ഹയാബൂസയ്ക്ക് മുന്നിൽ തോറ്റു, ഒടുവിൽ ലോകം വേഗതയ്ക്ക് തന്നെ പൂട്ടിട്ടു


അജ്‌നാസ് നാസര്‍1300 സി.സിയിലെ ഭീകരന്‍. 16 വാല്‍വില്‍ ഇന്‍ലൈന്‍ 4 എഞ്ചിന്‍. ഡിസൈനിലും എയറോഡൈനാമിക്‌സ് ഉള്‍പ്പടെ സകല മേഖലയിലും വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് സുസുക്കി ഹയാബൂസ ഒരുക്കിയത്. ഹയാബൂസ എന്ന പേരിലുമുണ്ടായിരുന്നു സുസുകിയുടെ പോരാട്ട വീര്യം. ബ്ലാക്ക് ബേര്‍ഡ് എന്ന പക്ഷിയെ വേട്ടയാടി പിടിച്ചിരുന്ന പെരിഗ്രിന്‍ ഫാല്‍ക്കണ്‍ എന്ന പക്ഷിയുടെ ജാപ്പനീസ് പേരായിരുന്നു ഹയാബൂസ. ഹോണ്ട ബ്ലാക്ക് ബേര്‍ഡിനെ അട്ടിമറിച്ച് വേഗതയുടെ ലോകകിരീടം ചൂടാന്‍ പിറന്നവന് അതിലും മികച്ച പേരുണ്ടോ.

In Depth

സുസുകി ഹയാബൂസ | Photo: globalsuzuki.com/motorcycle

ര്‍ഷം 1999. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മോട്ടോര്‍ ബൈക്ക് ബ്രാന്‍ഡുകളിലൊന്നായ സുസുക്കി അവരുടെ പുതിയ സൂപ്പര്‍ ബൈക്ക് മോഡല്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു സൂപ്പര്‍ ബൈക്ക് മോഡല്‍ പുറത്തിറക്കുക എന്നത് സുസുക്കിയെ സംബന്ധിച്ചെടുത്തോളം ആനക്കാര്യമൊന്നുമല്ല. പക്ഷെ അന്ന് പുറത്തിറക്കാനിരുന്ന ആ ബൈക്കിന് ചില പ്രത്യേകതകളുണ്ടായിരുന്നു. ലോകത്തിന്റെ മോട്ടോര്‍ ബൈക്ക് ചരിത്രത്തില്‍ അത്ര ചെറുതല്ലാത്ത ഒരു ചരിത്രം കൂടിയായിരുന്നു അന്നവിടെ പിറന്നത്. പക്ഷേ, അത് പറയുന്നതിന് മുന്‍പ് ആ കാലഘട്ടത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ചരിത്രം അറിയേണ്ടതുണ്ട്. അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ കമ്പനികള്‍ തമ്മിലുണ്ടായിരുന്ന ഒരു യുദ്ധത്തിന്റെ കഥയറിയണം. സ്പീഡ് വാറെന്ന പേരില്‍ പിന്നീട് അറിയപ്പെട്ട വേഗതയുടെ യുദ്ധത്തിന്റെ കഥ.

സ്പീഡ് വാര്‍

90കളില്‍ ഇന്ത്യക്കാരന് സൂപ്പര്‍ ബൈക്കുകളെന്നത് ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിരുന്ന വിസ്മയം മാത്രമായിരുന്നു. വേഗതയെ പ്രേമിച്ചിരുന്ന 90 കളിലെ ഇന്ത്യന്‍ തലമുറ ഹോളിവുഡ് നായകന്മാര്‍ പറന്നു പോയിരുന്ന സൂപ്പര്‍ ബൈക്കുളെന്ന് സങ്കല്‍പ്പിച്ച് ചേതക്കും സ്‌കൂട്ടിയുമെല്ലാം ഓടിച്ച് സായൂജ്യമടഞ്ഞിരുന്ന കാലം. മോട്ടോര്‍ സൈക്കിള്‍ രംഗത്ത് അറുപതുകള്‍ മുതലുണ്ടായിരുന്ന യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികളുടെ കുത്തക അപ്പോഴേക്കും ജാപ്പനീസ് കമ്പനികള്‍ കയ്യടക്കിയിരുന്നു. മോട്ടോര്‍സൈക്കിള്‍ രംഗത്തെ സുവര്‍ണ കാലഘട്ടം കൂടിയായിരുന്നു തൊണ്ണൂറുകള്‍. അന്ന് ജപ്പാനില്‍ ഒരു സ്പീഡ് വാര്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എണ്‍പതുകളുടെ പകുതിയില്‍ ആരംഭിച്ച ഈ വേഗതയുടെ യുദ്ധത്തില്‍ പ്രധാനമായും മോട്ടോര്‍ ബൈക്കുകളിലെ അവസാന വാക്കുകളായ നാല് ജാപ്പനീസ് കമ്പനികള്‍ തമ്മിലായിരുന്നു. ഹോണ്ട, യമഹ, കവസാക്കി, സുസുക്കി എന്നീ നാല് കമ്പനികള്‍ തമ്മില്‍. സംഭവം നടന്നിരുന്നത് ജപ്പാന്‍ കേന്ദ്രീകരിച്ചായിരുന്നെങ്കിലും ലോകത്തിലെ ബൈക്ക് വിപണിയും സൂപ്പര്‍ബൈക്ക് ആരാധകരുമെല്ലാം ഈ യുദ്ധത്തെ ഉറ്റുനോക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വേഗത കൂടിയ ബൈക്ക് ആരിറക്കും എന്നതായിരുന്നു ഈ സ്പീഡ് വാറിന്റെ അടിസ്ഥാനം. പക്ഷെ എളുപ്പത്തില്‍ ഉത്തരം കണ്ടെത്താന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല ഇത്. ഉദാഹരണത്തിന് ഹോണ്ട മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഒരു ബൈക്കിറക്കിയാല്‍ കവസാക്കി 210 കിലോമീറ്റര്‍ വേഗതില്‍ പോകുന്ന ഒരു ബൈക്കിറക്കും. ഉടന്‍ തന്നെ സുസുക്കി 240 കിലോമീറ്റര്‍ വേഗതില്‍ പോകുന്ന ബൈക്കിറക്കും. യമഹയും വിട്ടുകൊടുക്കില്ല. ഇവരെ എല്ലാവരെയും പരാജയപ്പെടുത്തുന്ന ബൈക്ക് അവരും ഇറക്കും. അത്തരത്തില്‍ അവസാനമില്ലാത്ത ഒരു ഒന്നായിരുന്നു ഈ സ്പീഡ് വാര്‍. ഹോണ്ടയും കവസാക്കിയും തമ്മിലായിരുന്നു ഈ മത്സരം ഏറ്റവും തീവ്രമായിരുന്നത്. ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ ഇരു കമ്പനികളും പുതിയ മോഡലുകള്‍ ഇറക്കികൊണ്ടിരിക്കുകയും വേഗതയുടെ പുതിയ റെക്കോഡുകള്‍ തീര്‍ക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഹോണ്ടയെയും കവസാക്കിയെയും വെച്ച് നോക്കുമ്പോള്‍ അല്‍പം പിന്നിലായിരുന്നെങ്കിലും സുസുക്കിയും യമഹയും സജീവമായി തന്നെ ഈ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

ഹോണ്ട CBR സൂപ്പര്‍ബ്ലാക്ക്‌ബേര്‍ഡ്

വേഗതയെന്ന് ഭ്രാന്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും മികച്ച ബൈക്ക് കമ്പനികള്‍ മത്സരിച്ച് ഒടിയപ്പോള്‍ അത് ലോകത്തിന് സമ്മാനിച്ചത് ചില ഗംഭീര ബൈക്ക് മോഡലുകളെ കൂടിയായിരുന്നു. കവാസാക്കി നിഞ്ച zx 10, യമഹ FZ 750, FZR1000, ഹോണ്ട CBR1000, സുസുകി GSX-R1100 തുടങ്ങി അത്യുഗ്രന്‍ ബൈക്കുകളുടെ പെരുമഴ കൂടിയായിരുന്നു ആ കാലം. സ്പീഡ് വാറിന്റെ ആദ്യ പകുതിയില്‍ മിക്കവാറും സമയത്തെല്ലാം ഏറ്റവും പുതിയ റെക്കോഡുകള്‍ തീര്‍ത്ത് ലീഡ് ചെയ്തിരുന്നത് കവാസാക്കിയായിരുന്നു. കവാസാക്കിയുടെ ഈ മേധാവിത്വത്തില്‍ ഹോണ്ട ഉള്‍പ്പടെയുള്ള മറ്റ് കമ്പനികള്‍ അസംതൃപ്തരായിരുന്നു. ഇതിന് ഒരു അറുതി വരുത്താനായി ഹോണ്ട തങ്ങളുടെ എല്ലാ കരുത്തും ഉള്‍കൊള്ളിച്ച് ഒരു സൂപ്പര്‍ മോഡല്‍ പുറത്തിറക്കി. അതായിരുന്നു ഹോണ്ട CBR സൂപ്പര്‍ബ്ലാക്ക്‌ബേര്‍ഡ്. ബ്ലാക്ക്‌ബേര്‍ഡിലൂടെ ഹോണ്ട അന്നുണ്ടായിരുന്ന കവാസാക്കിയുടെ റെക്കോഡായ മണിക്കൂറില്‍ 280 കിലോമീറ്റര്‍ തകര്‍ത്ത് പുതിയ റെക്കോഡ് കുറിച്ചു. ഇതോടെ സ്പീഡ് വാര്‍ അവസാനിച്ചതായി എല്ലാവരും കരുതി. ഇതിന് മുകളില്‍ വേഗതയില്‍ പോകുന്ന ഒരു വണ്ടി ഇറക്കല്‍ അസാധ്യമായിരിക്കുമെന്നായിരുന്നു അക്കാലത്തെ പ്രവചനങ്ങള്‍. പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാവരും മറന്നുപോയ ഒരാളുണ്ടായിരുന്നു. സാക്ഷാല്‍ സുസുക്കി.

സുസുകിയുടെ ബ്രഹ്മാസ്ത്രം

സ്പീഡ് വാറില്‍ അത്ര സജീവമായി ഒന്നും പങ്കെടുത്തില്ലെങ്കിലും സുസുകി കാര്യമായി തന്നെ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 290 കിലോമീറ്റര്‍ സ്പീഡ് എന്ന ബ്ലാക്ക് ബേര്‍ഡിന്റെ റെക്കോഡ് തകര്‍ക്കാന്‍ മറ്റെല്ലാം കമ്പനികളുമെന്നപോലെ സുസുകിയും ആഗ്രഹിച്ചിരുന്നു. പക്ഷേ, ഈ യുദ്ധത്തില്‍ പൊരുതാന്‍ ഇറങ്ങുമ്പോള്‍ അതിന് ഉതകുന്ന ഒരു പോരാളി തങ്ങള്‍ക്ക് വേണമെന്ന് സുസുക്കിക്ക് അറിമായിരുന്നു. മറ്റ് കമ്പനികള്‍ ഇടക്കിടെ വണ്ടികളിറക്കി റെക്കോഡുകള്‍ തിരുത്തിയപ്പോഴെല്ലാം ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടുതന്നെ സുസുകി അണിയറയില്‍ തങ്ങളുടെ ബ്രഹ്മാസ്ത്രം ഒരുക്കുകയായിരുന്നു. അതായിരുന്നു സുസുകി GSX1300R അതവാ ഹയാബൂസ.

1300 സി.സിയിലെ ഭീകരന്‍. 16 വാല്‍വില്‍ ഇന്‍ലൈന്‍ 4 എഞ്ചിന്‍. ഡിസൈനിലും എയറോഡൈനാമിക്‌സ് ഉള്‍പ്പടെ സകല മേഖലയിലും വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് സുസുക്കി ഹയാബൂസ ഒരുക്കിയത്. ഹയാബൂസ എന്ന പേരിലുമുണ്ടായിരുന്നു സുസുകിയുടെ പോരാട്ടവീര്യം. ബ്ലാക്ക് ബേര്‍ഡ് എന്ന പക്ഷിയെ വേട്ടയാടി പിടിച്ചിരുന്ന പെരിഗ്രിന്‍ ഫാല്‍ക്കണ്‍ എന്ന പക്ഷിയുടെ ജാപ്പനീസ് പേരായിരുന്നു ഹയാബൂസ. ഹോണ്ട ബ്ലാക്ക് ബേര്‍ഡിനെ അട്ടിമറിച്ച് വേഗതയുടെ ലോകകിരീടം ചൂടാന്‍ പിറന്നവന് അതിലും മികച്ച പേരുണ്ടോ. പക്ഷേ, കേവലം ഹോണ്ടയ്ക്കുള്ള മറുപടി മാത്രമായിരുന്നില്ല ആ പേര്. ഇരകളെ റാഞ്ചി ആകാശത്തേക്ക് പറന്നുയരുന്ന പെരിഗ്രിന്‍ ഫാല്‍ക്കണ്‍ വേഗതയുടെ പ്രതീകം കൂടിയാണ്. മണിക്കൂറില്‍ 300 കിലോമീറ്ററിലും കൂടുതല്‍ വേഗതയിലാണ് പെരിഗ്രിന്‍ ഫാല്‍ക്കണ്‍ കുതിക്കുക. ഈ പക്ഷിയുടെ പ്രത്യേകതകളില്‍ ഗവേഷണം നടത്തിയ സുസുകി ഡിസൈനില്‍ ഉള്‍പ്പടെ ഇതിന്റെ സ്വാധീനം കൊണ്ടുവന്നു. ഒപ്പം മണിക്കൂറില്‍ 300 കിലോമീറ്ററിനും മുകളില്‍ എന്ന ഒരിക്കല്ലും നടക്കില്ലെന്ന് പ്രവചിക്കപ്പെട്ട സ്വപ്നവേഗം സ്വന്തമാക്കുകയെന്ന ഭ്രാന്തന്‍ സ്വപ്‌നവും ഇതിന് പിറകിലുണ്ടായിരുന്നു.

പെരിഗ്രിന്‍ ഫാല്‍ക്കണ്‍

അതിമനോഹരമായിരുന്നു ആ ഡിസൈന്‍. ബ്ലാക്ക് ബേര്‍ഡിനെ കൊത്തിയെടുത്ത് പറക്കാനൊരുങ്ങുന്ന പെരിഗ്രിന്‍ ഫാല്‍ക്കണിന്റെ അതേ രൂപം. മുന്‍പ് ഇറങ്ങിയ ഒരു ബൈക്കിനോടും യാതൊരു സാമ്യവുമില്ലാത്ത ഡിസൈന്‍. അത് തന്നെയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഡിസൈന്‍ ടീമിന്റെ തലവന്‍ കോജി യോഷിയുറ പിന്നീട് വെളിപ്പെടുത്തി. അങ്ങനെ ബൈക്ക്ലോകത്തെയാകെ വിസ്മയിപ്പിച്ചുകൊണ്ട് 1999 ല്‍ സുസുകി ഹയാബൂസ ലോഞ്ച് ചെയ്തു. മുന്നൂറും കടന്ന് 312 കിലോമീറ്റര്‍ സ്വപ്‌നതുല്യമായ റെക്കോഡ് കുറിച്ച് ഹയാബൂസ ചരിത്രം തിരുത്തിക്കുറിച്ചു. ബ്ലാക്ക് ബേര്‍ഡിനെ അട്ടിമറിച്ചുവെന്ന് മാത്രമല്ല അതുവരെ അസാധ്യമെന്ന് കരുതിയ വേഗതയുടെ റെക്കോഡും അവര്‍ കീഴടക്കി. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വേഗതയേറിയ സ്റ്റാന്‍ഡേര്‍ഡ് പ്രൊഡക്ഷന്‍ (ആര്‍ക്ക് വേണമെങ്കിലും വാങ്ങാവുന്ന) ബൈക്ക് (1901 ജനുവരി 01 മുതല്‍ 2000 ഡിസംബര്‍ 31 വരെ) എന്ന പേരും ഹയാബൂസ സ്വന്തമാക്കി. സ്പീഡ് വാറിന്റെ കൂടെ അവസാനമായിരുന്നു അത്.

കോജി യോഷിയുറ

സുസുകി കരുതിയതിലും വലിയ സ്വീകരണമായിരുന്നു ഹയാബുസയ്ക്ക് ലഭിച്ചത്. ഒറ്റ രാത്രികൊണ്ട് ബൈക്ക് ലോകവ്യാപകമായി വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെ സുസുകി ഹയാബൂസയില്‍ ഒരുക്കിയ എയറോഡയനാമിക്‌സ് ഡിസൈന്‍ തത്വം അത്ഭുതത്തോടെയാണ് മോട്ടോര്‍ ലോകം നോക്കി കണ്ടത്. അതേസമയം തന്നെ ബൂസയുടെ ഡിസൈനിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരുമുണ്ടായിരുന്നു. പരമ്പരാഗതയൂറോപ്യന്‍ ഡിസൈനുകളെ ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക് ഈ ഡിസൈന്‍ ഉള്‍കൊള്ളാനായില്ല. പക്ഷെ അതൊന്നും ബൂസയെ ബാധിച്ചില്ല. കുറഞ്ഞ കാലം കൊണ്ടുതന്നെ മോട്ടോര്‍ ബൈക്കുകളെ പ്രേമിക്കുന്നവരുടെ ചങ്കിലെ വികാരമായി മാറിയിരുന്നു ഹയാബൂസ. 2021 ല്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ഡിസൈനുമൊക്കെയായി ഇറങ്ങിയപ്പോഴും 1999 ല്‍ ഇറങ്ങിയ ഹയബൂസകള്‍ പൊന്നുംവില കൊടുത്ത് വാങ്ങാന്‍ ബൈക്ക്പ്രേമികള്‍ ഉണ്ടായിരുന്നു എന്നതാണ് ഈ ബൈക്കിന്റെ ജനപ്രിയത തെളിയിക്കുന്ന ഘടകങ്ങളിലൊന്ന്.

ഡിസൈനും വേഗതയും ചരിത്രവും മാത്രമായിരുന്നില്ല ഹയാബൂസയുടെ ഈ ലോക വിജയത്തിന് പിന്നിലെ കാരണം. പകരം വെക്കാനില്ലാത്ത റൈഡിങ് അനുഭവം കൂടിയാണ്. അതിലും വേഗതയിലൊക്കെ കുതിക്കുന്ന ഭീകര ബൈക്കുകള്‍ വീണ്ടും ഇറങ്ങിയെങ്കിലും ഹയാബൂസയുടെ തട്ട് ഇന്നും താഴ്ന്നിരിക്കാന്‍ കാരണം തീര്‍ത്തും പ്രായോഗികമായ അതിന്റെ റൈഡിങാണ്. മറ്റ് സൂപ്പര്‍ ബൈക്കുകളെക്കാള്‍ റോഡിലും സ്ട്രീറ്റിലും ട്രാഫിക്കിലുമെല്ലാം കുതിക്കാനും താരതമ്യേനെ മികച്ച റൈഡിങ് അനുഭവം പകരാനുമുള്ള ഹയാബൂസയുടെ കഴിവാണ്. എഞ്ചിനാണ് ഹയാബൂസയുടെ മറ്റൊരു കരുത്ത്. അതിഭീകരമായ കരുത്ത് കാണിക്കുമ്പോഴും വളരെ മനോഹരമായ റൈഡിങ് അനുഭവം തരുന്ന ഹയാബുസ എഞ്ചിന്‍ അക്കാലത്ത് ഒരു വിസ്മയം തന്നെയായിരുന്നു. ബുസയുടെ ലൈറ്റ് വെയിറ്റ് ആന്‍ഡ് പവര്‍ഫുള്‍ എഞ്ചിന്‍ ഉപയോഗിച്ച് സുസുകി പിന്നീട് കിടിലന്‍ സ്‌പോര്‍ട്‌സ് കാറുകള്‍ പോലും ഇറക്കി. ഒരു മോട്ടോര്‍ സൈക്കിള്‍ എഞ്ചിന്‍ ഉപയോഗിച്ച് കാറുകള്‍ ഇറക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. പിന്നീട് സുസുകിയുടെ ഇത്തരം സ്‌പോര്‍ട്‌സ് കാറുകളിലെ സ്ഥിരം എഞ്ചിനായി ഇത് മാറി.

ജെന്റില്‍മാന്‍ എഗ്രിമെന്റ്

ഹയബൂസയുടെ വരവോടെ ഉണ്ടായ ബഹളത്തില്‍ പല രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ മോട്ടോര്‍ കമ്പനികള്‍ തമ്മിലുള്ള ഈ വേഗതയുടെ മത്സരം ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുമുണ്ടായി. ഇത് മനസിലാക്കിയ ബൈക്ക് കമ്പനികള്‍ ഈ വേഗത യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇനി ഇറങ്ങുന്ന ബൈക്കുകളെല്ലാം 299 കിലോമീറ്റര്‍ വേഗതയില്‍ ഇലക്ട്രോണിക്കലി ലോക്ക് ചെയ്യാനും തീരുമാനമായി. അതായത് ഇനി ഒരു ബൈക്കും 299 കിലോമീറ്ററില്‍ കൂടുതല്‍ വേഗത കാണിക്കാന്‍ പാടില്ല. ഔദ്യോഗികമായ രേഖകളോ കരാറോ ഒന്നുമില്ലാതെയുള്ള ഈ കരാര്‍ മോട്ടോര്‍ ബൈക്ക് രംഗത്തെ ജെന്റില്‍മാന്‍ എഗ്രിമെന്റ് എന്നും അറിയപ്പെട്ടു. ഇപ്പോള്‍ പുറത്തിറങ്ങുന്ന പല സൂപ്പര്‍ബൈക്കുകളും 300 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പോകുമെങ്കിലും 299 കിലോമീറ്റര്‍ വേഗത പിന്നിടുമ്പോള്‍ ഓഡോമീറ്റര്‍ ബ്ലാങ്ക് ആവുകയാണ് ചെയ്യുക

ബൂസയെ തരംഗമാക്കിയ ധൂം കൊടുങ്കാറ്റ്

വാര്‍ത്താ മാധ്യമങ്ങള്‍ ഇന്നത്തെ അത്രയും പ്രാധാന്യമൊന്നും സൂപ്പര്‍ ബൈക്കുകള്‍ക്കും സ്പീഡ് വാറിനും നല്‍കിയിരുന്നില്ലെങ്കിലും ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്കിടയിലും വൈകാതെ ബൂസ തരംഗമായി. പക്ഷേ, ഇന്ന് കാണുന്ന രീതിയില്‍ ഇന്ത്യയില്‍ ഈ ബൈക്ക് ജനപ്രിയമായതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടായിരുന്നു. ഈ സമീപകാലം വരെ സൂപ്പര്‍ ബൈക്ക് എന്നാല്‍ ഹയാബൂസ എന്ന് ഇന്ത്യന്‍ യുവത്വത്തെ കൊണ്ട് ചിന്തിപ്പിച്ച ഒരു സിനിമ. 2004 ല്‍ പുറത്തിങ്ങിയ ഹിന്ദി സിനിമ ധൂം. ഈ ചിത്രത്തില്‍ സൂപ്പര്‍ താരം ജോണ്‍ എബ്രഹാമിന്റെ കബീര്‍ എന്ന കഥാപാത്രം പാറിപ്പറന്നത് ഹയബൂസയിലായിരുന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തോടൊപ്പം ഹയാബൂസയും ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറി.

ആദ്യത്തെ ഹയാബൂസ ഇറങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഇന്നും ഈ ജപ്പാനീസ് വേട്ടപ്പക്ഷിയുടെ ജനപ്രിയതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. ആധുനികമായ എല്ലാ ഫീച്ചറുകളും ഉള്‍കൊള്ളിക്കുമ്പോഴും പഴയ എഞ്ചിന്‍ പ്ലാറ്റ്‌ഫോമിലും ഡിസൈനിലും കാര്യമായ മാറ്റമില്ലാതെ തന്നെയാണ് ഈ സൂപ്പര്‍ബൈക്ക് പുറത്തിറങ്ങുന്നത്. പുതിയ ബി.എസ്.6 നിയന്ത്രണം വന്നതോടെ സ്പീഡിലും ടോര്‍ക്കിലും കുറവ് വരുത്താന്‍ കമ്പനി നിര്‍ബന്ധിതരായി എന്നുള്ളത് ഫാന്‍സിനെ അല്‍പം നിരാശപ്പെടുത്തിയെങ്കിലും ഹയാബൂസയെക്കാള്‍ വേഗതയില്‍ പായുന്ന വണ്ടികള്‍ മറ്റ് ജാപ്പനീസ് ഇറ്റാലിയന്‍ കമ്പനികള്‍ പുറത്തിറക്കിയെങ്കിലും ഇന്നും ബൈക്ക് പ്രേമികളുടെ ഇടനെഞ്ചിലെ വികാരത്തിന്റെ പേര് തന്നെയാണ് സുസുകി ഹയാബൂസ.

അവലംബം
The Gentleman’s Agreement? The War for Speed
The Wandering Mallu
The Birth of the HAYABUSA

Content Highlights: history of suzuki hayabusa, speed war

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented