രുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആക്ടീവ സ്‌കൂട്ടറില്‍ ആരംഭിച്ച ഹോണ്ടയുടെ വിപ്ലവത്തിലെ ഏറ്റവും അവസാന കണ്ണിയാണ് ക്ലിഖ്. പരമ്പരാഗത ബൈക്കിനും സ്‌കൂട്ടറുകള്‍ക്കും ഇടയില്‍ സ്ഥാനം കൊടുക്കാവുന്ന മുഖഛായയില്‍ ഇന്ത്യക്കാര്‍ക്ക് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ്. ഒന്ന് ചുരുക്കി പറഞ്ഞാല്‍ രണ്ടാം തലമുറ നവിയുടെ ഗണത്തില്‍ കൂട്ടാം ഇവനെ. കുറഞ്ഞ വിലയും കൂടുതല്‍ ഇന്ധനക്ഷമതയും നോക്കി വാഹനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് പുതിയ മോഡല്‍ ഹോണ്ട അവതരിപ്പിച്ചത്.

42,499 രൂപയാണ് ഇവന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. നവിക്ക് ഇവനെക്കാള്‍ മൂവായിരം രൂപ കുറവായിരുന്നു, എന്നാല്‍ ഫീച്ചേര്‍സിലും രൂപത്തിലും നവിയെക്കാള്‍ ബഹുദൂരം മുന്‍പിലാണ് ഹോണ്ടയുടെ ഓമന പുത്രനായ ക്ലിഖ്. രൂപത്തില്‍ നവിക്ക് സമാനമായി ക്ലിഖ് ആളൊരു കുഞ്ഞന്‍ സ്‌കൂട്ടറാണ്. എന്നാല്‍ വിരൂപനായ നവിയെക്കാള്‍ എത്രയോ ഭേദപ്പെട്ട രൂപം ക്ലിഖിന് സ്വന്തമെന്ന് അവകാശപ്പെടാം. ഈ ചെറിയ ബജറ്റിനുള്ളില്‍ വിപണിയിലുള്ള എതിരാളികളെ നേരിടാന്‍ സര്‍വ്വ സന്നാഹങ്ങളും ഹോണ്ട ക്ലിഖില്‍ നല്‍കിയിട്ടുണ്ട്.

Honda Cliq

ജാപ്പനീസ് നിര്‍മാതാക്കളുടെ രാജസ്ഥാനിലെ തപുകര നിര്‍മാണ കേന്ദ്രത്തിലാണ് ഇവന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അധികം വൈകാതെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വാഹന പ്രേമികളെത്തേടി ക്ലിഖ് എത്തും. വിപണിയില്‍ നവി നല്‍കിയ തിരിച്ചടി പരമാവധി ഉള്‍ക്കൊണ്ട് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്ലിഖില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 1745 എംഎം നീളവും 695 എംഎം വീതിയും 1039 എംഎം ഉയരവും 1241 വീല്‍ബേസും 154 എംഎം ഗ്രൗണ്ട് ക്ലിയറിന്‍സും വാഹനത്തിനുണ്ട്. 

പൂര്‍ണമായും നവിയെ ഉടച്ചുവര്‍ത്ത ഡിസൈനിലാണ് ക്ലിഖിന്റെ എന്‍ട്രി. രൂപംകൊണ്ട് ചെറുതാണെങ്കിലും നീളമേറിയ സീറ്റാണ് ഇവനുള്ളത്. 743 എംഎം ആണ് സീറ്റിന്റെ ഉയരം. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്, ആകെ 102 കിലോഗ്രാമാണ് ഭാരം. അതിനാല്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കും. ആക്ടീവ ഐ മോഡലില്‍ ഉള്‍ക്കൊള്ളിച്ച അതേ എഞ്ചിനാണ് ക്ലിഖിനും കരുത്തേകുക. 109.19 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കുമേകും.

Honda Cliq

സെല്‍ഫ്, കിക്ക് സ്റ്റാര്‍ട്ട് ഓപ്ഷനുണ്ട്. 10 ഇഞ്ചാണ് വീല്‍. ഡിസ്‌ക് ബ്രേക്ക് ലഭ്യമല്ല, മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. എന്നാല്‍ ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കും. ഇതിനൊപ്പം റോഡുകളില്‍ ടയറുകള്‍ക്ക് അധിക ഗ്രിപ്പ് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്ലോക്ക് പാറ്റേണ്‍ ഗ്രിപ്പ് ടയറുകളും വാഹനത്തിനുണ്ട്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട അവതരിപ്പിച്ച ചെറുബൈക്കുകളുടെ മിശ്രിത രൂപത്തിന്റെ അനന്തര ഫലമാണ് ക്ലിഖ്. മുന്‍ഭാഗത്തിന് ഡിയോ സ്‌കൂട്ടറുകളോട് ചെറുതല്ലാത്ത സാമ്യമുണ്ട്. ഒറ്റനോട്ടത്തില്‍ മുന്‍ഭാഗം ശ്രദ്ധിച്ചാല്‍ ഇത്ര ചെറിയ സ്‌കൂട്ടറാണിതെന്ന് ആരും പറയില്ല. സീറ്റിനടിയല്‍ ഭേദപ്പെട്ട സ്റ്റോറേജ് സ്‌പേസിനൊപ്പം ചാര്‍ജിങ് സോക്കറ്റും നല്‍കിയിട്ടുണ്ട്.

3.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 60 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. റിയര്‍ സൈഡില്‍ മാത്രം നവിയുമായി ചെറുതല്ലാത്ത സാമ്യം ക്ലിഖിനുണ്ട്. ആകെമൊത്തം വിലയിരുത്തിയാല്‍ ഇത്ര ചെറിയ ബജറ്റില്‍ ഉള്‍ക്കാള്ളിക്കാവുന്ന പരമാവധി സൗകര്യങ്ങള്‍ ക്ലിഖില്‍ ഹോണ്ട നല്‍കിയിട്ടുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. വിലയുടെ അടിസ്ഥാനത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റാണ് ഇവന്റെ എതിരാളി. കുഞ്ഞന്‍ വാഹനം പ്രധാനമായും ലക്ഷ്യമിടുന്നത് നാട്ടിന്‍പുറങ്ങളാണ്. അതിനാല്‍ തന്നെ മറ്റു പ്രീമിയം സ്‌കൂട്ടറുകള്‍ക്കിടയില്‍ ഇത്തരമൊരു ചെറിയ രൂപത്തെ വില കുറച്ചു കാണേണ്ടതില്ല. 

Honda Cliq