ക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഹീറോ മോട്ടോകോര്‍പ്പ് പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഡ്യുവറ്റ് 125 സ്‌കൂട്ടര്‍. 110 സിസി ഡ്യുവറ്റിന്റെ അതേ അടിസ്ഥാനത്തിലുള്ള 125 സിസി മോഡല്‍. എന്നാല്‍ ഹീറോയുടെ ആദ്യ 125 സിസി എന്‍ജിന്‍ സ്‌കൂട്ടറായ ഈ മോഡല്‍ വിപണിയിലെത്തിയത് ഡെസ്റ്റിനി 125 എന്ന പേരിലാണ്. അടുത്തിടെ മുന്‍നിര കമ്പനികളെല്ലാം ഈ സെഗ്മെന്റിലേക്ക് പുതിയ മോഡലുകള്‍ എത്തിച്ചതിന് പിന്നാലെയാണ് ഡെസ്റ്റിനിയിലൂടെ ഹീറോയും 125 സിസി നിരയിലേക്ക് വരവറിയിച്ചത്.

കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഐ3എസ് സംവിധാനം ഉള്‍പ്പെടുത്തുന്ന ആദ്യ സ്‌കൂട്ടര്‍ എന്ന പ്രത്യേകതയോടെയാണ് ഹീറോ കുടുംബത്തില്‍ നിന്ന് ഡെസ്റ്റിനി ഉപഭോക്താക്കളിലേക്കെത്തുന്നത്‌. ഏറെ ആവശ്യക്കാരുള്ള 125 സിസി സെഗ്‌മെന്റിലെ പുതിയ അതിഥിയായ ഡെസ്റ്റിനിയുടെ ടെസ്റ്റ് ഡ്രൈവിലേക്ക്...

രൂപം - പരമ്പരാഗത സ്‌കൂട്ടര്‍ അടിത്തറ അതുപോലെ പാലിച്ച ഒരു ഒതുങ്ങിയ സ്‌കൂട്ടറാണിത്. ഒറ്റനോട്ടത്തില്‍ 110 ഡ്യുവറ്റിന്റെ കരുത്തേറിയ വകഭേദമാണ് ഡെസ്റ്റിനിയെന്ന് പറയാം. വലിയ വേഷപ്പകര്‍ച്ചയൊന്നും രൂപത്തിലില്ല. ഹാലജന്‍ ഹെഡ്ലാമ്പ്, വലിയ ഇന്‍ഡികേറ്റര്‍, അതിന് താഴെയായി നല്‍കിയ വി രൂപത്തിലുള്ള ക്രോം ഫിനിഷിങ് പാനല്‍, ഐ3എസ് ബാഡ്ജിങ്, ബോഡി കളര്‍ മിറര്‍ എന്നിവയാണ് മുന്‍ഭാഗത്ത് എടുത്തുപറയാനുള്ളത്.

Destini 125

ചെറിയ ക്രോം ലൈന്‍സ് ഇരുവശങ്ങളിലും സ്ഥാനംപിടിച്ചു. ഡ്യുവറ്റിന് സമാനമായി പിന്നിലേക്ക് തള്ളിനില്‍ക്കുന്ന വിധമാണ് ടെയില്‍ലാമ്പ്. സില്‍വര്‍ ഗ്രാബ് റെയിലും പതിവ് രൂപത്തില്‍. ഫ്യുവല്‍ ഫില്ലിങും പുറത്താണ്. ഡെസ്റ്റിനിയുടെ ഓവറോള്‍ ഡിസൈന് ചേരുന്ന വിധമാണ് നീളത്തിലുള്ള എക്‌സ്‌ഹോസ്റ്റ്. രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന വീതിയേറിയ സീറ്റ്, ഒതുക്കമുള്ള ഹാന്‍ഡില്‍ ബാര്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ഡെസ്റ്റിനി. 

ഫീച്ചേഴ്‌സ് - അനാവശ്യമായ ഇന്ധന ഉപയോഗം തടഞ്ഞ് കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന i3S ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സംവിധാനമാണ് ഡെസ്റ്റിനിയില്‍ കമ്പനി നല്‍കുന്ന പ്രധാന ഫീച്ചര്‍. ട്രാഫിക്കിലും മറ്റും 5 സെക്കന്‍ഡില്‍ കൂടുതല്‍ വാഹനം ഓണായിരിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ഓഫാകുകയും പിന്നീട് ബ്രേക്കും ആക്‌സലറേറ്ററും നല്‍കുമ്പോള്‍ ഓണാകുകയും ചെയ്യുന്ന സംവിധാനമാണ്‌ ഐ3എസ്. ഇതുവഴി ഇന്ധനം പാഴാകുന്നത് തടഞ്ഞ് 10 ശതമാനത്തോളം അധിക ഇന്ധനക്ഷമത സ്‌കൂട്ടര്‍ നല്‍കുമെന്നാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഹീറോ ബൈക്കുകളില്‍ നല്‍കിയിരുന്ന അതേ ഐ3എസ് സംവിധാനമാണ് ഇതിലും നല്‍കിയത്. ഐ3എസ് ഉള്‍പ്പെടുത്തുന്ന ഹീറോയുടെ ആദ്യ സ്‌കൂട്ടര്‍ കൂടിയാണ് ഡെസ്റ്റിനി. ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറും ഇതുതന്നെ. 

Destini 125

അനലോഗ്-ഡിജിറ്റലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. സ്പീഡോമീറ്റര്‍ ഒഴികെ ബാക്കിയെല്ലാം ചെറിയ ഡിജിറ്റല്‍ എല്‍സിഡിയില്‍ കാണാം. ഐ3എസ്, സൈഡ് സ്റ്റാന്‍ഡ് വാര്‍ണിങ് ലൈറ്റുകളും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ദൃശ്യമാകും. ഡ്യുവറ്റിന് സമാനമാണ് ഹാന്‍ഡില്‍ ബാര്‍. മള്‍ട്ടി ഫങ്ഷന്‍ ഇഗ്നീഷ്യന്‍ വഴി സീറ്റും ഫ്യുവല്‍ ടാങ്കും തുറക്കാം. പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഫ്യുവല്‍ ടാങ്ക് പൂട്ടാന്‍ മറന്നാല്‍ തുടര്‍ച്ചയായ അലാറവും വാഹനം സ്വയം മുഴക്കും. അതുകൊണ്ട് ടാങ്ക് പൂട്ടാതെ യാത്ര തുടരാന്‍ സാധിക്കില്ലെന്ന് ചുരുക്കം.

സാധനങ്ങളും മറ്റും സൂക്ഷിക്കാന്‍ രണ്ട് ഹുക്ക് പോയന്റ് മുന്‍ഭാഗത്തുണ്ട്. സീറ്റിനടിയില്‍ 18 ലിറ്ററാണ് സ്‌റ്റോറേജ് സ്‌പേസ്. എന്നാല്‍ ഹാഫ് ഫേസ് ഹെല്‍മറ്റ് മാത്രമേ ഇതില്‍ സൂക്ഷിക്കാന്‍ സാധിക്കു. രാത്രി സമയത്ത് വെളിച്ചമില്ലാതെ ബുദ്ധിമുട്ടിയാല്‍ സഹായത്തിനായി ബൂട്ട് ലൈറ്റ് ഓപ്ഷനും ഇതിലുണ്ട്. യുഎസ്ബി മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും സീറ്റിനടിയിലാണ്.   

Duet 125

വിഎക്‌സ്, എല്‍എക്‌സ് എന്നീ രണ്ട് വകഭേദങ്ങളുണ്ട് ഡെസ്റ്റിനിക്ക്. കാസ്റ്റ് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ ടോണ്‍ സീറ്റ് എന്നിവ വിഎക്‌സില്‍ മാത്രമേ ലഭിക്കു. എല്‍എക്‌സ് പതിപ്പില്‍ സ്റ്റീല്‍ വീലാണ്. അതേസമയം സുരക്ഷയ്ക്കായി ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി പോലും ലഭിക്കില്ല. ഇന്റഗ്രേറ്റഡ് ബ്രേക്കിങ്ങില്‍ ഡ്രം ബ്രേക്ക് ഓപ്ഷന്‍ മാത്രമേ ഡെസ്റ്റിനിക്കുള്ളു. 

പെര്‍ഫോമെന്‍സ് - 125 സിസി എന്‍ജിനില്‍ ഹീറോയുടെ ആദ്യ സ്‌കൂട്ടര്‍ എന്ന നിലയില്‍ സാമാന്യം മികച്ച പെര്‍ഫോമെന്‍സ് ഡെസ്റ്റിനി നല്‍കുന്നുണ്ട്. 124.6 സിസി എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് കരുത്തേകുന്നത്. 6750 ആര്‍പിഎമ്മില്‍ 8.70 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗം. 45-50 കിലോമീറ്റര്‍ മൈലേജും ലഭിക്കും.

ഫാമിലി സ്‌കൂട്ടര്‍ ഗ്രൂപ്പില്‍പ്പെടുന്നതിനാല്‍ ചെറിയ വേഗതയില്‍ മടുപ്പിക്കാത്ത പ്രകടനം ഡെസ്റ്റിന് നല്‍കുന്നുണ്ട്. ഹാന്‍ഡ്‌ലിങും വളരെ എളുപ്പമാണ്. വേഗതയേറുമ്പോള്‍ ചെറിയ വൈബ്രേഷന്‍ അനുഭവപ്പെടുന്നത് ഒഴിച്ചാല്‍ മികച്ചൊരു ഫാമിലി സ്‌കൂട്ടറായി ഡെസ്റ്റിനിയെ പരിഗണിക്കാം. മുന്നിലും പിന്നിലും പത്ത് ഇഞ്ചാണ് ടയര്‍. മുന്നിലെ ടെലസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നിലെ സിംഗിള്‍ കോയില്‍ സ്പ്രിങ് ഹൈഡ്രോളിക് സസ്‌പെന്‍ഷനും വഴി ഭേദപ്പെട്ട ഡ്രൈവിങ് അനുഭവം ലഭിക്കും. 

Destini 125

അഴകളവുകള്‍ - ഡ്യുവറ്റിനെക്കാള്‍ 21 എംഎം നീളം ഡെസ്റ്റിനിക്ക് കുറവാണ്, അതേസമയം വീതിയും ഉയരവും അല്‍പം കൂടും. യഥാക്രമം 1809 എംഎം, 729 എംഎം, 1154 എംഎം എന്നിങ്ങനെയാണ് ഡെസ്റ്റിനിയുടെ നീളവും വീതിയും ഉയരവും. വീല്‍ബേസ് 1245 എംഎം. ഗ്രൗണ്ട് ക്ലിയറന്‍സ് 155 എംഎം. 111.5 കിലോഗ്രാം ഭാരവും വാഹനത്തിനുണ്ട്. 770 എംഎം ആണ് സീറ്റ്. സാമാന്യം ഭേദപ്പെട്ട ലെഗ് സ്‌പേസും ഡെസ്റ്റിയില്‍ ലഭിക്കുന്നുണ്ട്. നോബിള്‍ റെഡ്, ബ്ലാക്ക്, ബ്രോണ്‍സ്, പേള്‍ സില്‍വര്‍ വൈറ്റ് എന്നീ നാല് നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.

വില - വലിയ മത്സരം നടക്കുന്ന 125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ഹോണ്ട ആക്ടീവ 125, ഹോണ്ട ഗ്രാസ്യ, സുസുക്കി ആക്‌സസ് 125 എന്നീ മോഡലുകളാണ് ഡെസ്റ്റിനിയുടെ പ്രധാന എതിരാളികള്‍. ഇവരെക്കാള്‍ അല്‍പം കുറഞ്ഞ വിലയാണ് ഡെസ്റ്റിനിക്കുള്ളത്. ഡെസ്റ്റിനി എല്‍എക്‌സിന് 58,250 രൂപയും വിഎക്‌സിന് 61,700 രൂപയുമാണ് കോഴിക്കോട് എക്‌സ്‌ഷോറൂം വില. ഐ3എസ് സംവിധാനത്തിനൊപ്പം ഡെസ്റ്റിനിക്ക് വിപണിയില്‍ അല്‍പം മുന്‍തൂക്കം നല്‍കാനും ഈ വില സഹായിക്കും. 

Content Highlglights; Hero Destini 125 Test Drive Features Review Spec Price