പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന പുതിയ ചട്ടം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനംചെയ്തു. ഇതുപ്രകാരം ഒമ്പതുമാസം മുതല്‍ നാലുവരെ വയസ്സുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റിനുപുറമേ വണ്ടി ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്ന സുരക്ഷാബെല്‍റ്റും നിര്‍ബന്ധമാണ്.
നാലു വയസ്സില്‍ താഴെയുള്ള കുട്ടികളുമായിപ്പോകുന്ന മോട്ടോര്‍ സൈക്കിളിന്റെ പരമാവധി വേഗം 40 കിലോമീറ്ററായിരിക്കണമെന്നും ചട്ടം നിഷ്‌കര്‍ഷിക്കുന്നു. അതേസമയം, ഒരുവര്‍ഷത്തിനുശേഷമേ ചട്ടം നടപ്പാക്കൂവെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാലുവയസ്സിന് മുകളിലുള്ളവര്‍ക്ക് നേരത്തേതന്നെ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, സുരക്ഷാബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് ആദ്യമാണ്. കുട്ടികളുടെ ഹെല്‍മെറ്റും സുരക്ഷാബെല്‍റ്റും (സേഫ്റ്റി ഹാര്‍നെസ്) എങ്ങനെയുള്ളതായിരിക്കണമെന്നും കരടുചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.
കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്.) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെല്‍മെറ്റ്, അല്ലെങ്കില്‍ സൈക്കിള്‍ ഹെല്‍മെറ്റാണ് ധരിക്കേണ്ടത്.
കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ട് സ്ട്രാപ്പുകളാല്‍ ബന്ധിപ്പിക്കുന്ന സുരക്ഷാബെല്‍റ്റാണ് ഉപയോഗിക്കേണ്ടത്. മുറുക്കംകൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതായിരിക്കണം. കനം കുറഞ്ഞതും ഈടുനില്‍ക്കുന്നതും വെള്ളം കയറാത്തതുമായ സേഫ്റ്റി ഹാര്‍നെസിന് 30 കിലോഗ്രാംവരെ വഹിക്കാന്‍ സാധിക്കണം.
Content Highlights: Helmet and safety belt for children, Central government, Road safety, Two wheeler ride
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..