പുതിയ കാറിനു പോലും ഇല്ലാത്ത കാത്തിരിപ്പാണ് ഇപ്പോള്‍ ഇഷ്ടപ്പെട്ട സൈക്കിള്‍ വാങ്ങാന്‍. ഭാരം കുറഞ്ഞതും ഒന്നിലേറെ ഗിയറുകളുള്ളതുമായ വിദേശ സൈക്കിളുകളിലേക്ക് യാത്രക്കാരുടെ ഇഷ്ടം മാറിയതോടെയാണ് ക്ഷാമം കടുത്തത്. വിപണിയിലുണ്ടായിരുന്ന സൈക്കിളുകള്‍ കോവിഡ് കാലത്ത് വിറ്റഴിഞ്ഞതും ഇറക്കുമതി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. 

ഇത്തരം സൈക്കിളുകള്‍ക്കായി ബുക്ക് ചെയ്ത് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. രാജ്യത്തെ സൈക്കിള്‍ കമ്പനികള്‍ പൂര്‍ണ സൈക്കിള്‍ നിര്‍മാണത്തില്‍നിന്ന് പിന്മാറി വിദേശത്തു നിന്ന് ഭാഗങ്ങള്‍ എത്തിച്ച് യോജിപ്പിച്ച് നല്‍കുകയാണിപ്പോള്‍. ഇതിനിടെ ഇറക്കുമതി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിക്കുകയും ചെയ്തു. ഇത് സൈക്കിള്‍ മേഖലയ്ക്ക് തിരിച്ചടിയായി.

വിദേശ സൈക്കിളുകള്‍ക്ക് പ്രിയമേറിയതോടെ സ്വദേശി ഇനങ്ങളുടെ വിപണി ഇടിഞ്ഞു. ഇതോടെയാണ് സൈക്കിള്‍ ഇറക്കുമതിത്തീരുവ 55 ശതമാനമാക്കി കൂട്ടിയത്. സൈക്കിള്‍ ടയറുകളുടെ ഇറക്കുമതിയും കര്‍ശനമായി നിയന്ത്രിച്ചു. ഒരു വര്‍ഷമായി വിദേശത്തുനിന്ന് സൈക്കിള്‍ ടയറുകള്‍ എത്തുന്നില്ല. വിേദശ സൈക്കിളുകള്‍ക്ക് യോജിക്കുന്ന ടയറുകളാകട്ടെ ഇന്ത്യയില്‍ നിര്‍മിക്കുന്നുമില്ല.

ഓഫീസുകളടഞ്ഞ് യാത്രകള്‍ കുറഞ്ഞ കോവിഡ് കാലത്ത് വന്‍ വില്പനയാണ് സൈക്കിളിനുണ്ടായത്. കോവിഡിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 25 ശതമാനം വില്‍പ്പന വര്‍ധിച്ചതായി സൈക്കിള്‍ വ്യാപാരികള്‍ പറയുന്നു. രാജ്യത്ത് നിര്‍മിക്കുന്ന ഇരുന്പ് റിമ്മും ഫ്രെയിമുമുള്ള സൈക്കിളുകള്‍ വിപണിയിലുണ്ട്. 

എന്നാല്‍, ഇവയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. യാത്രാവാഹനം എന്ന നിലയില്‍ നിന്ന് കായിക വിനോദോപാധി എന്ന നിലയിലേക്ക് സൈക്കിളുകള്‍ മാറി. ജോലിസ്ഥലത്തേക്കുള്ള നാലോ അഞ്ചോ കിലോമീറ്റര്‍ യാത്ര എന്നതില്‍നിന്ന് 15 മുതല്‍ 25 കിലോമീറ്റര്‍ 'റൈഡ്' എന്ന നിലയിലേക്ക് സൈക്കിള്‍യാത്ര മാറുകയും ചെയ്തു.

Content Highlights: High Demand For Bicycle In Kerala; Waiting Period Up To One Year