സ്‌കൂട്ടറിനും ബൈക്കിനും ഇടയില്‍ കുറഞ്ഞ വിലയില്‍ ഒരു ഇരുചക്ര വാഹനം എന്ന ആശയത്തിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ഹോണ്ട നവി പിറവിയെടുത്തത്. വ്യത്യസ്തമായ രൂപത്തില്‍ വിപ്ലവം തീര്‍ക്കാന്‍ നവിക്കായെങ്കിലും വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ നന്നായി പാടുപെട്ടു, പാസ് മാര്‍ക്ക് മാത്രം നേടി കഷ്ടിച്ച് പരീക്ഷ പാസായ അവസ്ഥ. തുടര്‍ന്നുള്ള ഉപരിപഠനത്തിന് കമ്പനി കഴിഞ്ഞ ദിവസം പരീക്ഷിച്ച രണ്ടാം നവിയാണ് ഹോണ്ടയുടെ സ്വന്തം ക്ലിഖ്. വിരൂപമായ മങ്കി ബൈക്ക് രൂപത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ട് കുറഞ്ഞ വില എന്ന മോഹന വാഗ്ദാനം കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ വിപണി നിഷ്പ്രയാസം കൈപിടിയിലൊതുക്കാമെന്നാണ് ജാപ്പനീസ് നിര്‍മാതാക്കളുടെ സ്വപ്‌നം. 

ഈ സ്വപ്‌ന യാഥാര്‍ഥ്യമാക്കാന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ചെറു ബജറ്റില്‍ ക്ലിഖില്‍ ഉള്‍പ്പെടുത്താന്‍ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആക്ടീവ് സമ്മാനിച്ച പോലെ വലിയൊരും കുതിപ്പിന് ക്ലിഖിന് സാധിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പൂര്‍ണമായും നവിയെ ഉടച്ചുവര്‍ത്ത രൂപത്തിലാണ് ക്ലിഖിന്റെ എന്‍ട്രി. മെക്കാനിക്കല്‍ ഫീച്ചേര്‍സും ഹോണ്ട നവിക്ക് സമാനം. കുഞ്ഞന്‍ വാഹനം പ്രധാനമായും ലക്ഷ്യമിടുന്നത് നാട്ടിന്‍പുറങ്ങളാണ്. അതിനാല്‍ ഇത്തരമൊരു രൂപത്തെ അടച്ചാക്ഷേപിക്കേണ്ടതില്ല. എങ്ങനെ നേക്കിയാലും നവിയെക്കാള്‍ മികവ് ക്ലിഖിനുണ്ട്. ഇരുമോഡലുകളെയും വേറിട്ടുനിര്‍ത്തുന്ന പ്രധാന ഫീച്ചേര്‍സ് എന്തെല്ലാമെന്ന് നോക്കാം... 

വില - ഇന്ത്യന്‍ വിപണിയില്‍ ക്ലച്ച് പിടിക്കാന്‍ കുറഞ്ഞ വില വളരെ പ്രധാനമാണ്. ഈ യാഥാര്‍ഥ്യം ഹോണ്ട നേരത്തെ തിരിച്ചറിഞ്ഞതിനാല്‍ കൊതിപ്പിക്കുന്ന വിലയിലാണ് ക്ലിഖിന് അവതരിപ്പിച്ചത്. 42,499 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഡിസൈനിലും ഫീച്ചേര്‍സിലും നവിയെക്കാള്‍ ഒരുപടി മുന്‍പില്‍ സ്ഥാനമുള്ളതിനാല്‍ വില നവിയെക്കാള്‍ ഏകദേശം മൂവായിരത്തോളം അധികമുണ്ട് ക്ലിഖിന്. 39,648 രൂപയാണ് നിലവില്‍ നവിയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. വിലയും മൈലേജും മാത്രം നോക്കി വാഹനം തിരഞ്ഞെടുക്കന്ന ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ ഇത്ര കുറഞ്ഞ വിലയില്‍ ക്ലിഖിന്റെ വരവ് ഹോണ്ടയ്ക്ക് കുതിപ്പ് നല്‍കാനാണ് സാധ്യത കൂടുതല്‍.

എഞ്ചിന്‍ - രണ്ടിനും ഒരെ എഞ്ചിനാണെങ്കിലും നവിയെക്കാള്‍ അല്‍പം കൂടുതല്‍ പെര്‍പോമെന്‍സ് ക്ലിഖില്‍ നിന്ന് പ്രതീക്ഷിക്കാം. ഹോണ്ടയുടെ 109.2 സിസി എഞ്ചിനാണ് ഇരുവര്‍ക്കും കരുത്ത് പകരുന്നത്. ക്ലിഖ് 8 ബിഎച്ച്പി കരുത്തും 8.94 എന്‍എം ടോര്‍ക്കുമേകുമ്പോല്‍ നവിയുടെ എഞ്ചിന്‍ 7.83 ബിഎച്ച്പി കരുത്തും 8.96 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും വി മാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇന്ധനക്ഷമതയും തുല്യം, 60 കിലോമീറ്റര്‍. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയില്‍ നവിയാണ് മുന്‍പില്‍ 3.8 ലിറ്റര്‍, ക്ലിഖിന്റെ ശേഷി 3.5 ലിറ്റര്‍ മാത്രം. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് ഓപ്ഷന്‍ രണ്ടിലും ലഭ്യമാണ്. 

ഡിസൈന്‍ - നവിയുടെ തിരിച്ചടിക്കുള്ള മുഖ്യ കാരണം ഒട്ടും ആകര്‍ഷകമല്ലാത്ത രൂപമായിരുന്നു. എന്നാല്‍ ആ പ്രശ്‌നം ഒരുപരിധി വരെ ഇല്ലാതാക്കിയാണ് ക്ലിഖ് എത്തുന്നത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട അവതരിപ്പിച്ച ചെറുബൈക്കുകളുടെ മിശ്രിത രൂപത്തിന്റെ അനന്തര ഫലമാണ് ക്ലിഖ്. മുന്‍ഭാഗത്തിന് ഡിയോ സ്‌കൂട്ടറുകളോട് ചെറുതല്ലാത്ത സാമ്യമുണ്ട്. ചെറിയ രൂപത്തിലും നീളമേറിയ സീറ്റ് ക്ലിഖിന്റെ മേന്‍മയാണ്. സീറ്റിനടിയില്‍ മികച്ച സ്റ്റേറേജ് സ്‌പേസും മൊബൈല്‍ ചാര്‍ജിങ് സോക്കറ്റുമുണ്ട്. പിന്നില്‍ അഡീഷണല്‍ സ്റ്റേറേജിനായി കാരിയറും നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌റ്റോറേജ് സ്‌പേസ് എന്താണെന്ന് പോലും അറിയാത്തവനായിരുന്നു നവി. ഒവറോള്‍ രൂപത്തില്‍ നവിയെക്കാള്‍ ബഹുദൂരം മുന്‍പില്‍ ക്ലിഖിന് സ്ഥാനം കൊടുക്കാം. 

സുരക്ഷ, മറ്റു ഫീച്ചേര്‍സ് - അധിക സുരക്ഷ ഉറപ്പാക്കാന്‍ CBS (കോംമ്പി ബ്രേക്ക് സിസ്റ്റം) സംവിധാനം സഹായിക്കും. റോഡുകളില്‍ ടയറുകള്‍ക്ക് അധിക ഗ്രിപ്പ് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്ലോക്ക് പാറ്റേണ്‍ ഗ്രിപ്പ് ടയറുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയത്. നവിയില്‍ ഇവയൊന്നും ലഭ്യമല്ലായിരുന്നു. പോരത്തതിന് കളിപ്പാട്ട വണ്ടികള്‍ക്ക് സമാനമായ ചെറിയ ടയറുകളും നവിയുടെ ശോഭ കെടുത്തി. ടയര്‍ സൈസില്‍ വലിയ പുരോഗതി ക്ലിഖിനും അവകാശപ്പെടാനില്ല. നീളവും വീതിയും വീല്‍ബേസും സീറ്റ് ഹൈറ്റും നവിയെക്കാള്‍ കുറവാണ് ക്ലിഖിന്. നവി - (നീളം - 1805 എംഎം, വീതി - 748 എംഎം, ഉയരം - 1039 എംഎം, വീല്‍ബേസ് - 1286 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് - 156 എംഎം, സീറ്റ് ഹൈറ്റ് - 765 എംഎം). ക്ലിഖ് - (നീളം - 1745 എംഎം, വീതി - 695 എംഎം, ഉയരം - 1039 എംഎം, വീല്‍ബേസ് - 1241 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് - 154 എംഎം, സീറ്റ് ഹൈറ്റ് - 743 എംഎം).

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്, ആകെ 102 കിലോഗ്രാമാണ് ഭാരം. അതിനാല്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കും. റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ക്ലിഖ് വിപണിയിലെത്തിയത്. റെഡ്, വൈറ്റ്, ബ്ലക്ക്, ഓറഞ്ച് എന്നീ നാലു നിറങ്ങളിലാണ് നവി വിപണിയിലുള്ളത്‌. വിലയുടെ അടിസ്ഥാനത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റാണ് ക്ലിഖിന്റെ മുഖ്യ എതിരാളി. പ്രതീക്ഷിക്കുന്ന മികവ് എഞ്ചിന്‍ നല്‍കിയാല്‍ മറ്റു 110 സിസി എഞ്ചിന്‍ സ്‌കൂട്ടറുകളോടും നേരിട്ട്‌ മത്സരിക്കാന്‍ ഹോണ്ട ക്ലിഖിന് സാധിക്കും.