ഭാവി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പാറിനടക്കാന്‍ പോകുന്ന വൈദ്യുത വാഹനത്തിന്റെ ആദ്യവിത്തുകളിലൊന്നാണ് 'കോന'. ഹ്യുണ്ടായ് ആയതുകൊണ്ട് വരുമ്പോള്‍ മാസായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുകൊണ്ടുതന്നെ വരവ് ചെറിയ ഹാച്ച്ബാക്കൊന്നുമായിട്ടല്ല? എന്തിനും തികഞ്ഞ എസ്.യു.വി. രൂപത്തില്‍ത്തന്നെയാണ് ഇന്ത്യയിലേക്ക് തങ്ങളുെട ആദ്യ പരിപൂര്‍ണ വൈദ്യുത കാറുമായി 'ഹ്യുണ്ടായ്'എത്തിയത്. 

ഹവായി ദ്വീപിലെ ചെറുനഗരമായ 'കോന'യില്‍ നിന്നാണ് ഈ പേര് ഹ്യുണ്ടായ് കടമെടുത്തത്. പ്രശസ്തമായ അവിടത്തെ കാപ്പിക്കുരു മനംമയക്കുന്നതാണ്. അതിന്റെ ഗന്ധം ആരേയും വശീകരിക്കുമെന്നാണ്, ഇതിന്റെ പേരിടല്‍ കര്‍മത്തില്‍ കമ്പനി പറഞ്ഞത്. പറഞ്ഞതുപോലെ ആരേയും മനംമയക്കുന്നതുതന്നെയാണ് 'കോന'. ഒത്തശരീരം, സുന്ദരമായ രൂപം, ഉള്ളിലും ആഡംബരത്തിന്റെയും സാങ്കേതികതയുടെയും സംഗമം... ഇതാണ് കോന വൈദ്യുത കാര്‍. 

പെട്രോളും ഡീസലും കുതിക്കുമ്പോള്‍, ഇനിയെന്ത് ആശ്രയം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വൈദ്യുത വാഹനങ്ങളുടെ വരവ്. എന്നാല്‍, മൈലേജും ചാര്‍ജിങ്ങും തമ്മില്‍ ഒത്തുചേരാത്തതുകൊണ്ട് മനസ്സിലേക്ക് കയറിപ്പറ്റാന്‍ സമയമെടുക്കും. ഒരു ഫുള്‍ച്ചാര്‍ജില്‍ നൂറുവരെ കഷ്ടി കടക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് കോനയുമായി ഹ്യുണ്ടായിയുടെ വരവ്. 

kona electric

തിരുവനന്തപുരത്തുനിന്ന് ചാര്‍ജ് ചെയ്ത് ഒറ്റയോട്ടം ഓടിയാല്‍ കൊച്ചിവരെ എത്താം. അവിടെനിന്ന് പ്ലഗ്ഗില്‍ കുത്തിയിട്ട് പഴയ കൊച്ചിയല്ലാത്ത കൊച്ചിയെ ഒന്ന് കണ്ടുവന്നാല്‍ കോഴിക്കോട് വരെ എത്താനുള്ള ചാര്‍ജ് വീണ്ടുമാകും. ഒറ്റച്ചാര്‍ജില്‍ 452 കിലോമീറ്ററാണ് കമ്പനി പറയുന്നത്. ഡി.സി. ചാര്‍ജിങ്ങാണെങ്കില്‍ 57 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജ് കയറും. കോനയുടെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍: 

കാഴ്ചയ്ക്ക് സുന്ദരം...

വൈദ്യുത കാര്‍ എന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് അതൊന്നും മനസ്സിലാകില്ല. രൂപത്തില്‍ തനി എസ്.യു.വി. തന്നെയാണ് കോന. ഭാരത്തിന്റെ കാര്യത്തിലും വലിപ്പത്തിന്റെ കാര്യത്തിലും 'ക്രെറ്റ'യും 'വെന്യു'വുമെല്ലാം ഒപ്പം നില്‍ക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്നില്‍ തണുപ്പിക്കാന്‍ ഗ്രില്ലിന്റെ ആവശ്യമില്ല. പകരം ഫൈബര്‍ കൊണ്ടുള്ള ആവരണമാണ്. ചെറിയ ക്രോമിന്റെ ലൈനിങ്ങിനോട് ചേര്‍ന്ന് ബോണറ്റിലാണ് ഡി.ആര്‍. എല്ലുകള്‍. ഒത്തനടുവില്‍ ഹ്യുണ്ടായിയുടെ ലോഗോയും തലയുയര്‍ത്തി നില്‍ക്കുന്നു. 

 പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ ബമ്പറിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. അതിനുതാഴെ എയര്‍വെന്റുകളുമുണ്ട്. കൂടുതല്‍ കരുത്തനായി തോന്നിക്കാന്‍ ബമ്പറിന് താഴെ ക്ലാഡിങ്ങും നല്‍കിയിരിക്കുന്നു. വലിയ വീല്‍ ആര്‍ച്ചാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കറുത്ത ക്ലാഡിങ്ങോടു കൂടിയുള്ള വീല്‍ ആര്‍ച്ചുകളില്‍നിന്ന് ബോഡിലൈന്‍ തുടങ്ങുന്നു. അധികം വരകളും കുറികളുമില്ലാത്തതാണ് വശങ്ങള്‍. പതിനേഴ് ഇഞ്ചിന്റെ അലോയ് വീലുകള്‍ വൈദ്യുത വാഹനത്തിനുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. 

പിന്‍വശം ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ്. വശങ്ങളിലേക്ക് വലിഞ്ഞുനില്‍ക്കുന്ന ടെയില്‍ലാമ്പുകളും ബമ്പറിന് താഴെയുള്ള ക്ലാഡിങ്ങുമെല്ലാം വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് വ്യക്തമാക്കിത്തരുന്നുണ്ട്. 

ഉള്ളില്‍ എല്ലാം മറ്റ് ഓട്ടോമാറ്റിക് കാറുകളെപ്പോലെതന്നെ. ഹ്യുണ്ടായിയുടെ മറ്റു കാറുകളെപ്പോലെ ഫിനിഷുള്ള ഇന്റീരിയര്‍. കറുപ്പാണ് പ്രധാന നിറം. വെള്ളിവരകളും ആവശ്യത്തിനുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുണ്ട്. വാഹനത്തിന്റെ പ്രവര്‍ത്തനവും സ്‌ക്രീനില്‍ കാണാം. 17.77 സെന്റിമീറ്ററുണ്ട് ടച്ച് സ്‌ക്രീന്‍. 

kona electric

ഡ്രൈവിങ് സുഖത്തിനുവേണ്ടിയുള്ള ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് മോഡുകള്‍ തിരഞ്ഞെടുക്കാം. മുന്നിലെ രണ്ട് സീറ്റുകളും വെന്റിലേറ്റഡ് ആണ്. അതുകൂടാതെ, ഒറ്റയ്ക്കുള്ള ഡ്രൈവിങ്ങില്‍ ഡ്രൈവര്‍ക്ക് മാത്രമായി എയര്‍കണ്ടീഷനിങ് പരിമിതപ്പെടുത്താനും കഴിയും. പത്ത് രീതിയില്‍ ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കാം. സെന്റര്‍ കണ്‍സോളില്‍ പൂര്‍ണമായും സ്വിച്ചുകളാണ്. ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്കും അതിന്റെ കൂട്ടത്തിലുണ്ട്. 

ഡ്രൈവിങ്...

സ്റ്റാര്‍ട്ട് സ്വിച്ച് അമര്‍ത്തിയാല്‍ വണ്ടി സ്റ്റാര്‍ട്ടായോ എന്നറിയാന്‍ മീറ്റര്‍ നോക്കണം. യന്ത്രഭാഗങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ശബ്ദം എന്ന സാധനമില്ല. റോഡിലും ഇതുതന്നെയാണ് അവസ്ഥ. പലപ്പോഴും കാല്‍നടക്കാര്‍ ഈ വലിയൊരു സാധനം അടുത്തുകൂടി പോകുന്ന കാര്യംപോലും അറിയുന്നുണ്ടായിരുന്നില്ല. ഇതിനായി നാട്ടുകാര്‍ക്കുവേണ്ടി ബോണറ്റിനുള്ളില്‍ ചെറിയൊരു ലൗഡ്സ്പീക്കര്‍ വച്ചിട്ടുണ്ട്. അതില്‍നിന്ന് ചെറിയൊരു മുരള്‍ച്ച കേള്‍ക്കാം. ഡ്രൈവ് സ്വിച്ചിട്ട് ആക്‌സിലറേറ്ററില്‍ കാല്‍ കൊടുത്താല്‍ മതി കുതിപ്പു തുടങ്ങാന്‍. 

വൈദ്യുത വാഹനമെന്ന് പുച്ഛിക്കാന്‍ വരട്ടെ. കുതിപ്പ് ഒരുവിധത്തിലുള്ള വാഹനങ്ങളെയെല്ലാം പിന്നിലാക്കുന്നതാണ്. പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്ററിലെത്താന്‍ വെറും 9.7 സെക്കന്‍ഡുമതി. ഓടിച്ചപ്പോള്‍ ഏറ്റവുമധികം ആശ്ചര്യപ്പെട്ടത് കോനയുടെ ആക്‌സിലറേഷനിലാണ്. കാല്‍കൊടുത്താല്‍ പെട്ടെന്നുള്ള കുതിപ്പ് മറ്റു കാറുകളില്‍ കണ്ടിട്ടില്ല. ഗിയര്‍ഷിഫ്റ്റിങ്ങൊന്നും ഇല്ലാത്തതിനാല്‍ എത്രത്തോളം കാല്‍ കൊടുക്കുന്നുവോ, സ്‌പോട്ടില്‍ത്തന്നെ വേഗമാര്‍ജിക്കുകയാണ്. കാലെടുത്താല്‍ ബ്രേക്കിങ് കിട്ടുകയും ചെയ്യും. അതിനാല്‍, റോഡില്‍ മികച്ച നിയന്ത്രണവുമാണ്. എന്‍ജിനും മറ്റു ഭാരങ്ങളൊന്നുമില്ലാത്തതിനാല്‍ വാഹനത്തിന്റെ ഭാരംകൂട്ടിയാണ് അഡ്ജസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് റോഡില്‍ നല്ല ആത്മവിശ്വാസം തരുന്നുണ്ട്.

ബോണറ്റിനുള്ളില്‍ എന്തുണ്ട്?... 

വൈദ്യുത കാറിന്റെ പ്രവര്‍ത്തനം ലളിതമാണ്. എന്‍ജിനില്ല, പകരം മോട്ടോറാണ്. അത് ബോണറ്റിനുള്ളില്‍ സുരക്ഷിതം. ഗിയര്‍ബോക്‌സും വേണ്ട. ക്ലച്ചില്ല. തേയ്മാനമുണ്ടാകുന്ന യന്ത്രഭാഗങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. അതിനാല്‍ മോട്ടോറില്‍ നിന്നുള്ള കരുത്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ നേരിട്ട് ചക്രങ്ങളിലെത്തും. അതാണ് പെട്ടെന്നുള്ള ആക്‌സിലറേഷന് സഹായിക്കുന്നത്. കോനയുടെ ഹൃദയമായ ബാറ്ററിയാകട്ടെ പ്ലാറ്റ്ഫോമില്‍ വ്യാപിച്ചു കിടക്കുകയാണ്. മൊഡ്യൂളുകളായാണ് ബാറ്ററിയുള്ളത്. അതിനെ സംരക്ഷിക്കാനും തണുപ്പിക്കാനുമുള്ള മികച്ച ആവരണത്തിനുള്ളിലാണ് ബാറ്ററിയെ സൂക്ഷിച്ചിരിക്കുന്നത്. 136 ബി.എച്ച്.പി.യും 395 എന്‍. എം. ടോര്‍ക്കുമാണ് കോനയ്ക്കുള്ളത്. 

kona

ബാറ്ററിയെന്ന ഹൃദയം...

39.2 കിലോവാട്ട് അവര്‍ ശേഷിയുള്ള 'ലിഥിയം അയോണ്‍ പോളിമര്‍ ബാറ്ററി'യാണ് പ്ലാറ്റ്ഫോമില്‍ പരന്നുകിടക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കും. അഥവാ, ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നാല്‍ വേണ്ടത് മാത്രം മാറ്റിയാല്‍ മതി. ഒരുതവണ ചാര്‍ജ് ചെയ്യാന്‍ 39.2 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. കണക്കുകൂട്ടി നോക്കിയാല്‍, മറ്റേതൊരു കാറിന്റേയും ചെലവിനൊപ്പമേ വരൂ. പരമ്പരാഗത ഇന്ധനമുപയോഗിക്കുന്ന മറ്റ് വാഹനങ്ങളുടെ പരിപാലനച്ചെലവുകൂടി നോക്കിയാല്‍ ഇതിന് ലാഭം മാത്രമേയുള്ളൂ.  ബാറ്ററി തീര്‍ന്നാല്‍ വണ്ടിയുടെ കാലം കഴിഞ്ഞുവെന്നാണ് വെപ്പ്. 2000 ഫുള്‍ച്ചാര്‍ജാണ് ബാറ്ററിയുടെ കാലാവധിയായി പറയുന്നത്. ഹ്യുണ്ടായ്  എട്ടുവര്‍ഷം, അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വാറന്റി നല്‍കുന്നുണ്ട്. 

ചാര്‍ജിങ്...

മൂന്നുതരം ചാര്‍ജിങ്ങാണ് കോനയ്ക്കുള്ളത്. സാധാരണ വീട്ടിലെ പ്ലഗ്പോയിന്റില്‍നിന്ന് ചാര്‍ജ് ചെയ്യാം. അതിനായി ചാര്‍ജിങ് ബോക്‌സുണ്ട്. അത് വീട്ടില്‍ ഘടിപ്പിച്ചാല്‍ മതി. ആറ് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ വേണം ഇതിലൂടെ ബാറ്ററി മുഴുവനായി ചാര്‍ജാകാന്‍. രണ്ടാമത്തേത് പോര്‍ട്ടബിള്‍ ചാര്‍ജര്‍. ഇത് 15 ആംപിയര്‍ പ്ലഗ്പോയന്റില്‍നിന്ന് ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജാകാന്‍ 13 മണിക്കൂറെടുക്കും.  ഇനിയുള്ളത് ഡി.സി. ചാര്‍ജിങ്ങാണ്. ചെലവേറിയതാണിത്. ഇതിലൂടെ 57 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജാകും. ഇവയായിരിക്കും ചാര്‍ജിങ് സ്റ്റേഷനുകളിലുണ്ടാവുക. വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍, ബാറ്ററി ചാര്‍ജ് ആകുന്ന റീ ജെനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ഇതിലുണ്ട്. നഗരങ്ങളിലെ ഓട്ടത്തിലാണ് ഇത് ഗുണംചെയ്യുക. ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം ചാര്‍ജായി മൈലേജ് കൂടുന്നത് മീറ്ററില്‍ നമുക്ക് അറിയാന്‍ കഴിയും. 

വില...

ഇപ്പോള്‍ കേട്ടാല്‍ നെഞ്ചെരിയുമെങ്കിലും ഭാവിയില്‍ എന്തും സംഭവിക്കാം. ഇപ്പോള്‍ 30 ലക്ഷം രൂപയാണ് വില. കുറച്ച് നികുതിയിളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും വില വല്ലാതെ താഴേക്ക് വന്നിട്ടില്ല. പൂര്‍ണമായും ഇറക്കുമതിയായതിനാലാണ് എക്‌സ്സൈസ് തീരുവ കൂടുന്നത്. ഇനി ഇവിടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞാല്‍ വില കുറയുമെന്ന് കരുതാം. 

സുരക്ഷ...

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകളുണ്ട്. കൂടാതെ എ.ബി.എസ്., ഇ.ബി.ഡി., ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയുമുണ്ട്.

Content Highlights; hyundai electric kona test drive, kona electric review, kona features