വിടെ കുറച്ച് ആഴ്ചകളായി പുലര്‍ച്ചെയുള്ള മൂടല്‍മഞ്ഞ് കണ്ണിനും മനസിലും ഒരുപോലെ കുളിരേകുന്നുണ്ട്. രാവിലെ ഏകദേശം എട്ടര വരെയൊക്കെ നോക്കെത്താ ദൂരത്തോളം പുകപോലെ പരന്ന് കിടക്കുന്ന മഞ്ഞിന്റെ ദൃശ്യം ആസ്വദിച്ച് ചെറിയ കുളിരില്‍ ഒരു കപ്പ് കാപ്പിയും രൂചിച്ച് ഞാന്‍ എന്റെ ബാല്‍ക്കണിയില്‍ നില്‍ക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ മൂടല്‍ മഞ്ഞ് കാണുമ്പോള്‍ കഴിഞ്ഞ് പോയ ഒരു രാത്രിയുടെ ഭയമാണ് ഉള്ളില്‍ നിറയുന്നത്. 

അബുദാബിയില്‍ നിന്നു തിരിച്ചു പോരുമ്പോള്‍ രാത്രി പത്തര ആയിരുന്നു. എല്ലാം ശാന്തം. ഒരു ഒന്നര രണ്ടു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വീടെത്തേണ്ടതാണ്. പാതിവഴി പിന്നിട്ടപ്പോഴാണ് ഇടയ്ക്കിടെ കട്ടിയില്‍ മഞ്ഞ് പുകമറ തീര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുന്നത്. ഡ്രൈവ് ചെയുമ്പോള്‍ പത്ത് സെക്കന്‍ഡുകള്‍ ഇടവിട്ട് ഇങ്ങനെയുണ്ടായെങ്കിലും അതത്ര പ്രശ്‌നമാകില്ലെന്നു കരുതി മുന്നോട്ടുനീങ്ങി. റോഡ് നിറയെ വാഹനങ്ങളുണ്ടായിരുന്നു. കുട്ടികളുമുള്ളതുകൊണ്ട് സ്ലോ ട്രാക്കിലൂടെയായിരുന്നു യാത്ര.

പതിയ റോഡിന്റെ വിസിബിലിറ്റി ശരിക്കും കുറഞ്ഞ് തുടങ്ങി. മൂടല്‍ മഞ്ഞിന്റെ ത്രീവ്രത കൂടുന്നത് അറിയിച്ച് ഫോണിലേക്ക് മെസേജ് വരുന്നുണ്ടായിരുന്നു. കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ അക്ഷരാര്‍ഥത്തില്‍ കണ്ണുകെട്ടി വണ്ടിയോടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഭയം മൂലം ഞാന്‍ വിറയ്ക്കുവാനും കരയുവാനും തുടങ്ങിയിരുന്നു. എങ്കിലും മനസാന്നിധ്യം കൈവിടാതെ സന്ദീപേട്ടല്‍ മുന്നോട്ട് തന്നെ പോയി. കാര്‍ പാര്‍ക്ക് ചെയ്യാമെന്ന് വെച്ചാല്‍ അതിനുള്ള സ്ഥലവുമില്ല, റോഡ് ട്രാക്ക് കാണാന്‍ പോലും കഴിയാത്ത അവസ്ഥ. 

മുന്നില്‍ പോകുന്ന വാഹനത്തില്‍ കാണുന്ന നേര്‍ത്ത ചുവന്ന വെളിച്ചത്തെ പിന്തുടര്‍ന്ന് ഞങ്ങള്‍ ഏറെ ദൂരം പിന്നിട്ടു. മറ്റ് വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുണ്ടെങ്കിലും ഒന്നും കാണാല്‍ സാധിക്കുന്നില്ല. ചുറ്റിലും വെളുത്ത പുക മാത്രം. ഇടയ്ക്ക് വിസിബിലിറ്റി തീരെ കുറഞ്ഞപ്പോള്‍ മുമ്പിലുണ്ടായിരുന്ന കാര്‍ വഴിയില്‍ നിര്‍ത്തി. ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ ഏറ്റവും അടുത്തുള്ള പമ്പിലേക്ക് പോലും ഏറെ ദൂരമുണ്ടായിരുന്നു. ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് ദുബായി പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട് എന്ന കണ്ട ഇടവഴിയിലേക്ക് കാര്‍ ഓടിച്ചു. മുന്നോട്ട് ഒന്നും കാണാന്‍ വയ്യെന്ന സ്ഥിതി വന്നതോടെഎവിടേക്കോ പോകുന്ന ഇടവഴിയില്‍ കാര്‍ കയറ്റി പാര്‍ക്ക് ചെയ്തു.

കാറില്‍ മക്കള്‍ ഉള്ളതിനാല്‍ സന്ദിപേട്ടന്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമിള്‍ വിളിച്ച് കാര്യം പറഞ്ഞു. പത്ത് മിനിറ്റിനുള്ളില്‍ പോലീസ് ഞങ്ങളെ തേടിയെത്തി. ഇനിയങ്ങോട്ട് മുഴുവന്‍ വഴിയും ഇങ്ങനെ ആയിരിക്കും, ഇവിടെ തുടരുന്നതാണ് സുരക്ഷിതം. ഇതായിരുന്നു പോലീസിന്റെ നിര്‍ദേശം. പോലീസ് സ്‌റ്റേഷനിലേക്ക് പോകണമെങ്കില്‍ പോലും ഇനിയും തിരിച്ച് മെയിന്‍ റോഡിലേക്ക് പോകണം. അതുകൊണ്ട് ആ റിസ്‌ക് എടുക്കേണ്ടെന്ന് തീരുമാനിച്ചു. 

ഒരു രാത്രി മുഴുവനും കൃത്യം എവിടെയാണെന്ന് പോലും പറയാന്‍ കഴിയാത്ത ഒരു ഉള്‍വഴിയില്‍ വണ്ടി നിര്‍ത്തിയിട്ട് ഞങ്ങള്‍ ഇരുന്നു. മക്കള്‍ സുഖമായി ഉറങ്ങി. ഭക്ഷണവും വെള്ളവും കൈയിലുണ്ടായിരുന്നത് കൊണ്ട് അത്തരം പ്രയാസങ്ങള്‍ ഉണ്ടായില്ല. കണ്‍ട്രോള്‍ റൂമിള്‍ നിന്ന് രണ്ട് വട്ടം വിളിയെത്തി. അവസ്ഥ ചോദിച്ചറിയുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വീട്ടിലെത്തിയിട്ട് വിളിച്ച് അറിയിക്കണമെന്നും നിര്‍ദേശം തന്നു. ഈ രാജ്യത്തെ സംവിധാനങ്ങള്‍ നമ്മുക്ക് തരുന്ന സുരക്ഷിതത്വം എത്ര പ്രശംസിച്ചാലും മതിയാവില്ല. അതിനാലാണ് ഒരു ടെന്‍ഷനുമില്ലാതെ ഒരു രാത്രി ആ കാറില്‍ കഴിച്ചുകൂട്ടിയത്. 

എങ്കിലും ഒട്ടും വിസിബിലിറ്റി ഇല്ലാതെ സഞ്ചരിച്ച, പുകമറയ്ക്കുള്ളിലേക്ക് കണ്ണുകെട്ടി കയറ്റിവിട്ട പോലെ എനിക്ക് തോന്നിയ ആ 20-30 മിനിറ്റുകള്‍, സന്ദീപേട്ടന്‍ കോണ്‍ഫിഡന്റ് ആയിരുന്നിട്ടും ഞാന്‍ അന്നേരം അനുഭവിച്ച ഭയം, വിറയല്‍, അത് മനസില്‍ നിന്ന് മായുന്നില്ല. രാവിലെ എട്ടരയോടെയാണ് വീട്ടിലേക്ക് തിരിച്ച് പോന്നത്. അപ്പോഴും മഞ്ഞുണ്ടായിരുന്നു. പക്ഷെ സൂര്യപ്രകാശം ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നുണ്ടായിരുന്നു. 

രാത്രിയിലെ മഞ്ഞിന്റെ ഭീകരത അറിയാത്തതിനാലും, ആ രാത്രിയില്‍ അപ്രതീക്ഷിതമായി ഇങ്ങനെയൊരു മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുമെന്ന് കരുതാതിരുന്നതിനാലുമാണ് യാത്രയ്ക്കിറങ്ങിയത്. അനുഭവത്തില്‍ നിന്ന് പറയട്ടെ അത്രകണ്ട് അത്യാവശ്യമില്ലെങ്കില്‍ ഈ മഞ്ഞ് കാലം കഴിയും വരെ രാത്രി യാത്രയ്ക്ക് മുതിരരുത്. നമ്മള്‍ കരുതുന്നതിലും ഗുരുതരമാണ് അവസ്ഥ. യാത്ര ചെയ്യുന്നവര്‍ അലേര്‍ട്ട് മെസേജ് ശ്രദ്ധിക്കുകയും, ബുദ്ധി മുട്ടുകള്‍ ഉണ്ടായാല്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കണം...... എല്ലാവരും എപ്പോഴും സുരക്ഷിതരായിരിക്കൂ.

Content Highlights: Horrible Car Ride Amid Dark, Dense Fog In Dubai