ഒരുവര്‍ഷം മുമ്പാണ് ഹോണ്ടയുടെ ഇരുചക്ര വാഹന വിഭാഗത്തിന്റെ തലവനായി മിനോരു കാത്തോ സ്ഥാനമേല്‍ക്കുന്നത്. ഹോണ്ടയില്‍ 29 വര്‍ഷത്തെ പ്രവൃത്തിപരിചമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. നിര്‍മാണം, ആസൂത്രണം, വില്‍പ്പന എന്നീ രംഗങ്ങളില്‍ കഴിവുതെളിയിച്ച ശേഷമാണ് അദ്ദേഹം കമ്പനിയുടെ ഇന്ത്യന്‍ തലവനായി വരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റെക്കോഡ് വില്‍പ്പനയാണ് ഇന്ത്യയില്‍ ഹോണ്ട നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധനയോടെ 61,23,886 യൂണിറ്റുകളാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. സ്‌കൂട്ടറുകളുടെ നിര്‍മാണത്തിന് മാത്രമായി ഗുജറാത്തില്‍ പുതിയ പ്ലാന്റ് ആരംഭിച്ചു. ഇത് ഇന്ത്യയിലെ ഹോണ്ടയുടെ നാലാമത്തെ പ്ലാന്റാണ്. കര്‍ണാടകത്തിലെ പ്ലാന്റിന്റെ ശേഷി ഉയര്‍ത്തുകയും ചെയ്തു. ഹോണ്ടയുടെ പുതിയ പദ്ധതികളെക്കുറിച്ച് മിനോരു കാത്തോ സംസാരിക്കുന്നു:
ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയുടെ ഭാവി എന്താണ്?
ഇന്ത്യയിലെ ഇരുചക്രവാഹന വിപണി മുന്നോട്ടുതന്നെയാണ് കുതിക്കുന്നത്. വില്‍പ്പനഗ്രാഫുകളില്‍ അത് കാണാം. ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യക്കാരുടെ ചിന്താഗതി മാറിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചുമുതല്‍ ഏഴു വര്‍ഷം വരെ ഉപയോഗിച്ച ശേഷമായിരുന്നു പുതിയ വാഹനം വാങ്ങിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍ അഞ്ചുവര്‍ഷം വരെയേ വാഹനം ഉപയോഗിക്കുന്നുള്ളൂ. പിന്നീട് അവര്‍ പുതിയതു വാങ്ങുകയാണ്. അതു തന്നെയാണ് ഇരുചക്രവാഹന വിപണിയുടെ പുരോഗതിക്ക് കാരണം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇതേരീതി തന്നെയാണ് തുടരുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ സാങ്കേതികതയുമായി പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ ജനം അതിലേക്ക് തിരിയുക സ്വാഭാവികം മാത്രമാണ്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഇരുചക്രവാഹനങ്ങളുടെ ഉപയോഗത്തിലുള്ള വ്യത്യാസം?
നഗരയാത്രകള്‍ക്ക് സ്‌കൂട്ടറുകള്‍ എല്ലാവരും അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ വില്‍പ്പന നോക്കിയാല്‍ അറിയാം. എന്നാല്‍, ഗ്രാമങ്ങളിലേക്ക് സ്‌കൂട്ടറുകള്‍ക്ക് അധികം പ്രാമുഖ്യം കൊടുത്തുകാണുന്നില്ല. ബൈക്കുകള്‍ക്കാണവിടെ പ്രിയം. അവിടേക്കുകൂടി ഉദ്ദേശിച്ചുള്ള സ്‌കൂട്ടറുകള്‍ക്ക് ഹോണ്ട പ്രാമുഖ്യം നല്‍കുന്നുണ്ട്.
രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ മലിനീകരണനിയന്ത്രണ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കുകയാണല്ലോ. അത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍?
2020-ല്‍ ബി.എസ്. 6 നിര്‍ബന്ധമാക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ഹോണ്ട അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്. ഞങ്ങളുടെ പ്ലാന്റുകളില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ അനുശാസിക്കുന്നതുപോലെ കൃത്യസമയത്ത് അത് നടപ്പിലാക്കും. 2019-ല്‍ 125 സി.സി.ക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് എ.ബി.എസ്. നിര്‍ബന്ധമാക്കുന്നുമുണ്ട്. ഹോണ്ടയുടെ ചില ബൈക്കുകളില്‍ ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി എ.ബി.എസ്. ഘടിപ്പിച്ചിട്ടുണ്ട്. നവീകരിച്ച പല മോഡലുകളിലും എ.ബി.എസ്. ഉണ്ടാവും. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ രണ്ടു പ്രധാന മാറ്റങ്ങള്‍ വരുന്നത്. ഇവ രണ്ടും നിര്‍മാണത്തില്‍ വളരെയധികം ചെലവേറ്റുന്നുണ്ട്. അതിനാല്‍ വാഹനത്തിന്റെ വില വര്‍ധിപ്പിക്കാതിരിക്കാന്‍ കഴിയില്ല. 2021 ഏപ്രിലില്‍ ഇതുകാരണം വാഹനവിലയില്‍ വര്‍ധനയുണ്ടാകും. അത് സ്വാഭാവികമായും വാഹനവില്‍പ്പനയെ പ്രതികൂലമായി ബാധിക്കും. ഇപ്പോഴുള്ള ബി.എസ്.4-ല്‍ നിന്ന് ബി.എസ്.6-ലേക്കുള്ള മാറ്റത്തിന് നിര്‍മാണപ്ലാന്റുകളില്‍ ഏറെ മാറ്റം വരുത്തേണ്ടതുണ്ട്. അതിന് ചെലവേറെയാണ്. എന്നാല്‍, ഹോണ്ട ഇതിനെ ഫലപ്രദമായി നേരിടാനുള്ള ശ്രമത്തിലാണ്.
ഈ സാമ്പത്തിക വര്‍ഷം ഹോണ്ടയുടെ പുതിയ പദ്ധതികള്‍?
800 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷം ഇന്ത്യയിലെ വികസന പ്രവൃത്തികള്‍ക്കു വേണ്ടി കമ്പനി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ പ്രധാനം ബി. എസ്. 6 ലേക്ക് വേണ്ടുന്ന രീതിയില്‍ പ്ലാന്റുകളെ മാറ്റുക എന്നതാണ്. അതേസമയം, ഈവര്‍ഷം ഒരു പുതിയ മോഡലേ അവതരിപ്പിക്കുന്നുള്ളൂ. പതിനെട്ട് മോഡലുകളുടെ നവീകരിച്ച പതിപ്പുകള്‍ പുറത്തിറക്കും. ഷോറൂം ശൃംഖല ആറായിരമായി ഉയര്‍ത്തും. ഉപഭോക്താക്കളുടെ സംതൃപ്തിക്കായി ഈ വര്‍ഷം ഹോണ്ട 'ജോയ് ക്ലബ്ബ്' എന്ന പദ്ധതിക്കും തുടക്കം കുറിക്കുന്നുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ഇരുചക്രവാഹനങ്ങള്‍ക്കു വേണ്ടി ആദ്യമായി ആരംഭിച്ച 'ബെസ്റ്റ് ഡീല്‍' നെറ്റ്വര്‍ക്കും വികസിപ്പിക്കും.