പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം (എത്തനോള്‍) ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം മൂന്നരപ്പതിറ്റാണ്ടുമുന്‍പുതന്നെ കേരളത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെങ്കിലും സാധ്യതാപഠനം മുന്നോട്ടുപോയില്ല. 1983-ല്‍ തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണകേന്ദ്രത്തിലെ (സി.ടി.സി.ആര്‍.ഐ.) ശാസ്ത്രജ്ഞരാണ് മരച്ചീനിയില്‍നിന്ന് ആല്‍ക്കഹോള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പാറ്റന്റ് നേടിയത്.
അടുത്തിടെ, പ്രത്യേകതരം എന്‍സൈം ഉപയോഗിച്ച് കൂടുതല്‍ അളവില്‍ എത്തനോള്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പദ്ധതി സാമ്പത്തികമായി വിജയിക്കുമോ എന്നത് സംബന്ധിച്ച് ഒരു പഠനവും നടത്തിയില്ല.
പുതിയ സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തില്‍ മരച്ചീനിയില്‍നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുകയും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യാമെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പരാമര്‍ശമാണ് ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിയൊരുക്കിയത്.
2030-ഓടെ, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 20 ശതമാനം ജൈവ ഇന്ധനമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ അഞ്ചുശതമാനം ഉപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ പ്രസരണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യയില്‍ സ്പിരിറ്റ് നിര്‍മാണത്തിന് മരച്ചീനി ഇതുവരെ ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെങ്കിലും ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇതിനായി മരച്ചീനി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.
മരച്ചീനി ഉപയോഗിച്ച് എത്തനോള്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുടെ പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുകയും പഠനത്തിലൂടെ സാമ്പത്തിക സാധ്യതകള്‍ പരിശോധിക്കുകയും വേണമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സജീവ് പറഞ്ഞു. ഇന്ത്യയില്‍ സ്പിരിറ്റ് നിര്‍മാണത്തിന് പഞ്ചസാരയുടെ ഉപോത്പന്നമായ മൊളാസസ് ആണ് ഉപയോഗിക്കുന്നത്. മദ്യം നിര്‍മിക്കാന്‍ മാത്രമല്ല, ആശുപത്രികളിലും വ്യവസായത്തിനും വന്‍തോതില്‍ സ്പിരിറ്റ് വേണം-ഡോ. സജീവ് പറഞ്ഞു. നാലുകിലോ മരച്ചീനിയില്‍നിന്ന് ഒരുകിലോ സ്റ്റാര്‍ച്ചുണ്ടാക്കാം. ഒരുകിലോ സ്റ്റാര്‍ച്ചില്‍നിന്ന് 600 മില്ലിലിറ്റര്‍ ആല്‍ക്കഹോളും.
ഇന്ത്യയില്‍ കൂടുതല്‍ മരച്ചീനി ഉത്പാദിപ്പിക്കുന്നതും സംസ്‌കരിക്കുന്നതും തമിഴ്‌നാട്ടിലാണ്. കേരളത്തില്‍ ഭക്ഷ്യാവശ്യത്തിനാണ് മരച്ചീനി ഉത്പാദിപ്പിക്കുന്നതെങ്കില്‍ തമിഴ്‌നാട്ടില്‍ വ്യാവസായികാവശ്യത്തിനാണ്. നൂഡില്‍സ് പോലെയുള്ള വിവിധ ഭക്ഷണസാധനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റാര്‍ച്ച്, പശ, കാലിത്തീറ്റ എന്നിവയാണ് തമിഴ്‌നാട്ടില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ ഉത്പാദനക്ഷമതയും കൂടുതലാണ്. കേരളത്തില്‍ ഒരു ഹെക്ടറില്‍നിന്ന് ശരാശരി 35 ടണ്‍ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 40-45 ടണ്‍ ലഭിക്കുന്നു.
കൂടുതല്‍ പഠനം നടത്തും-ധനമന്ത്രി
മരച്ചീനിയില്‍നിന്ന് സ്പിരിറ്റ് ആദായകരമായി ഉത്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.കൃഷിയെ കൂടുതല്‍ ലാഭകരമാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മരച്ചീനികൊണ്ട് സ്റ്റാര്‍ച്ച്, സ്പിരിറ്റ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുണ്ടാക്കാം. സ്പിരിറ്റ് മദ്യം ഉണ്ടാക്കാന്‍ മാത്രമല്ല, മറ്റ് വ്യാവസായരംഗത്തും ആരോഗ്യരംഗത്തും ആവശ്യമാണ്. ഇക്കാര്യമാണ് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
Content Highlights: Government Plans To Make Bio Fuel From Tapioca, Tapioca Alcohol


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..