വീട്ടിലും വഴിയിലും ഓഫീസിലുമെത്തി വണ്ടി നന്നാക്കാനുള്ള വര്‍ക്ക്‌ഷോപ്പുമായി മുന്‍ പ്രവാസികള്‍. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതോടെയാണ് രാഹുല്‍ നടരാജനും സുഹൃത്തുക്കളും ചേര്‍ന്ന് അറിയാവുന്ന പണിക്ക് ഇറങ്ങിത്തിരിച്ചത്. വണ്ടിക്ക് വേണ്ട എല്ലാ സേവനങ്ങളും ഇവരുടെ '360 ഓട്ടോസ്' എന്ന വര്‍ക്ക്‌ഷോപ്പിലുണ്ട്.
ഇരുചക്ര - നാലുചക്ര വാഹനങ്ങളുടെ അറ്റകുറ്റപ്പണിയാണ് ഈ സഞ്ചരിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ ലഭിക്കുന്നത്. വണ്ടി വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി കഴിഞ്ഞാലുള്ള ടെന്‍ഷന്‍ ഇല്ലാതെ കണ്‍മുന്നില്‍ വണ്ടിയുടെ അഴിച്ചുപണി മനസ്സിലാക്കിയെടുക്കാനും 360-യില്‍ കഴിയും.
മെക്കാനിക്കല്‍ എന്‍ജിനീയറായ രാഹുല്‍ നടരാജനും ദുബായിയിലെ പഴയ സഹപ്രവര്‍ത്തകനായ വിഷ്ണുദാസുമാണ് വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സഞ്ചരിക്കുന്ന വര്‍ക്ക്‌ഷോപ്പ് രൂപകല്പന ചെയ്തതും രാഹുലാണ്. തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട നിവാസിയാണ് രാഹുല്‍, വിഷ്ണു അടൂര്‍ സ്വദേശിയും.
ഗള്‍ഫ് നാടുകളില്‍നിന്ന് തിരിച്ചെത്തിയവരായ രഞ്ജിത്ത്, ഷഹീന്‍, രാജേഷ് എന്നിവരും ഈ സംരംഭത്തിന് സഹായവുമായി രംഗത്തുണ്ട്. സാധാരണയൊരു ഗാരേജില്‍ ചെയ്യാന്‍ പറ്റുന്നതായ വാട്ടര്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 360-യുടെ വര്‍ക്ക്‌ഷോപ്പിലുമുണ്ട്.
'വര്‍ക്ക്‌ഷോപ്പ് സെറ്റ് ചെയ്യണമെന്നായിരുന്നു പ്ലാന്‍, പക്ഷേ കോവിഡ് കാരണം ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവര്‍ക്കരികിലേക്ക് എത്തുന്നതിനെപ്പറ്റി ചിന്തിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോഴുള്ള സൈറ്റ് സര്‍വീസും ഇവിടെ ഉപകരിച്ചിട്ടുണ്ട്. നിലവില്‍ കാറും ബൈക്കുമാണ് ചെയ്യുന്നത്, മെല്ലെ ഭാരവാഹനങ്ങളുടെ പണികളും ആരംഭിക്കും.' രാഹുല്‍ പറയുന്നു.
എറണാകുളത്തിനു പുറമെ മറ്റ് ജില്ലകളില്‍നിന്നും വിളികളെത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് മിനി യൂണിറ്റും തുടര്‍ന്ന് മറ്റ് ജില്ലകളില്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങാനുമാണ് രാഹുലിന്റെയും കൂട്ടുകാരുടെയും തീരുമാനം.
Content Highlights: Gulf Returns Starts Mobile Workshop For Two Wheeler And Four Wheeler