'മൂന്നാറിലേക്കൊരു യാത്ര... അതും മഴയത്ത്...' വിളി കേട്ടപ്പോള്‍ മടിച്ചുനില്‍ക്കാന്‍ തോന്നിയില്ല. കൂട്ടിനുള്ളത് സാക്ഷാല്‍ 'ഫോര്‍ച്യൂണര്‍'... പിന്നെ എന്തിനു മടിക്കണം. പുലര്‍ച്ചെതന്നെ പുറപ്പെടാന്‍ റെഡിയായി. കോഴിക്കോട്ടെ അമാന ടൊയോട്ടയില്‍ നിന്ന് തലേദിവസംതന്നെ വണ്ടിയെത്തി... തലയുയര്‍ത്തി നില്‍ക്കുന്ന കൊമ്പനെപ്പോലെ, പുതിയ മോഡല്‍. ഡീസല്‍ 2.8 ലിറ്ററിന്റെ എന്‍ജിന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും... ഹൈറേഞ്ചിലേക്കൊരു മഴയാത്രയ്ക്ക് ഇനി മറ്റെന്തുവേണം.

പുലര്‍ച്ചെ അഞ്ചുമണിക്ക് വണ്ടിയിലേക്ക് വലതുകാലുവെച്ചു കയറി... ആനപ്പുറത്ത് കയറുന്നപോലെ. സീറ്റിലിരുന്ന് മുന്നോട്ടുനോക്കിയപ്പോള്‍ ബാക്കിയെല്ലാം ചെറുതാണെന്ന് തോന്നി. പിന്നോട്ടൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ കടലുപോലെ നീണ്ടുകിടക്കുന്നു...വേണ്ട.. മുന്നോട്ടുതന്നെ നോക്കാം. സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടന്‍ ഞെക്കി വണ്ടിയെടുത്തു. പിന്നാലെ, മഴയുമെത്തി. അത് പെരുമഴയാകുന്നത് കണ്ടുകൊണ്ടായിരുന്നു ബാക്കിയാത്ര. തുള്ളിക്കൊരുകുടം പോലെ പെയ്ത് തിമിര്‍ക്കുകയാണ്. എന്നാല്‍, കൈയിലുള്ള രാജാവില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ട് പിടിപ്പിച്ചുവിട്ടു.

'ഫോര്‍ച്യൂണര്‍' എന്ന 'ടൊയോട്ട'യുടെ ഇന്ത്യയിലെ കൊടിയടയാളത്തിന്റെ പ്രത്യേകതകള്‍ ഓരോന്നായി മുന്നില്‍ തുറക്കുകയായിരുന്നു. കനത്തമഴയത്തും റോഡില്‍ കാഴ്ചയ്‌ക്കൊട്ടും പഞ്ഞംവരുത്താതെ എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പില്‍ നിന്ന് വെളിച്ചം പതഞ്ഞൊഴുകി. കോഴിക്കോട് വിട്ടതോടെ മഴയും സ്ഥലംകാലിയാക്കി. പിന്നീട് ഒഴിഞ്ഞ റോഡിലൂടെ അഴിച്ചുവിട്ട യാഗാശ്വത്തെപ്പോലെ കുതിപ്പുതന്നെ. തൃശ്ശൂര്‍-അങ്കമാലി സ്‌ട്രെച്ചില്‍ ശരിക്കും ഫോര്‍ച്യൂണര്‍ തനി സ്വഭാവം പുറത്തെടുത്തു. കൃത്യമായ ആര്‍.പി.എമ്മിലെ ഗിയര്‍ഷിഫ്റ്റിങ്ങ് തന്നെമതി. ഗിയറുകള്‍ മാറിവരുന്നത് കൃത്യമായി മനസ്സിലാക്കാന്‍ ആ കുതിപ്പ് മതി.

ട്രാഫിക് സിഗ്‌നലുകളില്‍ തനിയെ ഓഫാകുകയും ബ്രേക്കില്‍നിന്ന് കാലെടുത്താല്‍ വീണ്ടും സ്റ്റാര്‍ട്ടാകുയും ചെയ്യുന്ന വിദ്യ ഗുണംചെയ്യുന്നുണ്ടായിരുന്നു. സിഗ്‌നലുകളും ബ്ലോക്കുകളിലും പെടുമ്പോള്‍ ബ്രേക്ക് ഒന്ന് അമര്‍ത്തിപ്പിടിച്ചാല്‍ മതി, വണ്ടി ഓഫാവും. കാലൊന്ന് എടുത്താല്‍ തനിയെ സ്റ്റാര്‍ട്ടാകും. എന്തായാലും സംഗതി കൊള്ളാം. ഇന്ധനം വെറുതെ കത്തിച്ചുകളയാതിരിക്കാനുള്ള വിദ്യയാണത്രെ.

അങ്ങനെ, എറണാകുളത്തുനിന്ന് ഒരു സുഹൃത്തിനേയും കൊണ്ട് നേരെ മൂന്നാറിലേക്ക്. ഒരുറോഡിലും ഫോര്‍ച്യൂണര്‍ ഒരു പരിഭവവും കാട്ടിയില്ല. പെരുമ്പാവൂരും കഴിഞ്ഞ് അതാ അടിമാലി. പിന്നീട് ചുരത്തിന്റെ വഴിയായി. മുകളിലേക്ക് കയറുംതോറും മൂന്നാറിന് സൗന്ദര്യം കൂടിയതുപോലെ തോന്നി. നനഞ്ഞൊട്ടിയപ്പോള്‍ മൂന്നാറിന് സൗന്ദര്യം കുറച്ച് കൂടിയിട്ടുണ്ട്. പച്ചയില്‍ തെളിഞ്ഞ കരിംപാറകളില്‍ പുതിയ വെള്ളിച്ചാലുകള്‍ വരയിടുന്നു. ഇടയ്ക്കിടെ ആ സൗന്ദര്യം അധികം ആരും ആസ്വദിക്കേണ്ടെന്ന അസൂയക്കണ്ണോടെ മൂടല്‍മഞ്ഞ് പുതപ്പുകൊണ്ട് മൂടുന്നു. പ്രളയം തീര്‍ത്ത പാടുകള്‍ മുഴുവനായും മായ്ക്കാനായില്ലെങ്കിലും മൂന്നാര്‍ വീണ്ടും സുന്ദരിയായിട്ടുണ്ട്. ഇടയ്ക്കിടെ മാത്രമേ മഴപെയ്യുന്നുള്ളൂ ഇവിടെ. അതിനാല്‍, അരുവികളും വെള്ളച്ചാട്ടങ്ങളും രൗദ്രത പൂണ്ടിട്ടില്ല, പകരം ചിരിച്ചുകൊണ്ടാണൊഴുകുന്നത്...

Fortuner

ചുരം കയറാന്‍ തുടങ്ങിയോടെ എ.സി. ഓഫാക്കി മെല്ലെ ചില്ലുജാലകങ്ങള്‍ താഴ്ത്തി. സഞ്ചാരികളുടെ തിരക്ക് ഏറെയില്ല, ഉത്തരേന്ത്യക്കാരേയും കൊണ്ടുള്ള ടാക്‌സികള്‍ ഇടയ്ക്കിടയ്ക്ക് മലകയറുന്നുണ്ട്. മുകളിലേക്ക് കയറുംതോറും തണുപ്പ് അരിച്ചരിച്ചെത്തി, ചാറ്റല്‍മഴയും അകമ്പടിയായി. കുറച്ചു കഴിഞ്ഞപ്പോഴാണ് മൂടല്‍മഞ്ഞിന്റെ വരവ്. കോട്ടപോലെ ചുറ്റുമുള്ള മലകളെ പൊതിഞ്ഞിരുന്ന കോടമഞ്ഞ് പതുക്കെ ഞങ്ങളെത്തേടിയെത്തി. ആകെ പൊതിഞ്ഞ മഞ്ഞില്‍ മുന്നിലൊന്നും കാണാത്ത അവസ്ഥ.

ഹസാര്‍ഡ് ലൈറ്റിട്ട് വഴിയിലെ കടയുടെ മുന്നില്‍ വണ്ടിയൊതുക്കി. മഞ്ഞൊന്നകന്നപ്പോള്‍ വീണ്ടും മുകളിലേക്ക്. പ്രളയം തീര്‍ത്ത പാടുകള്‍ മായാതെ കാണാം. വശങ്ങളില്‍നിന്ന് ഇടിഞ്ഞുകിടക്കുന്ന മണ്ണുകൂമ്പാരങ്ങള്‍... പകുതി തകര്‍ന്ന വീടുകള്‍... കൂറ്റന്‍ പാറക്കെട്ടുകള്‍... ഒരുഭാഗത്ത് ഒഴുകിപ്പോയ റോഡ് പുനര്‍നിര്‍മിക്കുന്ന തിരക്ക്... ചിലയിടത്ത് റോഡ് ശോചനീയമാണ്. ഒരുവരിപ്പാതയായി കാണാം.

അങ്ങനെ മുകളിലെത്തി. താമസം അങ്ങ് ദേവികുളത്താണ്. ഓഫ് ഡ്രൈവിന് സൗകര്യമാണവിടെ. അങ്ങനെ മൂന്നാര്‍ ടൗണ്‍ തൊടാതെ പുതിയ മൂന്നാര്‍-തേക്കടി റോഡിലേക്ക് തിരിഞ്ഞു. റോഡുപണി നടക്കുകയാണ്. ചിലയിടത്ത് ഒന്നുമായിട്ടില്ല, എന്നാല്‍, പണികഴിഞ്ഞയിടങ്ങളില്‍ ആരേയും വശീകരിക്കുന്ന വിധമാണ് നിര്‍മാണം. വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത നാലുവരിപ്പാത. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഡ്രൈവ് പുതിയൊരു ലോകത്തെത്തിയ പ്രതീതിയായിരുന്നു. 

കുറച്ചുദൂരമേ അര്‍മാദമുണ്ടായിരുന്നുള്ളു. ദേവികുളത്തെ കോടതിയും പോലീസ് സ്റ്റേഷനും പോസ്റ്റ് ഓഫീസുമെല്ലാം തൊട്ടുതൊട്ടാണിരിക്കുന്നത്. ഒരുവണ്ടിക്കു മാത്രം പോകാന്‍ കഴിയുന്ന ഈ ഇടുക്കുവഴിയിലൂടെ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക്. ഹാരിസണ്‍സിന്റെ ഗസ്റ്റ്ഹൗസിലായിരുന്നു താമസം. അവിടേക്ക് ചെന്നെത്തുന്ന റോഡുതന്നെ ഓഫ്റോഡിനും മേലേയാണ്. റോഡെന്ന് പറഞ്ഞുകൂടാ, ഒരു രണ്ടുവരിപ്പാത. ജീപ്പുകള്‍ ഹനുമാന്‍ ഗിയറില്‍ മാത്രം വലിഞ്ഞുകയറുന്ന വഴി. എന്നാല്‍, ഞങ്ങള്‍ക്കത് ഒരു പ്രശ്‌നമായിരുന്നില്ല. കാരണം, ആനയ്‌ക്കെന്ത് ഗട്ട്റോഡ്... ഫോര്‍വീല്‍ ഡ്രൈവിന്റെ ഗുണം അവിടെ തെളിഞ്ഞു. കല്ലില്‍ നിന്ന് കല്ലിലേക്ക് ചാടിച്ചാടി ഫോര്‍ച്യൂണര്‍ മുകളിലേക്കു കയറി. 

Fortuner

എന്നാല്‍, മുകളിലെത്തിയത് സ്വര്‍ഗത്തിലേക്കായിരുന്നു. ചുറ്റും തേയിലത്തോട്ടത്തിന്റെ പച്ചപ്പുമാത്രം. മൂടല്‍മഞ്ഞിന്റെ പഞ്ഞിക്കെട്ടുകള്‍ കൈയകലത്തില്‍ തൊടാന്‍ പാകത്തിന് വന്നുനില്‍ക്കുന്നു. അതിനു നടുവില്‍ ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത കെട്ടിടം. അതാണ് ഗസ്റ്റ്ഹൗസ്. തണുപ്പിനെ പ്രതിരോധിക്കാനായി നിര്‍മിച്ചതാണ് കെട്ടിടം. മുകളില്‍ മരത്തിന്റെ മച്ചും താഴെ മരപ്പാളികളും ഉപയോഗിച്ച് നിര്‍മിച്ചത്. കുറേയേറെ സിനിമകളിലും ഈ എസ്റ്റേറ്റ് നായകനായിട്ടുണ്ട്.

ഈ യാത്രയില്‍ താരം ഫോര്‍ച്യൂണര്‍ തന്നെയായിരുന്നു. കരുത്തുതന്നെയാണ് മുന്നില്‍. പത്തുമണിക്കൂറിനടുത്ത് തുടര്‍ച്ചയായി ഡ്രൈവ് ചെയ്തിട്ടും അതും ഒന്നാന്തരം കുഴിറോഡുകളിലൂടെ, ശരീരം ഒരു ആവലാതിയും പറഞ്ഞില്ല. അല്ലെങ്കില്‍, ഇത്രയും കഠിനയാത്ര നടത്തിയാല്‍ കിടന്നുപോയേനേ. ക്രൂസ് കണ്‍ട്രോളും പാഡില്‍ ഷിഫ്റ്റുമെല്ലാം പ്രയോഗിച്ചുനോക്കിയിരുന്നു. പാഡില്‍ ഷിഫ്റ്റിങ്ങിനും അധികം ബുദ്ധിമുട്ട് തോന്നിയില്ല. സ്റ്റിയറിങ് വീലിന് താഴെ കുറച്ച് വലിപ്പത്തിലാണ് പാഡില്‍ഷിഫ്റ്റുള്ളത്. അതിനാല്‍, കൈയിലൊതുങ്ങുന്നുണ്ട്.

വണ്ടിവിശേഷം

ഈ വര്‍ഷമിറങ്ങിയ ഫോര്‍ച്യൂണറായിരുന്നു ലഭിച്ചത്. വലിപ്പത്തിലും മറ്റൊന്നും കുറവില്ല. എന്നാല്‍, സൗകര്യങ്ങള്‍ കുറച്ചധികമായി മുഖസൗന്ദര്യം അല്‍പ്പം കൂട്ടി. മറ്റ് എസ്. യു.വി.കളില്‍ നിന്ന് ഫോര്‍ച്യൂണറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ആകാരംതന്നെയാണ്. അടുത്തുവന്നു നിന്നാല്‍ ഏതുകൊലകൊമ്പനും ഒന്ന് പിന്നോട്ടുമാറുന്ന രൂപം.

220 മില്ലീമീറ്ററുള്ള ഗ്രൗണ്ട് ക്ലിയറന്‍സും പതിനെട്ട് ഇഞ്ച് ഭീമന്‍ ടയറുമെല്ലാം ചേരുമ്പോള്‍ അത് കൂടും. ഏഴ് സീറ്ററാണെങ്കിലും അഞ്ചുപേര്‍ക്ക് സുഖമായി ഇരിക്കാം. മൂന്നാമത്തെ നിര കുട്ടികള്‍ക്കുള്ളതാണ്. രണ്ടാം നിരയില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്ഥലമുണ്ട്. ഏത് ഗട്ടറില്‍ വീണാലും അകത്ത് വലിയതോതില്‍ അനുഭവപ്പെടുന്നില്ല. 

എയര്‍ബാഗുകള്‍, എ.ബി.എസ്., ഇ.ബി.ഡി., ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷണല്‍ കണ്‍ട്രോള്‍, ചൈല്‍ഡ് സേഫ്റ്റി ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട്. അലങ്കാരങ്ങളുടെ ആധിക്യമില്ലാത്തതാണ് ഡാഷ്ബോര്‍ഡും പരിസരപ്രദേശങ്ങളും. ടച്ച് സ്‌ക്രീനില്‍ ഏകദേശം എല്ലാ കാര്യങ്ങളും നടക്കും.

വാലറ്റം

വണ്ടിയില്‍ മുന്നിലെ സീറ്റിലേക്ക് കയറി ഇരിക്കാനായി വശങ്ങളില്‍ ഹോള്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ പെട്ടുപോയേനെ...

vehicle provided by; AMANA TOYOTA, calicut