കാളവണ്ടിയുഗത്തില്‍ നിന്ന് യന്ത്രയുഗത്തിലേക്കുള്ള ഒരു നാടിന്റെ പരകായ പ്രവേശമായിരുന്നു ആ വാഹന എഴുന്നള്ളത്ത്... യാത്രയെന്ന മനുഷ്യന്റെ അനിവാര്യതയെ സാധ്യമാക്കിയിരുന്ന, മൃഗങ്ങളുടെയും മനുഷ്യരുടെയും കായബലത്തിന് എന്നന്നേയ്ക്കുമായി വിടനല്‍കിയ, ആധുനിക ശാസ്‌ത്രോത്പന്നമായ യന്ത്രത്തേരിലെ യാത്ര കുറിക്കുന്നതു കൂടിയായിരുന്നു

1938 ഫെബ്രുവരി 20-ന് തിരുവനന്തപുരത്ത് നടന്ന ആ വാഹനഘോഷയാത്ര. അതോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എന്ന ജനകീയ വണ്ടിപ്രസ്ഥാനം ഉരുണ്ടുതുടങ്ങി. കാലം മുന്നോട്ട് പാഞ്ഞപ്പോള്‍ അത് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി പരിണമിച്ച് കേരളത്തിനകത്തും പുറത്തും ഓട്ടം തുടങ്ങി. കണക്കുപുസ്തകത്തില്‍ നഷ്ടത്തിന്റെ കളത്തിന് സ്ഥാനവലിപ്പമുള്ള കെ.എസ്.ആര്‍.ടി.സി. മത്സരിച്ചോടുമ്പോള്‍ കിതയ്ക്കുകയാണെങ്കിലും ജനത്തിന്റെ മുഖ്യ ആശ്രയമായി ഇന്നും നിലകൊള്ളുന്നു.

യൂറോപ്യന്‍ പര്യടനവേളയില്‍ അവിടത്തെ, പ്രത്യേകിച്ച് ലണ്ടനില്‍ കണ്ട ജനകീയ ഗതാഗതം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളില്‍ ആവേശിച്ചതോടെയാണ് മലയാളമണ്ണില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്യാത്രാ സംരഭത്തിന് ഉദയമുണ്ടായത്. അക്കാലത്ത് ജലഗതാഗതമായിരുന്നു തിരുവിതാംകൂറിലും കൊച്ചിയിലും മുഖ്യ ആശ്രയം. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള സിമന്റ് റോഡിലും തിരുവനന്തപുരം നഗരത്തിലും അത്യപൂര്‍വമായി ചിലര്‍ മോട്ടോര്‍ വാഹനങ്ങള്‍ പൊതുജനയാത്രയ്ക്കായി ഓടിച്ചിരുന്നു. ഇവര്‍ യാത്രാക്കൂലിയിനത്തില്‍ നടത്തിയ തീവെട്ടിക്കൊള്ള നിരവധി പരാതികളായി രാജസമക്ഷം ലഭിച്ചപ്പോഴാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ന്യായനിരക്കില്‍ ബസ് സര്‍വീസ് തുടങ്ങണമെന്ന ആലോചന ജനിച്ചത്.

ഈ ചിന്ത മനസ്സില്‍ ഒതുങ്ങിയിരിക്കുമ്പോഴായിരുന്നു മഹാരാജാവിന്റെ യൂറോപ്യന്‍ പര്യടനം. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ സര്‍വീസുകള്‍ കണ്ട് പഠിച്ച അദ്ദേഹം, അതിനെ മാതൃകയാക്കി തന്റെ രാജ്യത്ത് ജനകീയവണ്ടികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍ സന്ദര്‍ശനവേളയില്‍ത്തന്നെ ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധികൃതരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. തിരുവിതാംകൂറില്‍ ഇത്തരത്തില്‍ ഗതാഗതപരിഷ്‌കാരം നടപ്പാക്കാനുള്ള മഹാരാജാവിന്റെ ആഗ്രഹത്തിന് അവര്‍ എല്ലാ പിന്തുണയും നല്‍കി. ബോര്‍ഡില്‍ ഓപ്പറേറ്റിങ് സൂപ്രണ്ടായി പ്രവര്‍ത്തിച്ച സി.ജി. സാള്‍ട്ടറെ സേവനത്തിനായി തിരുവിതാംകൂറിന് വിട്ടുനല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. 1937 സെപ്റ്റംബര്‍ 20-ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സൂപ്രണ്ടായി നിയമിച്ചുകൊണ്ട് രാജകീയ വിളംബരമുണ്ടായി.

ആദ്യം ഒരു നാട്ടുരാജ്യത്തിനുവേണ്ട യാത്രാസൗകര്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കിയ സാള്‍ട്ടറുടെ ശുപാര്‍ശപ്രകാരം ഇംഗ്ലണ്ടില്‍നിന്ന് കോമര്‍ കമ്പനിയുടെ അറുപത് ചേസിസുകള്‍ വാങ്ങി. കപ്പലില്‍ എത്തിയ ഈ ചേസിസുകളില്‍ ഘടിപ്പിച്ചിരുന്നത് പെര്‍ക്കിന്‍സ് ഡീസല്‍ എന്‍ജിനുകളായിരുന്നു. സാന്‍ട്ടര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച മെക്കാനിക്കല്‍ സ്റ്റാഫുകള്‍ക്കായിരുന്നു ബോഡി നിര്‍മാണച്ചുമതല.

ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ സാള്‍ട്ടറുടെ രൂപകല്‍പ്പനയില്‍ തീര്‍ത്ത ഒരു ബസ് ഓടിച്ച് പരീക്ഷണം നടത്തി. അത് വിജയമായതോടെ ആ മാതൃകയില്‍, സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ നാട്ടിലെ മര ഉരുപ്പടികള്‍കൊണ്ട് ചേസിസിന് മുകളിലോട്ട് ബോഡി പണിതുയര്‍ത്തി. ഇരുമ്പ് തകിടും ബോള്‍ട്ടുകളും ബോംബൈയില്‍ നിന്ന് വാങ്ങി. ബസിന്റെ ചില്ലുകളാകട്ടെ ഇംഗ്ലണ്ടില്‍ നിന്നാണ് വരുത്തിയത്.

ഇനി വേണ്ടത് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചിരുന്നവരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിലേക്ക് തിരഞ്ഞെടുത്തു. സാള്‍ട്ടര്‍ തന്നെയാണ് ഇവരുടെ മികവ് നേരിട്ട് പരീക്ഷിച്ചത്. അഭ്യസ്ഥവിദ്യരായവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍മാരാക്കി. നൂറില്‍പ്പരം ബിരുദധാരികളെ ഇന്‍സ്‌പെക്ടര്‍മാരും ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരുമായി തിരഞ്ഞെടുത്തതോടെ ജനകീയ വണ്ടി ഓട്ടത്തിന് സന്നദ്ധമായി.

1938 ഫെബ്രുവരി 20-ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന ഔദ്യോഗിക അറിയിപ്പുണ്ടായി. പൗരപ്രമാണിമാരും ഉദ്യോഗസ്ഥരുമടക്കം വന്‍ജനാവലി നോക്കിനില്‍ക്കെ, മഹാരാജാവും അമ്മമഹാറാണിയും ഇളയരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്തണ്ഡവര്‍മയും അടുത്ത ബന്ധുവായ ക്യാപ്റ്റന്‍ ഗോദവര്‍മ രാജയും ഏറ്റവും മുന്നില്‍ അലങ്കരിച്ച ബസില്‍ കയറി ഇരുന്നു. ഡ്രൈവറുടെ റോളില്‍ സാള്‍ട്ടര്‍ തന്നെ. 

ആദ്യബസ് സ്റ്റാര്‍ട്ടായപ്പോള്‍ തുപ്പിയ പുക ഒരു നാടിന്റെ വികസനമാറ്റത്തിന്റെ അറിയിപ്പുകൂടിയായി. ജനക്കൂട്ടം ആവേശത്താല്‍ ആര്‍പ്പുവിളിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിക്കവേ സാള്‍ട്ടര്‍ ആദ്യ ഗിയര്‍ വലിച്ചു. നാടിന്റെ ചരിത്രത്തിലേക്ക് ഒരു മാറ്റവുമായി ആ ബസ് മെല്ലെ നീങ്ങി. തൊട്ടുപിന്നാലെ മുപ്പത്തിരണ്ട് ബസുകളും അതിന് അകമ്പടിയെന്നോണം ആരവംമുഴക്കി ജനവും.

മെയിന്‍ റോഡ് വഴി കവടിയാര്‍ കൊട്ടാരം വരെയുള്ള ബസിന്റെ രാജകീയ എഴുന്നള്ളത്തോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫെബ്രുവരി 21 മുതല്‍ തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ ഈ ബസുകള്‍ സര്‍വീസ് ആരംഭിച്ചു.

സലൂണ്‍ ബോഡിയുള്ള ബസിന്റെ പിന്നിലായിരുന്നു പ്രവേശനദ്വാരം, നടുവില്‍ സഞ്ചാരമാര്‍ഗം, മുന്‍ഭാഗത്ത് തുകല്‍ പൊതിഞ്ഞ രണ്ട് ഒന്നാംക്ലാസ് സീറ്റുകള്‍. ഒരു ബസില്‍ 23 പേരെ കയറ്റാനായിരുന്നു അനുമതി. ഇവര്‍ക്കിരിക്കാന്‍ തടിസീറ്റുകള്‍. ഓരോ റൂട്ടിലേയും കൂലിനിരക്കുകള്‍ പൊതുജനശ്രദ്ധയ്ക്കായി നാട്ടിലെങ്ങും പ്രദര്‍ശിപ്പിച്ചു. നിശ്ചിത സമയക്രമമനുസരിച്ചാണ് ഓട്ടം. ഒരു മൈലിന് അരച്ചക്രം ആയിരുന്നു കൂലി, മിനിമം കൂലിയും ഇതുതന്നെ. ഒന്നാംക്ലാസ് ടിക്കറ്റിന് അന്‍പത് ശതമാനം നിരക്ക് കൂടും. 

മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇരിപ്പിടം ഉപയോഗിച്ചില്ലെങ്കില്‍ കൂലി നല്‍കേണ്ട. മൂന്നുമുതല്‍ പതിന്നാല് വയസ്സുവരെയുള്ളവരില്‍നിന്ന് പകുതി കൂലിയായിരുന്നു ഈടാക്കിയത്. കൂലികൊടുത്ത് യാത്ര ചെയ്യുന്നവരുടെ ലഗേജിന് പ്രത്യേകം കൂലിയില്ല. എന്നാല്‍, യാത്രാബസുകളോടൊപ്പം ഒരു പാഴ്സല്‍ ബസും പ്രത്യേകം ഓടിച്ചിരുന്നു. യാത്രക്കാരോടൊപ്പമുള്ള ലഗേജുകള്‍ക്ക് 28 പൗണ്ടിന് മുകളിലാണെങ്കില്‍ പ്രത്യേകം കൂലിയുണ്ടായിരുന്നു. 28 മുതല്‍ 56 പൗണ്ട് വരെയുള്ള ഉരുപ്പടികള്‍ക്ക് നാല് ചക്രവും 56 പൗണ്ട് മുതല്‍ 112 പൗണ്ട് വരെ തൂക്കമുള്ളവയ്ക്ക് ആറ്് ചക്രവുമായിരുന്നു നിരക്ക്.

തിരുവനന്തപുരം കന്യാകുമാരി റൂട്ടിലും അധികം വൈകാതെ നാഗര്‍കോവിലേക്കും സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. കന്യാകുമാരിവരെ മുപ്പതും നാഗര്‍കോവില്‍വരെ നാല്പതും സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ഗവണ്‍മെന്റിന് വന്‍ലാഭമാണ് ആദ്യവര്‍ഷങ്ങളില്‍ ഈ ബസുകള്‍ നല്‍കിയിരുന്നതെന്ന് പഴയ രേഖകള്‍ പറയുന്നു. ജലാഗതാഗതത്തെ ഊര്‍ജസ്വലമാക്കാന്‍പോലും ഈ ലാഭം വിനിയോഗിച്ചു. എന്തിനേറെ, ഈ ബസുകള്‍ നല്‍കിയ ലാഭങ്ങള്‍ മൂലധനമാക്കി നിര്‍മിച്ച എത്രയോ റോഡുകള്‍ തിരുവനന്തപുരം നഗരത്തിലുണ്ടായി.

തിരുവിതാംകൂറില്‍ തുടങ്ങിയ യാത്രാവിപ്ലവം കൊച്ചിയിലേക്കും മലബാറിലേക്കും വ്യാപിച്ചപ്പോഴേക്കും നാട്ടുരാജ്യങ്ങള്‍ അപ്രത്യക്ഷമായി, പകരം കേരളം വന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി. കേരളത്തിലെമ്പാടും ഓട്ടം തുടങ്ങി... നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കുള്ള ഓട്ടം. എങ്കിലും കേരളീയര്‍ക്ക് ജനകീയവണ്ടികളെ ഒഴിവാക്കാനാവില്ല. എണ്‍പത് വയസ്സ് കഴിഞ്ഞിട്ടും മലയാളിയുടെ ചലനമുദ്ര എന്ന സ്ഥാനം കെ.എസ്.ആര്‍.ടി.സി.ക്ക് കൈമോശം വന്നിട്ടില്ല.

Content Highlights: History Of Kerala Road Transport Corporation Bus