ഹോണ്ട എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ആദ്യം ഓര്‍മ വരുന്ന ചിത്രം ആക്ടീവ സ്‌കൂട്ടറാണ്. നിരത്തുകളില്‍ ഒരു കാലത്തെ രാജാക്കന്‍മാരായിരുന്ന ചേതക്കും കൈനറ്റിക്കുമെല്ലാം പത്തിമടക്കി നിരത്തൊഴിഞ്ഞ ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യക്കാര്‍ക്ക് സ്‌കൂട്ടറെന്നാല്‍ ആക്ടീവയായിരുന്നു. കാര്യം നിരത്തിലെത്തി പത്ത് പതിനെട്ട് വര്‍ഷം കഴിഞ്ഞെങ്കിലും ആക്ടീവയുടെ വില്‍പ്പനയില്‍ ഇതുവരെ യാതൊരു കോട്ടവും തട്ടിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ മാത്രം ഹോണ്ട വിറ്റഴിച്ചത് 20 ലക്ഷം ആക്ടീവ സ്‌കൂട്ടറുകളാണ്. അതില്‍നിന്ന് തന്നെ മനസിലാക്കാം ഹോണ്ട സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യന്‍ നിരത്തിലുള്ള അടിത്തറ. അങ്ങനെയിരിക്കെ അക്ടീവയുടെ എന്‍ജിന്‍ അതേപടി കടമെടുത്ത് ഹോണ്ട ആവതരിപ്പിച്ച ഏറ്റവും പുതിയ മോഡലാണ് ഗ്രാസ്യ. നിയോ ഓറഞ്ച് മെറ്റാലിക് നിറമുള്ള ഗ്രാസ്യയാണ് ടെസ്റ്റ് ഡ്രൈവിന് ലഭിച്ചത്. 

ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തം, 18-30 വയസ് വരെയുള്ള യൂത്തന്‍മാരെ ലക്ഷ്യമിട്ടാണ് ഗ്രാസ്യയുമായി ഹോണ്ട എത്തിയത്. അത്രയേറെ സ്‌പോര്‍ട്ടി ഡിസൈന്‍ ആദ്യ നോട്ടത്തില്‍ ലഭിക്കുന്നുണ്ട്. ഇറ്റാലിയന്‍ ഡിസൈന്‍ ബോഡിയില്‍ കാര്യമായി കയറി ഇറങ്ങിയിട്ടുണ്ട്. എന്‍ജിന്‍ ആക്ടീവയുടെതാണെങ്കിലും രൂപത്തില്‍ അതുമായി യാതൊരു ബന്ധവും ഗ്രാസ്യക്കില്ല. ഹോണ്ടയുടെ തന്നെ തലമുതിര്‍ന്ന ഡിയോയുമായി സാമ്യമുള്ളതാണ് വാഹനത്തിന്റെ ഓവറോള്‍ രൂപം. മുന്‍ഭാഗത്തെ ആന്‍ഗുലാര്‍ ഡിസൈനും റിയര്‍ സൈഡും ഇതൊരു ഡിയോ ഫോസ് ലിഫ്റ്റ് ആണോയെന്ന് പോലും തോന്നിക്കും. എന്നാല്‍ വലുപ്പം ഡിയോയെക്കാള്‍ കൂടുതലുണ്ട്, ഫീച്ചേഴ്‌സും. 

Grazia

സ്റ്റാന്റേര്‍ഡ്, അലോയി, ഡിഎല്‍എക്സ് എന്നീ മൂന്ന് വകഭേദങ്ങുണ്ട് ഗ്രാസ്യക്ക്. ഇതില്‍ ഡിഎല്‍എക്‌സാണ് ഏറ്റവും മുന്തിയവന്‍. മുന്‍ഭാഗം പതിവ് ഹോണ്ട സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തം. സെഗ്മെന്റില്‍ ആള്‍ എല്‍.ഇ.ഡി ഹെഡ്ലൈറ്റോടെ എത്തുന്ന ആദ്യ സ്‌കൂട്ടറാണിത്. ഇതിന് മുകളിലായി ഇരുവശത്തേക്കും ചിറകുവിരിച്ച് എല്‍ഇഡി ഇന്‍ഡികേറ്റര്‍. ഡ്യുവല്‍ ടോണ്‍ ഫ്രെണ്ട് ആപ്രോണ്‍ സ്പോര്‍ട്ടി ലുക്ക് നല്‍കും. കറുപ്പ് നിറമുള്ള അലോയി വീലിനൊപ്പം സുരക്ഷ നല്‍കാന്‍ ഡിസ്‌ക് ബ്രേക്കും മുന്നിലുണ്ട്. പിന്നില്‍ പഴയപടി ഡ്രം ബ്രേക്ക് തുടരും. മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചുമാണ് വീല്‍ സൈസ്. 

Auto Drive

വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍ ക്ലസ്റ്റര്‍ പ്രീമിയം സ്‌കൂട്ടര്‍ നിരയില്‍ ഗ്രാസ്യക്ക് സ്ഥാനം നല്‍കും. ത്രീ സ്‌റ്റോപ്പ് സ്പീഡ് ഇന്‍ഡികേറ്റര്‍ ഇതിന്റെ ഏറ്റവും മുകളില്‍ തെളിയും. സമയം, ഫ്യുവല്‍ ഗേജ്, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ വിവരങ്ങളും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കാണാം. ഹോണ്ട നേരത്തെ സീറ്റിനടയില്‍ നല്‍കിയ മൊബൈല്‍ ചാര്‍ജിങ് സംവിധാനം ഇത്തവണ ഹാന്‍ഡില്‍ ബാറിന് തൊട്ടുതാഴെയുണ്ട്. ചെറിയ ഗ്ലൗവ് ബോക്‌സ് ഇതിനായി നല്‍കി. എതിരാളികളില്‍ നിന്ന് ഗ്രാസ്യക്ക് മുന്‍തൂക്കം നല്‍കുന്ന പ്രധാന ഫീച്ചറും ഇതാണ്. ചാര്‍ജ് ചെയ്യുന്നില്ലെങ്കിലും മൊബൈല്‍ സുരക്ഷിതമായി ഇതില്‍ സൂക്ഷിച്ച് വണ്ടിയോടിക്കാം. ഇതിന് പുറമേ ഹെല്‍മറ്റും മറ്റും സൂക്ഷിക്കാന്‍ സീറ്റിനടയില്‍ 18 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസുണ്ട്. മള്‍ട്ടി ഫങ്ഷന്‍ ഫോര്‍ ഇന്‍ വണ്‍ ലോക്കാണ് ഗ്രാസ്യയുടെ മറ്റൊരു സവിശേഷത. സീറ്റ് തുറക്കാനുള്ള സ്വിച്ചും ഇതിനൊപ്പമുണ്ട്. താക്കോല്‍ ഊരാതെ തന്നെ കീ പൊസിഷന്‍ സീറ്റിലേക്ക് മാറ്റി ഈ സ്വിച്ച് ഉപയോഗിച്ച് സീറ്റ് തുറക്കാം. 

ഫ്‌ളാറ്റ് ഫ്‌ളോര്‍ബോര്‍ഡില്‍ ആവശ്യത്തിനുള്ള ലെഗ് സ്‌പേസ് ലഭിക്കും. ഫ്യുവല്‍ ടാങ്ക് ഫില്ലിങ് സീറ്റിനടിയിലാണ്. ചിലര്‍ക്ക് ഇതൊരു പോരായ്മയായി തോന്നിയേക്കാം. കാരണം ഇന്ധനം നിറയ്ക്കാന്‍ കൂടുതല്‍ സൗകര്യത്തിന് മിക്ക കമ്പനികളും പുത്തന്‍ മോഡലുകളില്‍ ഇപ്പോള്‍ ഫ്യുവല്‍ ടാങ്ക് പുറമേ തന്നെ നല്‍കുന്ന രീതിയാണ് പിന്തുടര്‍ന്ന് പോരുന്നത്. 5.3 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. പിന്നിലേക്ക് നീണ്ടു നിവര്‍ന്നാണ് സ്‌പോര്‍ട്ടി ഗ്രാബ് റെയില്‍. ത്രീ പീസ് ടെയില്‍ ലൈറ്റും ഇന്‍ഡികേറ്റര്‍ ക്ലസ്റ്ററും ഡിയോയ്ക്ക് സമാനം. എന്നാല്‍ മുന്നിലുള്ളതുപോലെ എല്‍ഇഡി ലൈറ്റ് പിന്നിലില്ല. 

Grazia

ഇനി പെര്‍ഫോമെന്‍സിലേക്ക് വന്നാല്‍ 125 സിസി ശ്രേണിയില്‍ മാര്‍ക്കറ്റ് ലീഡറായ ആക്ടീവയെക്കാള്‍ സ്മൂത്താണ് ഗ്രാസ്യ. പെട്ടെന്ന് വേഗതയെടുക്കാന്‍ മിടുക്കന്‍. റൈഡിങ് പൊസിഷനും മികച്ചത്. മികച്ച ബാലന്‍സ് നല്‍കുന്ന തരത്തിലാണ് സീറ്റും ഹാന്‍ഡില്‍ ബാറും. ഉയര്‍ന്ന വേഗതയിലും യാതൊരു വൈബ്രേഷനും അനുഭവപ്പെടുന്നില്ല. ആക്ടീവയ്ക്ക് സമാനമായി 124.9 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. വി-മാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ പരമാവധി വേഗത 85 കിലോമീറ്റര്‍. 40-50 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയും ഗ്രാസ്യ നല്‍കും. പിന്നില്‍ ഡിസ്‌ക് ബ്രേക്ക് ഇല്ലെങ്കിലും കോംമ്പി ബ്രേക്ക് സിസ്റ്റം വഴി ബ്രേക്കിങില്‍ മികച്ച സുരക്ഷയും ലഭിക്കും.  

നിയോ ഓറഞ്ച്, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, പേള്‍ റെഡ്, പേള്‍ അമേസിങ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ, മാറ്റ് മാര്‍വെല്‍ ബ്ലൂ എന്നിങ്ങനെ ആറ് മെറ്റാലിക്ക് നിറങ്ങളില്‍ ഗ്രാസ്യ സ്വന്തമാക്കാം. ഗ്രാസ്യ സ്റ്റാന്റേര്‍ഡിന് 61576 രൂപയും ഏറ്റവും ഉയര്‍ന്ന ഗ്രാസ്യ ഡിഎല്‍എക്‌സിന് 65948 രൂപയുമാണ് കോഴിക്കോട് എക്‌സ്‌ഷോറൂം വില. ഓവറോള്‍ രൂപവും പെര്‍ഫോമെന്‍സും കണക്കിലെടുക്കാന്‍ ആക്ടീവയോടൊപ്പം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട് ഗ്രാസ്യ. നിലവില്‍ ആക്ടീവക്കൊപ്പം മത്സരത്തിനുള്ള സുസുക്കി ആക്സസ് 125-ന് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂജെന്‍ ഫീച്ചേഴ്‌സുമായെത്തിയ  ഗ്രാസ്യക്ക് നിഷ്പ്രയാസം സാധിക്കും. 

Grazia

For Test Drive - 8893221108

Content Highlights: Honda Grazia First Drive, Grazia Features, Grazia Price, Grazia Specs, Honda Grazia, Grazia Test Drive