കാസർകോട് സിവിൽസ്റ്റേഷനുമുന്നിൽനിന്ന് പുറപ്പെടുന്ന ടൂറിസ്റ്റ് ബസ്സിനുമുന്നിൽ ജീവനക്കാർ.
ടൂറിസ്റ്റ് ബസ്സുകള്‍ വിനോദത്തിനുവേണ്ടി മാത്രമല്ല, സുരക്ഷിതത്വത്തിനുംകൂടി ഉപയോഗപ്പെടുത്താമെന്ന് കാട്ടിത്തന്നിരിക്കുകയാണ് ഒരുകൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍. കോവിഡ് ഭീതിയില്‍ നാട് നടുങ്ങുമ്പോഴും കാസര്‍കോട്ടെ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് പേടിയില്ലാതെ പോയിവരാന്‍ ടൂറിസ്റ്റ് ബസ്സാണ് ആശ്രയം. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മയാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണം 'യാത്ര' വാട്‌സാപ്പ് ഗ്രൂപ്പ് വഴി
ജീവനക്കാരുടെ ദിവസയാത്ര നിയന്ത്രിക്കുന്നത് 'യാത്ര' എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ്. യാത്രക്കാരും ബസ് ജീവനക്കാരും ഉള്‍പ്പെടുന്ന ഗ്രൂപ്പിലൂടെയാണ് ബസ്സിന്റെ സമയവും എവിടെയെത്തിയെന്നും ദിനംപ്രതി ആരൊക്കെ യാത്രയ്ക്കുണ്ടാവുമെന്നൊക്കെ ചര്‍ച്ചചെയ്യുന്നത്.
രാവിലെ 8.15ഓടെ പയ്യന്നൂരില്‍നിന്ന് പുറപ്പെടുന്ന ബസ് ചെറുവത്തൂര്‍, കാലിക്കടവ്, കാഞ്ഞങ്ങാട് എന്നീ ഭാഗങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരെമാത്രം കയറ്റി 10 മണിയോടെ കാസര്‍കോട്ടെത്തും. വൈകിട്ട് അഞ്ചിന് തിരിച്ച് പയ്യന്നൂരിലേക്കും.
സുരക്ഷിതത്വം പ്രധാനം
സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് സ്‌പെഷ്യല്‍ ബസ് ഏര്‍പ്പെടുത്തിയത്. പലസ്ഥലങ്ങളില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതിനുപകരം നാല് സ്ഥലങ്ങളില്‍വെച്ചാണ് ആളുകളെ കയറ്റുന്നത്. 6,000 രൂപയാണ് ദിവസവാടക. പയ്യന്നൂരില്‍നിന്ന് 150 രൂപയും കാലിക്കടവില്‍നിന്ന് 130ഉം ചെറുവത്തൂരില്‍നിന്ന് 120 രൂപയുമാണ് ഒരുദിവസത്തേക്ക് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്.
സിവില്‍ സ്റ്റേഷന്‍, താലൂക്ക് ഓഫീസ്, പി.എസ്.സി. ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 50 പേരാണ് യാത്രചെയ്യുന്നത്. യാത്രതുടങ്ങുംമുമ്പ് യാത്രക്കാരുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധിയാക്കും. യാത്രയ്ക്കുശേഷം സീറ്റും പിടികളും അണുവിമുക്തമാക്കും.
ലോക്ഡൗണിന്റെ ആദ്യഘട്ടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. ആയിരുന്നു കളക്ടറേറ്റിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് പൊതുഗതാഗതം ആരംഭിച്ചപ്പോള്‍ ഇത് നിലച്ചു. അതിനുശേഷമാണ് ജീവനക്കാര്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യത്തിനായി ടൂറിസ്റ്റ് ബസ് ഏര്‍പ്പെടുത്തിയത്.
സുരക്ഷിതയാത്രയ്ക്കായി പണം ചെലവഴിക്കാന്‍ യാത്രക്കാര്‍ തയ്യാറാണെന്നും ബസ് ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ക്ക് സമാധാനത്തോടെ പോയിവരാന്‍ കഴിയുന്നുണ്ടെന്നും ബസ് യാത്രയുടെ ചുമതല വഹിക്കുന്ന കളക്ടറേറ്റിലെ ജീവനക്കാരനും എന്‍.ജി.ഒ. യൂണിയന്‍ വിദ്യനാഗര്‍ ഏരിയ സെക്രട്ടറിയുമായ വി.ഉണ്ണികൃഷ്ണന്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരായ പ്രദീപന്‍, ധനേഷ്, വേണുഗോപാലന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ബസ്സിനുള്ളില്‍ ടി.വി. കണ്ടും പാട്ടുകേട്ടുമാണ് ജീവനക്കാരുടെ യാത്ര.
Content Highlights: Government Employees Use Tourist Bus For Their Daily Journey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..