നാല് നിരകളിലായി 11.3 കിലോമീറ്റര്‍ നീളത്തില്‍ ഒരു പാത. വെറും പാതയെന്ന് പറഞ്ഞാല്‍ പോരാ ഹൈ സ്പീഡ് ട്രാക്ക് എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഏഷ്യന്‍ വന്‍കരകളിലെ ഏറ്റവും വലുതും ലോകത്തിലെ അഞ്ചാമത്തെ വലുതുമായ സ്പീഡ് ട്രാക്കാണ് മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപമുള്ള പീതാംപൂരിലാണ് ഒരുങ്ങിയിരിക്കുന്നത്. ഹൈ സ്പീഡ് ട്രാക്ക്  ഘനവ്യവസായ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേകര്‍ ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ഒട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിന്റെ (നാട്രാക്‌സ്) ഭാഗമായാണ് ഈ പാത ഒരുക്കിയിട്ടുള്ളത്. എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും പരീക്ഷണയോട്ടങ്ങള്‍ക്ക് ഈ നാട്രാകാസ് പാത ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ട്രാക്ക്‌. 3000 ഏക്കറോളം സ്ഥലത്താണ്‌ നാട്രാക്‌സ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.

പുതുതായി നിര്‍മിക്കുന്ന വാഹനങ്ങളുടെ ഉയര്‍ന്ന വേഗത, നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത, ആക്‌സിലറേഷന്‍, എമിഷന്‍ പരീക്ഷണങ്ങള്‍, ഹൈ സ്പീഡ് ഹാന്‍ഡിലിങ്ങ്, ഹൈ സ്പീഡ് ഡ്യൂറബിലിറ്റി, വെഹിക്കിള്‍ ഡൈനാമിക്‌സ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി, സ്പീഡോമീറ്ററര്‍ കാലിബ്രേഷന്‍, നോയിസ് ആന്‍ഡ് വൈബ്രേഷന്‍ തുടങ്ങി പുതുതായി ഒരു വാഹനം നിരത്തുകളില്‍ എത്തുന്നതിന് മുമ്പുള്ള എല്ലാ പരീക്ഷണങ്ങളും ഇവിടെ സാധ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രദേശികമായി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് പുറമെ, വിദേശത്ത് നിന്നെത്തുന്ന വാഹനങ്ങളും ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഇതില്‍ ഒരുക്കുന്നുണ്ട്. 375 കിലോമീറ്റര്‍ പരമാവധി വേഗത ഈ ട്രാക്കില്‍ എടുക്കാന്‍ സാധിക്കുമെന്നാണ് വിവരം. റേസിങ്ങ് ഈവന്റുകള്‍ക്കും ഈ ട്രാക്ക് അനുവദിക്കും. ലംബോര്‍ഗിനി, ഫോക്‌സ്‌വാഗണ്‍, എഫ്.സി.എ., പ്യൂഷെ, റെനോ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഈ ട്രാക്ക് ഉപയോഗിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ഹൈ സ്പീഡ് ട്രാക്ക് ഇന്‍ഡോറില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വാഹന മേഖലയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയാണ് ഈ സ്പഡ് ട്രാക്ക് ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണിത്. ഇതിനുപുറമെ, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ഉദ്യമത്തിന്റെ പുതിയ സാക്ഷാത്കാരവുമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: High Speed Track For Vehicle Testing, NATRAX, Asia's Largest Speed Track