റ്റര്‍. ഗ്രാന്‍ഡ് ഐ ടെന്നിന്റെ ബോണറ്റിനോട് ഏകദേശ സാമ്യം കാണാം ഇതിന്. എന്നാല്‍ കൂടുതല്‍ ചെരിഞ്ഞിറങ്ങിയിരിക്കുകയാണ് ബോണറ്റ്. പിന്‍വശവും ഗ്രാന്‍ഡ് ഐ ടെന്നിന്റെ രൂപത്തോട് മമത പുലര്‍ത്തുന്നുണ്ട്, പതിഞ്ഞിരിക്കുന്ന പിന്‍ഭാഗമാണ്. പിന്നിലെ ബമ്പറില്‍ കാണുന്ന കറുപ്പ് ക്ലാഡിങ്ങും ഒരഴകായിരിക്കുന്നു. അധികം ആഡംബരമൊന്നും ടെയ്ല്‍ ലൈറ്റുകള്‍ക്ക് നല്‍കിയിട്ടില്ല. വളരെ സിംപിളായ രണ്ട് കഷ്ണങ്ങളിലാണ് ടെയ്ല്‍ ലൈറ്റുകള്‍. പുറമെയുള്ള കാഴ്ചയില്‍ ഓമനത്വം തോന്നുന്ന രൂപമാണ് പുതിയ സാന്‍ട്രോയ്ക്ക്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായ് കാറുകള്‍ക്കുള്ള നിലപാട് പുതിയ സാന്‍ട്രോയിലും തുടരുന്നുണ്ട്.
അകം
പുറമെ നിന്ന് കുഞ്ഞനായി തോന്നുമെങ്കിലും ഉള്ളില്‍ കയറിയാല്‍ വിശാലമായ ഷോറൂമാണ്. സൗകര്യങ്ങള്‍ക്ക് ഒട്ടും കുറവില്ല ഇവിടെ. ഇതേഗണത്തിലുള്ള മറ്റ് കാറുകളെ അസൂയപ്പെടുത്തുന്ന ഫീച്ചറുകളാണ് ഉള്ളില്‍. ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഭാഗങ്ങളും സീറ്റ് ലെതറുമൊക്കെ ഒറ്റനോട്ടത്തില്‍ തന്നെ ഡിസ്റ്റിങ്ഷന്‍ ലഭിക്കാവുന്നതാണ്. ആദ്യം സെന്‍ട്രല്‍ കണ്‍സോളിലേക്കാണ് ശ്രദ്ധപതിയുക. ആനയുടെ മുഖത്തെ ഓര്‍മിപ്പിക്കുന്നതാണ് സെന്‍ട്രല്‍ കണ്‍സോള്‍. വിശാലമായ മസ്തകം പോലെ പരന്നുകിടക്കുന്ന ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍. ആനച്ചെവി പോലെ ഇരുവശവും എ.സി. വെന്റുകള്‍, തുമ്പിക്കൈ പോലെ താഴേക്കുനീണ്ടു കിടക്കുന്ന കണ്‍സോളില്‍ എ.സി. നോബുകള്‍, യു.എസ്.ബി. പോര്‍ട്ട്, സ്റ്റോറേജ് സ്പേസ്, അവസാനം ഗിയര്‍ലിവറും. പതിവിനു വിപരീതമായി പവര്‍വിന്‍ഡോ സ്വിച്ചുകള്‍ മുഴുവന്‍ ഗിയര്‍ ലിവറിനടുത്താണ്. കൈയിലൊതുങ്ങുന്നാണ് സ്റ്റിയറിങ്ങ്. ഇതില്‍ തന്നെയാണ് ഇന്‍ഫോടെയിന്‍മെന്റ് സ്വിച്ചുകളും, ബ്ലൂടൂത്ത്, വോയ്സ് റെക്കഗനിഷന്‍ സ്വിച്ചും. ടച്ച് സ്‌ക്രീനില്‍ ഓഡിയോ വീഡിയോ സിസ്റ്റവും സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷനും സാധ്യമാവും. ട്രിപ്പ് മീറ്റര്‍ കണ്‍സോളില്‍ ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ഇന്ധനമുപയോഗിക്കുന്നതിന്റെ അളവ് തുടങ്ങിയവ കാണാം. സ്പീഡോമീറ്റര്‍ നല്ല കാഴ്ചയാണ്.
ബീജും കറുപ്പുമാണ് അകത്ത് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഡാഷ്ബോര്‍ഡില്‍ സ്റ്റോറേജ് സ്പേസിന്റെ ധാരാളിത്തമാണ്. ഗ്ലൗബോക്‌സിലും ആവശ്യത്തിനുള്ള സ്ഥലമുണ്ട്. ഡോര്‍പാനലുകളില്‍ വെള്ളക്കുപ്പി വെക്കാനുള്ള സ്ഥലവും നല്‍കിയിരിക്കുന്നു. അഞ്ചുപേര്‍ക്ക് സുഖമായി ഇരിക്കാനുള്ള സൗകര്യമുണ്ട് ഉള്ളില്‍. പിന്നിലെ സീറ്റുകളിലും ആവശ്യത്തിന് സ്ഥലം നല്‍കിയിരിക്കുന്നു. ഈ വിഭാഗം കാറുകളില്‍ കാണാത്ത പിന്നിലുള്ളവര്‍ക്കുള്ള എ.സി.വെന്റാണ് പ്രധാന ആകര്‍ഷണം. മുന്നിലെ സീറ്റുകള്‍ക്കിടയിലായതിനാല്‍ പിന്നിലുള്ളവര്‍ക്ക് കാല്‍നീട്ടിവെക്കുന്നതിന് ഇത് തടസ്സമാകുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിച്ചു. എ.സി.യില്‍ നിന്നുണ്ടാകുന്ന പൊടിയും മറ്റും തടയാനായി എക്കോ കോട്ടിങ്ങ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
സുരക്ഷ
ഹാച്ച്ബാക്കുകളില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും പുതിയ സാന്‍ട്രോയിലുമുണ്ട്. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്. സെന്‍ട്രല്‍ ലോക്കിങ്, പിന്നിലെ ഡീഫോഗര്‍, പിന്നിലെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലടിക്കാതെ ക്രമീകരിക്കാന്‍ കഴിയുന്ന റിയര്‍വ്യൂ മിറര്‍, പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ഡോര്‍ ലോക്ക് എന്നിവയാണവ.
എന്‍ജിന്‍
1.1 ലിറ്റര്‍ എപ്സിലോണ്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയുടെ കരുത്ത്. നിശബ്ദമാണ് പ്രവര്‍ത്തനം. പൊതുവെ ഹ്യുണ്ടായ് കാറുകള്‍ക്കുള്ള കരുത്തും അച്ചടക്കവും സാന്‍ട്രോയും പിന്തുടരുന്നുണ്ട്. എ.എം.ടി. ഒന്നുകൂടി ആള്‍ ഉഷാറാണ്. സി.എന്‍.ജി മോഡലാണ് സാന്‍ട്രോ നല്‍കുന്ന മറ്റൊരു പരിഷ്‌കാരം. ഇതിലെ മൈലേജാണ് ആരേയും ആകര്‍ഷിക്കുന്നത് 30.48 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വേരിയന്റുകള്‍
നാലു വേരിയന്റുകളാണ് പുതിയ സാന്‍ട്രോയിലുള്ളത്. ഡിലൈറ്റ്, ഇറ, മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ. സൗകര്യങ്ങളുടെ പരമ്പര തുടങ്ങുന്നത് മാഗ്നയില്‍ നിന്നാണ്.
Content Highlights; Hyundai Santro Test Drive Features Specs