-
സൗന്ദര്യസങ്കല്‍പ്പത്തിന് കൊറിയക്കാരെ കഴിഞ്ഞേ ആളുള്ളൂ. അതുകൊണ്ടുതന്നെ ഒരോ മോഡല്‍ ഇറങ്ങുമ്പോഴും നോക്കിനിന്നുപോകും. ഇതുവരെ ഹ്യുണ്ടായ് ഇറക്കിയ ഒരോ കാറിനേയും വ്യത്യസ്തമാക്കുന്നത് അതിന്റെ ശില്പചാരുതയാണ്. ലാളിത്യംതന്നെയാണ് അതില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ചെറിയ സെഡാനുകളുടെ കൂട്ടത്തിലേക്ക് ഇപ്പോള്‍ വന്ന ഓറതന്നെ അതിന് ഉദാഹരണം. ഈ ശ്രേണിയിലുണ്ടായിരുന്ന എക്സന്റിന്റെ പുതിയ തലമുറയാണ് ഓറ. എന്നാല്‍, ഓറയും എക്സന്റും തമ്മില്‍ കാഴ്ചയില്‍ ഒരു ബന്ധവുമില്ല. അത്രയും സുന്ദരമാണ് ഓറയുടെ ക്രാഫ്റ്റിങ്. ഒരു കൂപ്പെയോടാണ് ഓറയ്ക്ക് സാമ്യമേറെ.
പിന്നില്‍നിന്ന് നോക്കിയാലും മുന്നില്‍നിന്ന് നോക്കിയാലും വശങ്ങളില്‍നിന്ന് നോക്കിയാലും ആരേയും വശീകരിക്കുന്ന ആ സൗന്ദര്യം എടുത്തുപറയണം. ഇത്തവണ ഓറയുംകൊണ്ടൊരു യാത്രയാണ് തരമായത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് മോഹിപ്പിക്കും. അതുപോലെ കൊച്ചുകാറില്‍ ഹ്യുണ്ടായ് ഒരുക്കിയ സൗകര്യങ്ങളും.
സൗന്ദര്യത്തിടമ്പ്
അടുത്തിറങ്ങിയ നിയോസിന്റെ ചേട്ടനാണ് ഓറ. മുന്നിലെ ഗ്രില്ലിന്റെ വശങ്ങളിലായുള്ള ഡി.ആര്.എല്ലുകള്‍തന്നെ കാരണം. കോണ്‍ ആകൃതിയിലുള്ള ഡി.ആര്.എല്ലുകള്‍ നിയോസില്‍ ഒന്നേയുള്ളുവെങ്കില്‍ ചേട്ടന് രണ്ടെണ്ണം കൊടുത്തിട്ടുണ്ട്. ഗ്രില്ലാം ബമ്പറുമെല്ലാം ചേര്‍ന്ന് പഴയ മണല്‍ ഘടികാരത്തിന്റെ രൂപമാണ്. നിയോസിനേക്കാളും കുറച്ചുകൂടി നവീനമാണ് ഗ്രില്‍. നിയോസില്‍ തേനീച്ചക്കൂട് ഗ്രില്ലാണെങ്കില് ഇതില്‍, കുറച്ചുകൂടി മാറ്റമുണ്ട്.
മുഖംനിറഞ്ഞുനില്ക്കുന്ന ഗ്രില്ലും ബമ്പറുമെല്ലാം ചേര്‍ന്ന് ഒരു പൂരംതന്നെയാണ് മുന്‍ഭാഗം. പ്രൊജക്ടഡ് ഹെഡ്ലൈറ്റ്, വശങ്ങളില് കറുത്ത ഫ്ളാപ്പിനുള്ളില്‍ ചെറി ഫോഗ് ലാമ്പ് എന്നിവയും ഓറയ്ക്ക് ഭംഗിപകരുന്നുണ്ട്. ചെറിയ വണ്ടിയാണെങ്കിലും ഒരു ആഡംബര കൂപ്പെ മോഡലിനോട് സാമ്യത വരുത്തുന്നതില്‍ ഹ്യുണ്ടായ് വിജയിച്ചിട്ടുണ്ടെന്ന് പറയാം. വശങ്ങളില്‍നിന്ന് നോക്കുമ്പോഴാണ് അത് ശരിക്കും മനസ്സിലാകുക. ഒഴുകിയിറങ്ങുന്ന റൂഫ്ലൈന്‍ പ്രത്യേകം എടുത്തുപറയണം.
പുതിയ സൈഡ് മിററുകളിലാണ് ഇന്‍ഡിക്കേറ്ററും ഘടിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന മോഡല്‍ ഡ്രൈവിന് കിട്ടിയതിനാല്‍ അതില്‍ ഡയമണ്ട് കട്ട് അലോയ് വീലുകളുമുണ്ട്. പിന്‍വശത്താണ് ഹ്യുണ്ടായ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതെന്നുപറയാം.
ആഡംബരക്കാറുകളില്നിന്ന് പറച്ചുനട്ടിരിക്കുകയാണ് ടെയില്‍ ലാമ്പുകള്‍. എല്‍ ഷേപ്പിലുള്ള എല്‍.ഇ.ഡി. സ്ട്രിപ്പിന് നടുവിലായാണ് ബ്രേക്ക്ലൈറ്റും ഇന്ഡിക്കേറ്ററുമടക്കം നല്‍കിയിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയായി നീളുന്ന കറുത്ത ലൈന്‍ വണ്ടിയുടെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നു. ഹ്യുണ്ടായ് വാഹനങ്ങളുടെ പുതിയ കൈയൊപ്പായ ഡിക്കിയില്‍ ഉയര്ന്നുനില്ക്കുന്ന പേര് ഇതിലുമുണ്ട്. ബൂട്ട്ഡോറിലെ ഹ്യുണ്ടായ് ലോഗോയ്ക്ക് താഴെയാണ് ഓറ എന്നെഴുതിയിട്ടുള്ളത്.
ഉള്ളിലെ ആഡംബരം
നിയോസിനെ അനുസ്മരിപ്പിക്കുന്നതാണ് ഉള്‍ഭാഗം. ചന്ദനവും കറുപ്പും ഡാഷ്ബോര്‍ഡില്‍നിന്ന് തുടങ്ങി ഡോര്പ്പാനലും കടന്നുപോകുന്ന ചോക്ലേറ്റ് നിറമാണ് പ്രധാനമായി ഉപയാഗിച്ചിരിക്കുന്നത്. പൊതുവെ ഹ്യുണ്ടായ് വണ്ടികളില്‍ കാണുന്ന മികച്ച പ്ളാസ്റ്റിക് തന്നെയാണ് ഇതിലുമുള്ളത്. അതില്‍ പിശുക്കൊന്നും കാണിച്ചിട്ടില്ല.
ഡാഷ്ബോര്‍ഡില്‍ ഉയര്ന്നുനില്ക്കുന്ന ടച്ച് സ്ക്രീനിലാണ് ഇന്ഫൊടെയിന്മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ളേ, ആന്‍ഡ്രോയ്ഡ് ഓട്ടോ അടക്കമുള്ളവയും ഇതിലുണ്ട്. എന്നാല്‍, ഇതൊരു കണക്ടഡ് കാര്‍ അല്ല. ബാക്കിയെല്ലാംകൊണ്ട് സമൃദ്ധമാണ് ഓറ. ഓട്ടോമാറ്റിക് ക്ളൈമറ്റ് കണ്ട്രോള്, എന്ജിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടന്, ഓഡിയോ, സ്റ്റിയറിങ്ങിലുള്ള ഫോണ്‍ കണ്ട്രോളുകള്, എന്നിങ്ങനെയുള്ളവ നല്കിയിരിക്കുന്നു.
സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍, എ.ബി.എസ്., ഇ.ബി.ഡി., സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ഹുക്ക് എന്നിവ എല്ലാ മോഡലുകളിലും വരുന്നുണ്ട്. ഉയര്‍ന്ന മോഡലില്‍ സെന്സറുകളടക്കമുള്ള പാര്‍ക്കിങ് ക്യാമറ, കീലെസ് എന്‍ട്രി, ഹൈസ്പീഡ് അലര്‍ട്ട്, സ്പീഡ് സെന്‍സിങ് ഡോറുകള്‍, ഇംപാക്ട് സെന്‍സിങ് ഡോര്‍ അണ്‍ലോക്ക് എന്നിവയുമുണ്ട്.

എന്ജിന്
രണ്ട് പെട്രോള്‍ എന്‍ജിനുകളും ഒരു ഡീസല്‍ എന്‍ജിനുമായാണ് ഓറ വരുന്നത്. ഇവയെല്ലാംതന്നെ ബി.എസ്. സിക്സ് മാനദണ്ഡത്തിലുള്ളവയാണ്. ഡ്രൈവിന് കിട്ടിയത് 1.2 ലിറ്റര്‍ പെട്രോളായിരുന്നു. ആവശ്യത്തിന് പിക്കപ്പ് നല്കുന്ന വാഹനം മികച്ച പ്രകടനമാണ് ഹൈവേയിലും ഇടറോഡുകളിലും കാഴ്ചവെച്ചത്. ഡീസലില്‍ 1.2 ലിറ്റര്‍ തന്നെയാണ്. ഇത് 190 എന്‍.എമ്മില്‍ 74 ബി.എച്ച്.പി.യാണ് കരുത്ത് നല്‍കുന്നത്. ഫൈവ് സ്പീഡ് മാന്വലും ഓട്ടോ ട്രാന്‍സ്മിഷനുമായാണ് വരുന്നത്.
ചെറിയ എസ്.യു.വി.യായ വെന്യുവിലുള്ള എന്ജിന് 1 ലിറ്റര്‍ ജി.ഡി.ഐ. ടര്ബോയുമായുള്ള പെട്രോള്‍ എന്‍ജിനും ഇതില്‍ വരുന്നുണ്ട്. 172 എന്‍.എമ്മില്‍ 99 ബി. എച്ച്.പി. കരുത്താണ് ഇത് നല്‍കുന്നത്. ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഇതിന് നല്‍കിയിരിക്കുന്നത്. അഞ്ച് വേരിയന്റുകളിലായിട്ടാണ് ഓറ വരുന്നത്. അവ ഇവയാണ്; ഇ, എസ്, എസ്.എക്സ്, എസ്.എസ്. പ്ലസ്, എസ്.എക്സ്. ഓപ്ഷണല്‍.
വാല്‍ക്കഷ്ണം
ആറു ലക്ഷത്തിനടുത്തുനിന്ന് തുടങ്ങുന്ന വിലയില്‍ ഒരു ചെറിയ കൂപ്പെ കാര്‍ കൈയിലൊതുക്കുക എന്നത് ചെറിയകാര്യമല്ല. ചെറിയ കുടുംബത്തിന് സൗന്ദര്യവും കരുത്തുമുള്ള ചെറിയ കാര്‍ എന്ന സങ്കല്പ്പത്തിന് ഉതകുംവിധമാണ് ഹ്യുണ്ടായ് ഓറയെ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ നിരാശപ്പെടേണ്ടിവരില്ല.
Vehicle Provided By; Popular Hyundai, Calicut
Content Highlights: Hyundai Aura Compact Sedan- Test Drive Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..