കേരളത്തെ ഒന്നാകെ ബാധിച്ച പ്രളയത്തില്‍ നിന്ന് സംസ്ഥാനം പതിയെ കരകയറുകയാണ്. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്കടുക്കുന്നു. ഇനി വേണ്ടത് ജനങ്ങളുടെ പഴയ ജീവിതം അവര്‍ക്ക് തിരിച്ചു നല്‍കുകയാണ്. വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണിതെങ്കിലും സര്‍ക്കാരും സന്നദ്ധസംഘടനകളും ഇതിനായി വിശ്രമം ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രളയത്തില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ക്ക് എത്രയും വേഗത്തില്‍ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുകയാണ് ഇതില്‍ പ്രധാനം. സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും ലക്ഷക്കണക്കിന് വാഹനങ്ങള്‍ നശിച്ചു. ഇവയ്‌ക്കെല്ലാം ഇന്‍ഷുറന്‍സ് തുക പെട്ടെന്ന് നല്‍കുമെന്ന് വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്.
അതേസമയം പ്രകൃതി ദുരന്തത്തില്‍ കേടുപാടുവരുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരുമെങ്കിലും ഇതിനായി ചില മാനദണ്ഡങ്ങള്‍ കമ്പനികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് വെള്ളം കയറിയ വാഹനങ്ങള്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടില്ല എന്നത്. സ്റ്റാര്‍ട്ട് ചെയ്താല്‍ എക്‌സ്‌ഹോസ്റ്റ് വഴി വെള്ളം എന്‍ജിനുള്ളിലെത്തും. ഇത് എന്‍ജിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. അങ്ങനെ വന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇതിനുള്ള ക്ലെയിം തിരസ്‌കരിക്കും. എന്‍ജിനില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇന്‍ഷുറന്‍സ് നിയമം.
പ്രദേശത്തെ വെള്ളം ഇറങ്ങി സാഹചര്യം അനുകൂലമായാല്‍ എത്രയും വേഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച് കേടുവന്ന വാഹനം കെട്ടിവലിച്ച് സര്‍വ്വീസ് സെന്റര്‍/വര്‍ക്ക്‌ഷോപ്പിലെത്തിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്ന കാര്യം മറക്കരുത്. വെള്ളത്തിലായ കാര്‍ നിങ്ങള്‍ ഓണ്‍ ആക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സര്‍വ്വീസ് സെന്ററിലെ സാങ്കേതിക പരിശോധനയില്‍ ഇന്‍ഷുറന്‍സ് കമ്പനി സര്‍വ്വെയര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. വിളിച്ച് അറിയിക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് കമ്പനിയില്‍ രേഖാമൂലം കാര്യങ്ങള്‍ അറിയിക്കുകയും വേണം.
ക്ലെയിം ചെയ്യേണ്ടതെങ്ങനെ...
- വെള്ളത്തില്‍ മുങ്ങിയ വാഹനത്തിന്റെ ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കുന്നത് ക്ലെയിം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.
- ആദ്യപടിയായി ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒരു ഇന്റിമേഷന്‍ ലെറ്റര്‍ പൂരിപ്പിച്ച് നല്‍കണം. പ്രാഥമികമായ ചില വിവരങ്ങള്‍ മാത്രമേ ഇതില്‍ നല്‍കേണ്ടുള്ളു. അതിനുശേഷം ക്ലെയിം ഫോം കൂടി പൂരിപ്പിച്ച് നല്‍കാം. പ്രകൃതി ദുരന്തമായതിനാല്‍ ഈ ഫോം ലഭിച്ചാല്‍ മറ്റു നടപടി ക്രമങ്ങളില്ലാതെ തന്നെ സര്‍വ്വെയര്‍ വാഹനം പരിശോധിച്ച് ആവശ്യമായ കാര്യങ്ങള്‍ ശരിയാക്കും.
- വെള്ളപ്പൊക്കത്തില്‍ ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ഓഫീസിലെത്തി നിങ്ങളുടെ വാഹന നമ്പറും മറ്റും നല്‍കി വിവരങ്ങള്‍ വീണ്ടെടുത്ത് ക്ലെയിം ചെയ്യാവുന്നതാണ്.
- നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാ കമ്പനികളും പ്രത്യേക ഹെല്‍പ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്, ഇവര്‍ നിങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും.
ഇന്‍ഷുറന്‍സ് കമ്പനികളെ ബന്ധപ്പെടാന്‍...
- ഓറിയന്റല്‍ ഇന്‍ഷുറന്‍സ്
ടോള്‍ ഫ്രീ നമ്പര്‍ - 1800-11-8485, ഇമെയില്‍ - kerala.claims@orientalinsurance.co.in
- നാഷണല്‍ ഇന്‍ഷുറന്‍സ്
ക്ലെയിം ഹബ്ബ് - 9188044186, ഇമെയില്‍ - kro.claimshub@nic.co.in
- ന്യൂ ഇന്ത്യാ അഷ്വറന്‍സ്
ടോള്‍ ഫ്രീ നമ്പര്‍ - 1800-209-1415, ഇമെയില്‍ - nia.760000@newindia.co.in
- യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്
വാഹന ക്ലെയിം - 8921792522, ഇമെയില്‍ keralafloods@uiic.co.in
വെള്ളം കയറുന്നതിന് പുറമേ പ്രകൃതി ദുരന്തങ്ങളില്‍ മരങ്ങള്‍ വീണും മണ്ണിടിഞ്ഞും കേടുപാടുവന്ന വാഹനങ്ങള്‍ക്കും ക്ലെയിം വളരെ എളുപ്പത്തില്‍ ലഭിക്കും, പ്രധാനമായും രണ്ടു തരം ഇന്‍ഷുറന്‍സുകളാണ് വാഹനങ്ങള്‍ക്കുള്ളത്. ലയബിലിറ്റി ഇന്‍ഷുറന്‍സും കോംപ്രിഹെന്‍സീവ്/പാക്കേജ് ഇന്‍ഷുറന്‍സും. ഇതില്‍ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇത്തരം അപകടങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കുകയുള്ളു. ലയബിലിറ്റി ഇന്‍ഷുറന്‍സില്‍ അപകടം സംഭവിച്ചാല്‍ തേര്‍ഡ് പാര്‍ട്ടികളെയും അവരുടെ പ്രോപ്പര്‍ട്ടികളെയും മാത്രമാണ് കവര്‍ ചെയ്യുന്നത്.
എന്റെ വാഹനത്തിന് ഇന്‍ഷുറന്‍സുണ്ടല്ലോ അതിനാല്‍ ബാക്കി കാര്യങ്ങളെല്ലാം പതിയെ ചെയ്യാം എന്ന ധാരണയില്‍ ഇരിക്കരുത്. തുരുമ്പെടുക്കാനും കൂടുതല്‍ ഭാഗങ്ങള്‍ കേടുവരാനും ഇത് കാരണമാകും. വളരെ താമസിച്ച് ക്ലെയിം ചെയ്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അനുവദിക്കാത്ത സാഹചര്യങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതിനാല്‍ കഴിയുന്നതും വേഗത്തില്‍ ആവശ്യമായ രേഖകള്‍ പൂരിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഏല്‍പ്പിക്കണം. എത്രയും വേഗത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിങ്ങളുടെ നഷ്ടം നികത്താല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ബാധ്യസ്ഥരാണ്.
Content Highlights;How to claim vehicle insurance damaged in flood