ഗുരുവായൂര്‍ നഗരപിതാവായെങ്കിലും സ്‌കൂട്ടറിലുള്ള യാത്ര ഒഴിവാക്കാന്‍ കൃഷ്ണദാസ് തയ്യാറല്ല. 25 വര്‍ഷമായി കൂടപ്പിറപ്പുപോലെ കരുതുന്ന സ്‌കൂട്ടര്‍ തന്റെ 'ചങ്ക്' വാഹനമാണെന്ന് അദ്ദേഹം പറയുന്നു.
ചെയര്‍മാനായപ്പോഴും പതിവുകളൊന്നും മുടക്കുന്നില്ല. 

രാവിലെ ഏഴിന് സ്‌കൂട്ടറില്‍ വീട്ടില്‍നിന്നിറങ്ങും. മഞ്ജുളാലിനടുത്തുള്ള സി.ഐ.ടി.യു. ഓഫീസിന്റെ മുന്നിലെ സിമന്റുതറയിലിരുന്ന് പത്രവായന. രാവിലത്തെ ചായയും അവിടെയിരുന്നുതന്നെ. ചെയര്‍മാനായശേഷം സ്‌കൂട്ടര്‍ യാത്ര ഒഴിവാക്കിക്കൂടേയെന്ന് ചോദിക്കുന്നവരുമുണ്ട്. 

പക്ഷേ, ആളുകളോട് വിശേഷങ്ങള്‍ പറയാനും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനുമൊക്കെ സൗകര്യം ഇതാണെന്നാണ് കൃഷ്ണദാസിന്റെ മറുപടി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമാത്രമേ നഗരസഭയുടെ വാഹനം ഉപയോഗിക്കൂ.

1994-ല്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിയായിരുന്നപ്പോഴാണ് 20,000 രൂപ ബാങ്ക് വായ്പയെടുത്ത് സ്‌കൂട്ടര്‍ വാങ്ങിയത്. അതുവരെ സൈക്കിളിലായിരുന്നു യാത്ര. രജതജൂബിലി പിന്നിട്ടെങ്കിലും സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ കൃഷ്ണദാസ് തയ്യാറല്ല. ഇത് തന്റെ 'ചിഹ്നം' ആണ് -ചെയര്‍മാന്‍ പറയുന്നു.

Content Highlights: Guruvayoor Municipality Chairman's Bajaj Chetak Scooter