ഹീറോയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് എക്‌സ്ട്രീം. അന്നും ഇന്നും എക്‌സ്ട്രീമിന് ആവശ്യക്കാരുണ്ട്. എക്‌സ്ട്രീമിന്റെ ഈ ജനപ്രീതി തിരിച്ചറിഞ്ഞ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിലെത്തിച്ച പുതിയ മോഡലാണ് എക്‌സ്ട്രീം 200 ആര്‍. വിപണി പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് പഴയ എക്‌സ്ട്രീമില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ സഹിതമാണ് 2018 എക്‌സ്ട്രീം 200 ആറിനെ ഹീറോ നിരത്തിലെത്തിച്ചത്. ഒറ്റനോട്ടത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പോന്ന രൂപഭംഗി എക്‌സ്ട്രീമിനുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. സ്‌പോര്‍ട്‌സ് റെഡ് നിറത്തിലുള്ള എക്‌സ്ട്രീം 200 ആറാണ് ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത്...

X treme 200R

രൂപം - 200 സിസി നിരയില്‍ എതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ സ്‌പോര്‍ട്ടി രൂപത്തിന് മുന്‍ഗണന നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ ഡിസൈന്‍. അപ്പാച്ചെയ്ക്ക് സമാനമായി മുന്നോട്ട് തള്ളി നില്‍ക്കുന്ന രൂപത്തിലാണ് ഫ്യുവല്‍ ടാങ്ക് ഡിസൈന്‍. സ്‌പോര്‍ട്ടി ഡ്യൂവല്‍ ടോണ്‍ ഗ്രാഫിക്‌സ് ഇതില്‍ നല്‍കി. ഹെഡ്‌ലൈറ്റ് അടങ്ങിയ ഫ്രണ്ട് കൗളിന് കുറച്ചുകൂടി വലുപ്പം ആകാമായിരുന്നു.

എല്‍ഇഡി ഹെഡ്‌ലാമ്പും ചെന്നായയുടെ കണ്ണിനോട് സാമ്യമുള്ള പൈലറ്റ് ലാമ്പും ടേണ്‍ ഇന്‍ഡികേറ്ററും എളുപ്പത്തില്‍ ശ്രദ്ധ പിടിച്ചുപറ്റും. സ്പ്ലിറ്റ് ഗ്രാബ് റെയില്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയുടെ പ്രൗഢിയില്‍ അഗ്രസീവ് ഡിസൈനാണ് പിന്‍ഭാഗത്ത്. എക്‌സ്‌ഹോസ്റ്റ് വേണ്ടത്ര സ്‌പോര്‍ട്ടി രൂപം കൈവരിച്ചോയെന്ന് സംശയമാണ്. വലിയ 17 ഇഞ്ച് ടയറുകള്‍ കരുത്തന്‍ പരിവേഷം നല്‍കും. പിന്നില്‍ വീതിയേറിയ 130 എംഎം ആണ് ടയര്‍. എന്തായാലും ഓവറോള്‍ രൂപത്തില്‍ ഈ നിരയില്‍ മികച്ച മത്സരം തീര്‍ക്കാന്‍ എക്‌സ്ട്രീം 200 ആറിന് സാധിക്കും. 

Xtreme 200 R

ഫീച്ചേഴ്‌സ് - മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം അധിക സുരക്ഷ നല്‍കാനുള്ള സിംഗിള്‍ ചാനല്‍ എബിഎസാണ് എക്‌സ്ട്രീമിലെ പ്രധാന സവിശേഷത. സുഖകരമായ യാത്ര പ്രദാനം ചെയ്യാന്‍ മുന്നില്‍ ടെലസ്‌കോപ്പിക്കും പിന്നില്‍ ഏഴ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

ഡിജിറ്റല്‍ അനലോഗാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ചന്തം ക്ലസ്റ്ററിനുണ്ട്. ഇന്‍ഡികേറ്റര്‍, സൈഡ് സ്റ്റാന്‍ഡ് അടക്കമുള്ള വാണിങ് ലൈറ്റുകള്‍ ക്ലസ്റ്ററിന് മുകളില്‍ വലതുഭാഗത്തായി തെളിയും. എന്‍ജിന്‍ കില്‍ സ്വിച്ചും വാഹനത്തിലുണ്ട്. ഇതിന് പുറമേ സെല്‍ഫ് സ്റ്റാര്‍ട്ട്, ഇന്‍ഡിക്കേറ്റര്‍ സ്വിച്ചുകളെല്ലാം നിലവാരം പുലര്‍ത്തുന്നതാണ്.

സ്‌പോര്‍ട്‌സ് റെഡിന് പുറമേ ഹെവി ഗ്രേ ഓറഞ്ച്, ബ്ലാക്ക് സ്‌പോര്‍ട്‌സ് റെഡ്, പാന്‍ത്തര്‍ ബ്ലാക്ക് ഫോഴ്‌സ് സില്‍വര്‍, ടെക്‌നോ ബ്ലൂ എന്നീ നാല് നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം. 

Xtreme 200 R

എന്‍ജിന്‍, പെര്‍ഫോമെന്‍സ് - ഹീറോയുടെ തന്നെ 150 സിസി എന്‍ജിനെ അടിസ്ഥാനപ്പെടുത്തി രൂപകല്‍പന ചെയ്തതാണ് ഇതിലെ 200 സിസി എന്‍ജിന്‍. 18.4 ബിഎച്ച്പി പവറും 17.1 എന്‍എം ടോര്‍ക്കുമേകുന്ന 199.6 സിസി എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് ടു വാള്‍വ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ്ട്രീമിലുള്ളത്.

റൈഡിങ്ങില്‍ മികച്ച പെര്‍ഫോമെന്‍സ് വാഹനം നല്‍കുന്നുണ്ട്. എങ്കിലും ഈ നിരയില്‍ മുഖ്യ എതിരാളികളായ അപ്പാച്ചെ, പള്‍സര്‍ മോഡലുകളുടെ പവര്‍ എക്‌സ്ട്രീമല്‍ ലഭിക്കുന്നില്ല. 180 സിസി നിരയിലുള്ള മോഡലുകളും എക്‌സ്ട്രീമിന് എതിരാളിയാണെന്ന് ചുരുക്കം. 795 എംഎം സീറ്റ് ഹൈറ്റില്‍ മികച്ച റൈഡിങ് പൊസിഷനാണ് ഇതിലുള്ളത്. ഹാന്‍ഡ്‌ലിങും ഗിയര്‍ ഷിഫ്റ്റും വളരെ സ്മൂത്താണ്. പെട്ടെന്ന് വേഗം ആര്‍ജിക്കാനും സാധിക്കുന്നു. വൈബ്രേഷന്‍ അനുഭവപ്പെടുന്നില്ല. ഏറെ ഭാരമുള്ള ബൈക്കല്ല എക്‌സ്ട്രീം, 148 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. അതിനാല്‍ വലിയ ആയാസമില്ലാതെ വാഹനത്തെ നിയന്ത്രിക്കാം.

X treme 200 R

X treme 200 Rസുരക്ഷ, അഴകളവുകള്‍ -  സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയാണ് എക്‌സ്ട്രീമിന്റെ ഹൈലൈറ്റ്. മുന്നില്‍ 276 എംഎം ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷാ ചുമതല വഹിക്കുക. മികച്ച പെര്‍ഫോമെന്‍സ് നല്‍കുന്നതാണ് ഈ ബ്രേക്കിങ് സിസ്റ്റം.

2062 എംഎം നീളവും 778 എംഎം വീതിയും 1072 എംഎം ഉയരവും വാഹനത്തിനുണ്ട്. 1338 എംഎം ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 എംഎം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 12.5 ലിറ്ററും. 40-45 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കും.

വില - നിലവില്‍ 200 സിസി നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് എക്‌സ്ട്രീം 200 ആര്‍. ഈ വിലക്കുറവ് വിപണിയില്‍ എക്‌സ്ട്രീമിന് അനുകൂലമാകാനാണ് സാധ്യത. 89,900 രൂപയാണ് വാഹനത്തിന്റെ കോഴിക്കോട് എക്‌സ്‌ഷോറൂം വില. 

എന്തായാലും ഈയൊരു വിലയില്‍ ഇത്രയേറെ ഫീച്ചേഴ്‌സും കണക്കിലെടുക്കുമ്പോള്‍ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു 200 സിസി ബൈക്കാണ് ഹീറോയുടെ എക്‌സ്ട്രീം 200 ആര്‍.

X treme 200 R

Content Highlights; Hero Xtreme 200 R Test Drive Features Specs Review