അജീഷ് അജയൻ | ഫോട്ടോ: മാതൃഭൂമി
പര്‍വതങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ദിനം. ഉയരങ്ങളെ ലക്ഷ്യമാക്കി ദുര്‍ഘടപാതകളെ തരണം ചെയ്യുന്നവര്‍ക്ക് എന്നും ആഹ്ലാദം പകരുന്നതാണീ യാത്രകള്‍. അത് നടന്നാകട്ടെ, ഇരുചക്രവാഹനമാകട്ടെ, നാലുചക്രങ്ങളിലാകട്ടെ യാത്രകള്‍ നല്‍കുന്നത് തിരിച്ചറിവാണ്. ആത്മവിശ്വാസമാണ്. ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്.. അത് മനസിലാക്കുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാവുന്നത്.
ഇവിടെ മൂന്നു ചെറുപ്പക്കാരെ പരിചയപ്പെടാം. യാത്രകള്‍ അനുഭവസമ്പത്താക്കി മാറ്റിയ മൂന്നു മലയാളികള്‍. അവര്‍ ഇന്ത്യയെന്ന മഹാഭൂമികയുടെ ഒരറ്റത്തു നിന്ന് മറ്റേയറ്റം വരെ സഞ്ചരിച്ചു. കാടുകളും കുന്നുകളും താണ്ടി ഹിമാലയസാനുക്കള്‍ കണ്ടു. അവരുടെ ഹൃദയതാളത്തിനൊപ്പം തുടിച്ചത് റോയല്‍ എന്‍ഫീല്‍ഡിന്റെ ആ പതുപതുത്ത കുടുകുടു ശബ്ദം.
ഇത് സുധി സുധാരാമന്‍. കൊല്ലം കാരനാണ്. ഒരു വര്‍ഷം മുമ്പ് പൊലിഞ്ഞു പോയ അച്ഛന്‍ കാണിച്ച വഴിയിലൂടെയാണ് സുധിയുടെ സഞ്ചാരം. തന്റെ യാത്രാ താത്പര്യത്തെ അച്ഛന്‍ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഒരു കണ്ടീഷന്‍ മാത്രം. എവിടെ പോകുന്നതിനു മുമ്പും ഒന്ന് പറയണം. എത്ര ചെറിയ യാത്രകളാണെങ്കിലും നീണ്ട യാത്രയാണെങ്കിലും അതില്‍ ഇന്നും ഒരു തെറ്റ് വരുത്തിയിട്ടില്ല. ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും ഏഴു മണി എന്നൊന്നുണ്ടെങ്കില്‍ അമ്മയെ വിളിക്കുന്ന പതിവും ജീവിതത്തിന്റെ ഭാഗമാണ് സുധിയുടെ.

പതിമൂന്ന് വര്‍ഷമായി യാത്രകളാണ് സുധിയുടെ കൂട്ട്. റോയല്‍ എന്‍ഫീല്‍ഡ് ക്ലബ്ബില്‍ അംഗമായതോടെ കൂട്ടുകാര്‍ കൂടി, ഒപ്പം യാത്രയും. ഇന്ത്യയെ തൊട്ടറിഞ്ഞ യാത്രകളായിരുന്നു അധികവും. എന്നാല്‍, ഹിമാലയത്തിന്റെ കുളിരണിഞ്ഞുള്ള യാത്രകളാണ് ഏറെ ആസ്വദിച്ചത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലൂടെയുള്ള റൈഡും അനുഭവങ്ങളുടെ കൂമ്പാരമായിരുന്നു. മതിവരേയും അങ്ങ് ലോകത്തിന്റെ അങ്ങേത്തലവരെ ബൈക്കിലുള്ള യാത്രകളാണെന്റെ സ്വപ്നം- സുധി പറഞ്ഞു നിര്‍ത്തി.
ഇത് അജീഷ് അജയന്‍.. പാലക്കാട് പട്ടാമ്പിക്കാരനാണ്. പാലക്കാടന്‍ മലനിരകളിലൂടെയുള്ള യാത്രകളാണ് അജീഷിനെ യാത്രകളുടെ പുതുലോകത്തേക്കെത്തിച്ചത്. ബുള്ളറ്റ് 350 യായിരുന്നു അന്നത്തെ സന്തതസഹയാത്രികന്‍. പിന്നീട് റൈഡിങ്ങ് പാഷനായി മാറി. ഓഫ് റോഡും ട്രയല്‍സുമെല്ലാമായി സാഹസിക യാത്രകളെ തൊട്ടറിഞ്ഞു.
എന്നാല്‍ മലകള്‍ കയറിയുള്ള യാത്രകള്‍ അധികമുണ്ടായിരുന്നില്ല. പര്‍വതങ്ങളെ കീഴടക്കാനുള്ള മോഹമായപ്പോഴാണ് ആര്‍. ഇ.യുടെ ഹിമാലയനെ സ്വന്തമാക്കുന്നത്. പശ്ചിമഘട്ട മലനിരകളിലായിരുന്നു ആദ്യമായി ഹിമാലയനുമായി എത്തിയത്. പിന്നീട് കേരളം മുതല്‍ കാശ്മീര്‍ വരെ നീളുന്ന യാത്രയായി. കൊങ്കണ്‍ വഴിയായിരുന്നു യാത്ര.
ചണ്ഡിഗഡില്‍ നിന്നും ഹിമാലയത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. പിന്നീട്, കുളു, മണാലി, കെയ്ലോങ്ങ്, സര്‍ച്ചു, പാങ്ങ്, ലേ, കര്‍ദുങ്ങ് ലാ, തുര്‍തുക്, പാങ്ങ്ഗോങ്ങ്, കാര്‍ഗില്‍, ശ്രീനഗര്‍.... പോയ സ്ഥലങ്ങളുടെ പട്ടിക നീണ്ടു. 34 ദിവസത്തിലധികം എടുത്തു ആ യാത്രയ്ക്ക്. 2019ല്‍ വീണ്ടും ഒരുക്കല്‍ കൂടി അതേവഴി യാത്ര ചെയ്തു. എന്‍ഫീല്‍ഡിന്റെ റൈഡര്‍ മാനിയയിലും സ്ഥിരം സാന്നിധ്യമായതോടെ സുഹൃത്തുക്കളുടെ എണ്ണവും കൂടി. കോവിഡ് കാലം മാറാന്‍ കാത്തിരിക്കുകയാണ് ഞാന്‍.. വീണ്ടുമൊരു നീണ്ട യാത്രക്കായി.. അജീഷ് പറഞ്ഞു നിര്‍ത്തി.

മലപ്പുറത്തുകാരന്‍ തസ്ലീമിനും യാത്രതന്നെയാണ് പാഷന്‍, ബുള്ളറ്റിനോടുള്ള പ്രേമമാണ് തസ്ലീമിനെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലെത്തിച്ചത്. റൈഡ് കോ ഓര്‍ഡിനേറ്ററായതോടെ യാത്രകള്‍ക്ക് പഞ്ഞമില്ലാതെയായി. റൈഡര്‍ മാനിയയിലെ സ്ഥിര സാന്നിധ്യമായതോടെ അവിടെ എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ചങ്ങാത്തവുമായി.
കഴിഞ്ഞ വര്‍ഷമാണ് നോര്‍ത്ത് ഈസ്റ്റ് ട്രിപ്പുമായി ഇറങ്ങിയത്. സിക്കിം, മേഘാലയ, അസം, അരുണാചല്‍, നേപ്പാള്‍ എന്നിങ്ങനെയായിരുന്നു യാത്രാപഥം. മഞ്ഞുനിറഞ്ഞ പാതകളിലൂടെയുള്ള യാത്രകള്‍ തികച്ചും അവിശ്വസനീയമായിരുന്നു. പിന്നീട് റൈഡര്‍മാനിയയുടെ ഭാഗമായി ഹിമാലയന്‍ യാത്രയും നടത്തി.
കടുത്ത മഞ്ഞു വീഴ്ച കാരണം ലേയിലേക്കുള്ള റോഡ് ഗതാഗതം അടച്ചിരുന്നു. പഞ്ചാബിലേയും ജമ്മുവിലേയും റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളിലായിരുന്നു വണ്ടികള്‍ സര്‍വീസ് ചെയ്തത്. ഈ യാത്രകള്‍ നല്‍കിയ സൗഹൃദവും അനുഭവങ്ങളും ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.... തസ്ലിം പറഞ്ഞു.
Content Highlights: Himalayas Journey In Royal Enfield Bikes, Bullet Riders, World Mountain Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..