ഡ്രൈവിംങ് പഠിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന തമാശ രംഗങ്ങള്‍ നമ്മെ കുറേയേറെ ചിരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രത്തിലെ പോളിടെക്‌നിക്കില്‍ പഠിച്ച ശ്രീനിവാസന്റെ കഥാപാത്രവും 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ വയസ്സന്‍ കഥാപാത്രവും നമ്മളെ ചിരിപ്പിച്ചു ആയുസ്സ് കൂട്ടി തന്നവരാണു.

ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിംങില്‍ വലിയ പാളിച്ചകള്‍ ഉണ്ടാക്കാം. പൊതുവേ ശാസ്ത്രീയമായി ഡ്രൈവിങ് പഠിച്ചവരോട് ഒരു പുച്ഛം നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ട്. ഒരു ചെറിയ ആക്‌സിഡന്റോ മറ്റോ നടന്നാല്‍ പുച്ഛവും പരിഹാസവും കലര്‍ന്ന് രീതിയില്‍ ഉള്ള കമന്റുകളും ഉയര്‍ന്നുവരാറുണ്ട്. ശരിക്കും പറഞ്ഞാല്‍ ഒരു തുടക്കക്കാരനുണ്ടാകുന്ന അശ്രദ്ധകളാണു ഇത്തരത്തില്‍ സാമാന്യവല്‍ക്കരിക്കപ്പെടുന്നത്. ഒന്നു ചെറുതായി ശ്രദ്ധിച്ചാല്‍ നമ്മുടെ പല അശ്രദ്ധകളും ഒഴിവായികിട്ടുകയും ഒരു നല്ല ഡ്രൈവിങ് ശൈലി രൂപീകരിക്കപ്പെടുകയും ചെയ്യും. അതെന്തൊക്കെയാണെന്നു നമുക്കു നോക്കാം

#ഗിയര്‍ ലിവറിലേക്കുള്ള എത്തിനോട്ടം ഒഴിവാക്കാം

സാധാരണയായി പുതുതായി ഡ്രൈവിംങ് പഠിക്കുന്ന ഒരാള്‍ക്കുള്ള പ്രധാന സംശയമാണു ഗിയര്‍ ചേഞ്ചിംങ്. അതുകൊണ്ടു തന്നെ ആദ്യമാദ്യം ഡ്രൈവിങ്‌ പഠിക്കുന്ന ഒരാള്‍ ഗിയര്‍ മാറുമ്പോള്‍ ഗിയര്‍ ലിവറിലേക്ക് നോക്കിപോവാറുണ്ട്. ഇത് പരിപൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണു. എന്തുകൊണ്ടെന്നാല്‍ ക്രമേണ ഇത് ഒരു ശീലമായി മാറാന്‍ ഇടയുണ്ട്. ഒരു നിമിഷത്തെ പോലും അശ്രദ്ധ ഒരു വലിയ അപകടത്തിനു കാരണമായേക്കാം എന്നുള്ളതിനാല്‍ ഇത് തുടക്കത്തിലേ ഒഴിവാക്കുകയും ശീലമായി മാറുന്നത് ഒഴിവാക്കാനും സാധിക്കുന്നതാണു.

#ബ്രേക്കിംങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Driving

ഡ്രൈവിംങ് പഠിക്കുന്ന ഒരാള്‍ക്ക് സാധാരണയായി ചെറിയ തോതിലെങ്കിലും ഉള്ളില്‍ ഒരു ഭയം ഉണ്ടാവും. അതിനാല്‍ അടിക്കടി ബ്രേക്ക് ചെയ്ത് വണ്ടി ഓടിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇതും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ട ഒരു രീതിയാണു ആവശ്യത്തിനു മാത്രം ബ്രേക്കിംങ് എന്ന നിലയിലേക്ക് നമ്മുടെ ഡ്രൈവിംങ് ശൈലി മാറ്റുകയാണെങ്കില്‍ കൂടുതല്‍ ഇന്ധനക്ഷമതയും ബ്രേക്ക് പാര്‍ട്ട്‌സുകളുടെ ഈടുനില്‍പ്പിനും കാരണമാകും. ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നില്‍ നിന്നും ഇടിക്കത്തക്ക രീതിയില്‍ മറ്റു വാഹനങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട് റിയര്‍വ്വ്യൂ മിററുകള്‍ ശരിയായി ഉപയോഗിച്ച് ബ്രേക്ക് ചെയ്യുന്നതാണു നല്ലത്.

#ക്ലച്ച് പെഡലില്‍ കാലുവെച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കുക

ക്ലച്ച് പെഡലില്‍ കാലുവെച്ചുള്ള ഡ്രൈവിംങ് ആണു ഒഴിവാക്കപ്പെടേണ്ട മറ്റൊരു ഘടകം. ക്ലച്ച് പെടലില്‍ കാലുവെക്കുന്നതുവഴി ക്ലച്ച് ഭാഗികമായി പ്രവര്‍ത്തിക്കാനും അതുവഴി ചൂട് അധികമായി ഉല്‍പാദിപ്പിക്കപ്പെടാനും ക്ലച്ച് പാര്‍ട്ട്‌സുകള്‍ക്ക് തേയ്മാനം സംഭവിക്കാനും സാധ്യതയുണ്ട്. 

#റോഡ് നിയമങ്ങള്‍ അറിഞ്ഞിരിക്കാം

TraffiC Rule

ഡ്രൈവിംങില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്, ഒരു പക്ഷെ ഡ്രൈവിംങ് പഠിക്കുന്നതിനേക്കാളും പ്രധാനം റോഡ് നിയമങ്ങള്‍ അറിഞ്ഞിരിക്കുക എന്നതാണു. കാരണം റോഡ് നിയമങ്ങള്‍ കൃത്യമായി അറിയുന്ന ഒരാള്‍ക്ക് മാത്രമേ ഒരു നല്ല ഡ്രൈവര്‍ ആകാന്‍ സാധിക്കുകയുള്ളു. അനാവശ്യമായ പിഴകളും സമയനഷ്ടവും ഒരു പരിധി വരെ ഒഴിവാക്കാന്‍ റോഡ് നിയമങ്ങളിലെ അറിവ് നമ്മളെ സഹായിക്കും.

#മറ്റു യാത്രക്കാരെ ബഹുമാനിക്കാം

ദിവസേന നാം കാണുന്ന ഒരു കാര്യമാണു ചിലരുടെ വൃത്തികെട്ട രീതിയിലുള്ള ഡ്രൈവിംങ് റോഡിലേക്കിറങ്ങിയാല്‍ 'ഷുമാക്കറിനെ' അനുസ്മരിപ്പിക്കും വിധം വേഗതയിലാകും ചിലരുടെ പോക്ക്. അനാവശ്യമായ വേഗത അപകടത്തിലേ കൊണ്ടെത്തിക്കുകയുള്ളു എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്യപകടം നിറഞ്ഞ ഓവര്‍ട്ടേക്കിംങ്ങാണ് ഇത്തരക്കാരുടെ മറ്റൊരു കലാവിരുത്. ഇതും അപകടം വിളിച്ചു വരുത്തുന്നതാണു. ട്രാഫിക് ബ്ലോക്കില്‍പ്പെടുമ്പോള്‍ ഹോണടിച്ചും വാഹനം ഇരപ്പിച്ചും പോകുന്ന ചില വിരുതന്മാരെ കാണാം മറ്റുള്ള യാത്രക്കാര്‍ക്ക് ഇത് എത്രത്തോളം അരോജകമാണെന്നു ഇത്തരക്കാര്‍ ചിന്തിക്കാറുപോലുമില്ല. താന്‍ സ്വന്തം വാഹനം ഓടിക്കുമ്പോഴും മറ്റുള്ള യാത്രക്കാരെ ബഹുമാനിക്കാന്‍ ബാധ്യസ്ഥനാണു എന്ന തോന്നല്‍ നമുക്ക് എപ്പോഴും വേണം.

#ലൈറ്റുകളുടെ ഉപയോഗം പഠിക്കാം

പൊതുവേ പകല്‍ സമയങ്ങളിലാണ് നാം ഡ്രൈവിംങ് പഠിക്കാനായി മാറ്റിവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളില്‍ എങ്ങനെ വണ്ടി ഓടിക്കണമെന്നുള്ള ഒരു അജ്ജത നമുക്കുണ്ട്. രാത്രിയില്‍ എതിരെ ഒരു വാഹനം വരുമ്പോള്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യാന്‍ നമുക്ക് പൊതുവേ മടിയാണു. നഗരപരിധിയില്‍ രാത്രി സമയത്ത് ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവു എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. കേരളത്തിലെ റോഡപകടങ്ങള്‍ക്ക് ഒരു പരിധിവരെ ഇതാണു കാരണം എന്ന് ഈയിടെ ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ ഉരുത്തിരിഞ്ഞു വന്നത് ഇതിനൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്. ഇന്‍ഡിക്കേറ്ററുകളുടെ ശരിയായ ഉപയോഗവും ഒരു പ്രധാന ഘടകമാണു

IPDE പറ്റി അറിഞ്ഞിരിക്കാം

ഡ്രൈവിംഗിലെ ഒരു പ്രധാനപ്പെട്ട തത്വമാണു IPDE (IDENTIFICATION-PREDICT-DECIDE-EXECUTE) ഡ്രൈവ് ചെയ്യുമ്പോഴെല്ലാം ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണിത്.

  • IDENTIFICATION (തിരിചറിയല്‍)

ഈ തത്വമനുസരിച്ചുള്ള ആദ്യ പടി ആണിത് ഡ്രൈവ് ചെയ്യുന്നതോടൊപ്പം കണ്ണു കൊണ്ടു കാണുന്ന കാഴ്ചകള്‍ തിരിച്ചറിയപ്പെടുക എന്നതും പ്രധാനമാണു. കാല്‍നടയാത്രക്കാര്‍, മറ്റു വാഹനങ്ങള്‍ എന്നിവയ്ക്കുമേല്‍ എപ്പോഴും ഒരു കണ്ണുവേണം എന്നുതന്നെയാണു ഇതുകൊണ്ട് ഉദ്ദേശിക്കുന്നത.് ഡ്രൈവ് ചെയ്യുമ്പോള്‍ 'കണ്ണുവേണം ഇരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും 'എന്ന കവിവചനം ഫലത്തില്‍ വരുത്തിയാല്‍ നന്ന്

  • PREDICTION (മുന്‍ കൂട്ടി കാണുക)

ഡ്രൈവ് ചെയ്യുമ്പോള്‍ കാണുന്ന വസ്തുക്കള്‍ അടുത്തതായി എന്ത് ചെയ്യുന്നു എന്നു മുന്‍ കൂട്ടി അറിയാന്‍ പറ്റണം ഉദാഹരണമായി ഒരു കാല്‍നടയാത്രക്കാരന്‍ റോഡ് മുറിച്ച് കടക്കുവാനായി വണ്ടിക്ക് കുറുകേ വന്നേക്കുമോ എന്നും മറ്റും അയാളുടെ പ്രവര്‍ത്തിയില്‍ നിന്നും മനസ്സിലാക്കണം. മുന്നിലിരിക്കുന്ന വണ്ടി ബ്രേക്ക് ചെയ്യുമോ എന്നു ബ്രേക്ക് ലൈറ്റ് നോക്കി മനസ്സിലാക്കുന്നതും ഇതില്‍ പെടും.

  • DECIDE (തീരുമാനിക്കുക)

ഇതിലെ അടുത്ത പടിയാണിത്. അയാളുടെ/ആ വസ്തുവിന്റെ അടുത്ത പ്രവര്‍ത്തിക്ക് അനുസ്രുതമായി എന്ത് ചെയ്യണമെന്നു തീരുമാനിക്കലാണു അടുത്ത പടി. വേഗം കുറക്കണോ അതോ കൂട്ടണോ എന്നു തീരുമാനിക്കാം ഈ തത്വമനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണിത്.

  • EXECUTE (ഫലത്തില്‍ വരുത്തുക)

ഏറ്റവും പ്രധാനമായ ഒന്നാണു ഈ കര്‍ത്തവ്യം ഇതുവരെയുള്ള  കാര്യങ്ങള്‍ക്കെല്ലാം നമ്മുടെ ചിന്തകള്‍ക്കും തലച്ചോറിനുമായിരുന്നു ജോലിയെങ്കില്‍ ഇനി നമ്മുടെ ശരീരവും ഈ തത്വം പ്രാവര്‍ത്തികമാക്കാന്‍ നമ്മോടൊപ്പം ചേരുന്നു. നമ്മള്‍ ചിന്തിച്ചുറപ്പിച്ച തീരുമാനം ഫലത്തില്‍ വരുത്തുക എന്നതാണു അടുത്തപടി. ഇതൊക്കെയും ക്ഷണനേരത്തിനുള്ളിലാണു ഒരു ഡ്രൈവര്‍ നടപ്പക്കേണ്ടത് അതിവിദഗ്ദമായി ഈ തത്വങ്ങള്‍ നടപ്പാക്കുന്ന ഒരുവനാണു ഒരു മികച്ച ഡ്രൈവര്‍.

 

ലോകത്തിന്റെ ഏതുഭാഗത്തും ഒരു നല്ല ഡ്രൈവിംഗ് സംസ്‌കാരം ഒരു രാജ്യത്തിന്റെ തന്നെ പുരോഗതിയെയും അവിടുത്തെ മനുഷ്യരുടെ സംസ്‌കാരത്തെയുനാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നല്ല ഡ്രൈവിംഗ് ശൈലി സ്വായത്തമാക്കാനും അതുവഴി  സഹയാത്രികരുടെ ആദരവ് പിടിച്ച് പറ്റാനും നമുക്ക് ശ്രമിക്കാം...

Read More; സെന്‍സറുകള്‍ പണിമുടക്കിയാല്‍ കാര്‍ വഴിയില്‍ കിടക്കും
Read More; ഹൈബ്രിഡ് കാര്‍, വാഹന വിപണയിലെ മുല്ലപ്പൂ വിപ്ലവം