കേരളത്തില്‍ വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതലാണെന്ന് പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ 'ഏഥര്‍ എനര്‍ജി'യുടെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ സ്വപ്നില്‍ ജെയിന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഏഥറിന്റെ കേരളത്തിലെ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയതാണ് അദ്ദേഹം.

ഇന്ധനവില റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയിരിക്കുകയാണ്. പെട്രോളിലോടുന്ന സ്‌കൂട്ടറുകളെ അപേക്ഷിച്ച് പത്തിലൊന്ന് ചെലവേ ഉള്ളൂവെന്നതാണ് തങ്ങളുടെ ഇന്റലിജന്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രത്യേകത. ഇക്കണോമി മോഡിലാണെങ്കില്‍ ഫുള്‍ ചാര്‍ജില്‍ 80-85 കിലോമീറ്ററും സ്‌പോര്‍ട്സ് മോഡില്‍ 65 കിലോമീറ്ററും വരെ ഓടും. ഫുള്‍ ചാര്‍ജിന് മൂന്നു യൂണിറ്റ് വൈദ്യുതി മതിയാകുമെന്നും സ്വപ്നില്‍ വ്യക്തമാക്കി.

ഏഥര്‍ 450 പ്ലസ്, 450 എക്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിലവില്‍ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. 1.42 ലക്ഷം മുതല്‍ 1.61 ലക്ഷം രൂപ വരെയാണ് വില. ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള വാഹനം അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിലവിലുള്ള രണ്ട് മോഡലുകള്‍ക്കു തന്നെ ആവശ്യത്തിന് ഡിമാന്‍ഡ് ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബെംഗളൂരു കഴിഞ്ഞാല്‍ തങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് കേരളം. കൊച്ചിയില്‍ വൈറ്റില ബൈപ്പാസിലാണ് എക്‌സ്പീരിയന്‍ സെന്റര്‍ തുറന്നിരിക്കുന്നത്. ഏഥറിന്റെ ഇന്ത്യയിലെ ഏഴാമത്തെ സെന്ററാണ് ഇത്. പാലല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കൊച്ചി സെന്ററിന്റെ പ്രവര്‍ത്തനം. വൈകാതെ കോഴിക്കോട്ടും വിപണന കേന്ദ്രം ആരംഭിക്കും. ഇതിനു പുറമെ, ചാര്‍ജിങ് കേന്ദ്രങ്ങളുടെ ശൃംഖലയും ഒരുക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ഹൊസൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചതോടെ വിപണിയില്‍നിന്നുള്ള ഡിമാന്‍ഡിനനുസരിച്ച് വാഹനം എത്തിക്കാനാകുമെന്ന് സ്വപ്നില്‍ പറഞ്ഞു. പ്രതിവര്‍ഷം 1.10 ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

Content Highlights: High fuel prices favour electric vehicles; EV has great potential in Kerala